Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ലോക്ക് ഡൗണിനെ തുർന്ന് രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർ​ഗം തിരികെയെത്തിക്കുന്ന പദ്ധതിയ്ക്ക് പശ്ചിമബം​ഗാളിൽ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതു ചൂണ്ടിക്കാട്ടി അമിത് ഷാ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് കത്തയച്ചു. ബം​ഗാളിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ശ്രാമിക് ട്രെയിൻ അനുവദിക്കാത്തത് അനീതിയാണെന്ന് അമിത് ഷാ മമതയോട് പറഞ്ഞു.

“കേന്ദ്രത്തിന് ആവശ്യമായ പിന്തുണ പശ്ചിമ ബം​ഗാൾ സർക്കാരിൽ നിന്നും ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ബം​ഗാളിലേക്ക് ട്രെയിനുകൾ കടക്കാൻ അനുവദിക്കാത്തത് പശ്ചിമ ബം​ഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളോടുള്ള അനീതിയാണ്. ഇത് അവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയേ ഉളളൂ”. അമിത് ഷാ കൂട്ടിച്ചേർത്തു.

കൊവിഡ് രോ​ഗവ്യാപനത്തിന്റെ വിഷയത്തിൽ നിരവധി തവണ കേന്ദ്ര സർക്കാരും പശ്ചിമ ബം​ഗാളും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര സർക്കാർ തന്നെ പശ്ചിമ ബം​ഗാളിനെഴുതിയ കത്തിൽ കൃത്യമായി ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ഉയർന്ന മരണനിരക്ക് സംഭവിക്കുന്നതിലും അതൃപ്തി അറിയിച്ചിരുന്നു.

ബം​ഗാളിൽ നിലവിൽ 1678 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 160 പേർ മരണപ്പെട്ടു. എന്നാൽ കേന്ദ്രത്തിന്റേത് കേവലം രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്ന് തൃണമൂൽ കോൺ​ഗ്രസ് പ്രതികരിച്ചു.