വായന സമയം: < 1 minute
ബെംഗളുരു:

നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം കർണാടക സർക്കാർ പിൻവലിച്ചെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല.

രാവിലെ മുതൽ ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുളള നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയാണ്. ക്യാമ്പുകളിൽ ഭക്ഷണമില്ലെന്നും നാട്ടിലെത്താൻ ട്രെയിൻ ഏർപ്പാടക്കണമെന്നുമാണ് അവരുടെ ആവശ്യം.

പ്രത്യേക ട്രെയിനുകളിൽ പോകാൻ തൊഴിലാളികൾ ദിവസങ്ങൾക്ക് മുൻപ് തന്നെ രജിസ്ട്രഷൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കർണാടക സർക്കാർ ട്രെയിനുകൾ റദ്ദാക്കിയതോടെയാണ് ഇവരുടെ വഴിയടഞ്ഞത്. തീരുമാനം ഇന്നലെ സർക്കാർ മാറ്റിയെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ അനുമതി നൽകാത്തതാണ് കാരണം.

ഈയാഴ്ച നൂറ് ട്രെയിനുകളാണ് കർണാടക ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലാ കളക്ടർ റെയിൽവേ സ്റ്റേഷനിലെത്തി തൊഴിലാളികളോട് സംസാരിച്ചു. മൂന്ന് ദിവസത്തിനുളളിൽ ട്രയിൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അടങ്ങിയത്. തൊഴിലാളികളെ പിന്നീട് ബസ്സുകളിൽ ക്യാമ്പുകളിലേക്ക് മാറ്റി.

വൻകിട നിർമാണക്കമ്പനികളുടെ ആവശ്യം മാത്രം പരിഗണിച്ച് തിരികെ പോകാനുള്ള തീവണ്ടികൾ റദ്ദാക്കിയ കർണാടക സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. #BasHameinGharJaanaHai എന്ന ഹാഷ് ടാഗുമായാണ് പ്രതിഷേധം.

Advertisement