Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

ഡൽഹിയിൽ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിൽ ഏറ്റക്കുറച്ചിൽ. ആശുപത്രികളിൽ നിന്നുള്ള വിവരവും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക് നായക് ആശുപത്രി, രാം മനോർ ലോഹ്യ ആശുപത്രി, എൽ.എച്ച് മെഡിക്കൽ കോളേജ്, എയിംസ് ഡൽഹി, ജാജ്ജാർ സെന്ററുകളിൽനിന്നും റിപ്പോർട്ട് ചെയ്ത കോവിഡ് ബാധ മൂലമുള്ള കണക്കുകൾ 116 ആണ്. ഈ കണക്കുകൾ ആശുപത്രികൾ സ്ഥിരീകരിച്ചു. എന്നാൽ വ്യാഴാഴ്ച രാത്രി വരെ ഡൽഹി സർക്കാർ കണക്കുകൾ പറയയുന്നത് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 66 എന്നാണ്. ഈ ആശുപത്രികളിൽ നിന്നായി 33 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ കണക്ക് വ്യക്തമാക്കുന്നു.

അതേസമയം, സർക്കാർ നേതൃത്വത്തിലുള്ള ഓഡിറ്റ് കമ്മിറ്റി കോവിഡ് സെന്ററുകളായ ആശുപത്രികളിൽനിന്നു കണക്കുകൾ ശേഖരിക്കുന്നുണ്ടെന്നും മരണങ്ങൾ ഒന്നും വിട്ടുപോയിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന പ്രതികരണം. കോവിഡ് ബാധിതരുടെ എണ്ണവും മരണവും കൃത്യമായി സർക്കാരുമായി പങ്കുവെയ്ക്കാറുണ്ടെന്നും എണ്ണത്തിൽ തെറ്റ് സംഭവിച്ചാൽ ഉടൻ ബന്ധപ്പെട്ട് തിരുത്താറുണ്ടെന്നും പ്രസ്തുത ആശുപത്രി സൂപ്രണ്ടുമാരും പ്രതികരിച്ചു.

തെറ്റായ കോവിഡ് കേസുകളാണ് ഡൽഹി സർക്കാർ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷവും നേരത്തെ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല.ഡൽഹിയിൽ ഇതുവരെ 6318 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.