Sun. Jan 19th, 2025
തിരുവനന്തപുരം:

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനത്ത് കുടുങ്ങിയ സ്വന്തമായി വാഹനമില്ലാത്തവർ കേരളത്തിലേക്ക് കടക്കാന്‍ പാസിന് അപേക്ഷിക്കാൻ കഴിയാതെ ബുദ്ധിമുടുന്നുവെന്ന് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

കേരള സർക്കാരിന്‍റെ പക്കൽ ഇതര സംസ്ഥാനത്ത് കുടുങ്ങിയവരുടെ വിവരങ്ങള്‍ ഇല്ല. എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ല. പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

അവരുടെ സാഹചര്യം പ്രയാസകരമാണ്. സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ, പ്രായമായർ അങ്ങിനെ ധാരാളം പേർ കുടുങ്ങി കിടപ്പുണ്ട്. കോടതി ഇടപെട്ടതുകൊണ്ടാണ് ഇന്നലെ അൽപ്പം ആശ്വാസമുണ്ടായത്. പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാസില്ലാതെ വരുന്നവരെ 14 ദിവസം നിർബന്ധിത ക്വാറന്‍റൈനില്‍ പോകണമെന്ന് മാത്രമേ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നുള്ളൂ. എന്നാൽ സർക്കാർ പിന്നീട് നിലപാട് മാറ്റി, ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയിട്ടില്ല എത്ര സംസ്ഥാനത്ത് എത്ര മലയാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന കണക്ക് ഉണ്ടായിരുന്നെങ്കിൽ ഇവരെ തിരിച്ചെത്തിക്കാൻ നല്ല പദ്ധതി തയ്യാറാക്കാമായിരുന്നു. ഇനിയെങ്കിലും സർക്കാർ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തേക്ക് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരണം. അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഒരു ചെലവും ചുരുക്കിയിട്ടില്ലെന്നും, സർക്കാരിന്റെ ധൂർത്ത് അതേപോലെ മുന്നോട്ട് പോകുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എയർ ആംബുലൻസ് എന്ന യുഡിഎഫ് സർക്കാരിന്റെ പദ്ധതി തുടരേണ്ടെന്ന് ഈ സർക്കാർ തീരുമാനിച്ചതാണ്. ഒരു ലക്ഷം രൂപയ്ക്ക് നേവി ഹെലികോപ്റ്ററിൽ അവയവങ്ങൾ കൊണ്ടുപോകാനാവും. അതിന് കോടികൾ മുടക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.