Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയം, വാർത്താ വിനിമയ മന്ത്രാലയം, ജമ്മു കശ്​മീർ ചീഫ്​ സെക്രട്ടറി തുടങ്ങിയവരുള്‍പ്പെടുന്ന ഉന്നതതല സമിതിയെ രൂപീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.  4ജി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമിതി പരിഗണിക്കണമെന്ന് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

നിലവിൽ ലഭിക്കുന്ന 2ജി ഇൻറർനെറ്റ് സേവനം ലോക്​ഡൗൺ സമയത്ത്​ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പര്യാപ്​തമല്ലെന്ന്​ ചൂണ്ടികാട്ടിയാണ് കോടതിയില്‍ ഹര്‍ജി. ഫ്രീഡം ഫോർ മീഡിയ പ്രെഫഷനൽസ്​ , പ്രൈവറ്റ്​ സ്​കൂൾ അസോസിയേഷൻ ജമ്മുകശ്​മീർ എന്നിവരാണ്​ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തെ, മോശം ഇൻറർനെറ്റ്​ ബന്ധം മൂലം ഡോക്​ടർമാർക്ക്​ കൊവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന്​ ഹര്‍ജിക്കാർക്ക്​ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്​മദി കോടതിയില്‍ വാദിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam