Mon. Dec 23rd, 2024
പാലക്കാട്:

കേരളത്തിന്റെ പാസ് ഇല്ലാതെ  വരുന്നവരെ സംസ്ഥാന അതിർത്തി കടത്തിവിടില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും ഇന്നും വാളയാർ ചെക്ക് പോസ്റ്റിൽ പാസില്ലാതെ എത്തിയത് പത്ത് പേർ. ചെന്നൈയിൽ നിന്ന് പാസുള്ള സംഘത്തോടൊപ്പം എത്തിയവരാണിവർ. എന്നാൽ, ഇന്ന് മുതൽ കൃത്യമായ തീയ്യതിയും സമയവും ഉൾപ്പെട്ട സർക്കാരിന്‍റെ യാത്ര പാസില്ലാത്തവരെ യാതൊരു കാരണവശാലും കടത്തിവിടരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവുള്ളതിനാൽ ഇവരെ അതിർത്തിയ്ക്ക് അപ്പുറം തന്നെ നിർത്തിയിരിക്കുകയാണ്.

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിലും ഇന്ന് പാസില്ലാതെ എത്തിയ രണ്ട് പേരെ അധികൃതർ തിരിച്ചയച്ചു. അതേസമയം, ഇന്നലെ വാളയാര്‍ അതിര്‍ത്തിയിൽ പാസില്ലാതെ എത്തി കുടുങ്ങിയ ഇരുന്നോറോളം പേർക്ക് പാസ് നൽകിയിരുന്നു. എന്നാൽ, ഇനി മുതൽ ചെക്ക് പോസ്റ്റിലെത്തിയ ശേഷം പാസ് അനുവദിക്കുന്ന രീതിയുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയതെന്നുവരിൽ വൈദ്യപരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർ ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന് സർക്കാർ അറിയിച്ചു.