Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ വിജയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊലീസിന്റെ ബോധവത്ക്കരണം ഇക്കാര്യത്തില്‍ നിര്‍ണായകമായി. സ്വന്തം ജീവന്‍ പണയം വെച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. ലോക്ക് ഡൗണിലെ കേരള മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരണമെന്നും കൊവിഡ് പ്രതിസന്ധി ഘട്ടം കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേരളത്തിന്റെ മനസും അതിനായി സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളേയും ഗവര്‍ണര്‍ അഭിനന്ദിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഒരു മാസം മുന്‍പ് തന്നെ കേരളം തയ്യാറെടുപ്പുകള്‍ നടത്തിയെന്നും മികച്ച ഇടപെടലാണ് ഇക്കാര്യത്തില്‍ സംസ്ഥാനം നടത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം കൂടുതല്‍ കേന്ദ്ര സഹായം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ വ്യക്തിപരമായി ഇടപെടുമെന്നും വിഷയത്തില്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവത്തോടെ തന്നെയാണ് കൊവിഡിനെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന സാലറി കട്ടില്‍ തെറ്റില്ലെന്നും അത് സര്‍ക്കാര്‍ തീരുമാനമാണെന്നും പറഞ്ഞ ഗവര്‍ണര്‍ സ്പ്രിംക്ലര്‍ വിഷയത്തിലും സര്‍ക്കാരിനെ പിന്തുണച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും ഡാറ്റ ചോരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.