Mon. Dec 23rd, 2024
തിരുവനന്തപുരം:

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കൊവിഡ് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസള്‍ട്ട് ഉള്ളവരെ മാത്രമേ വിമാനത്തിലേക്ക് കയറാന്‍ അനുവദിക്കാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ കേരളത്തിലെത്തുന്ന പ്രവാസികളെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ വെക്കാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നതിന് അനുസരിച്ചാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. രണ്ടാഴ്ചത്തെ ക്വാറന്റീന്‍ ആണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍ കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ വിമാനത്തിലേക്ക് കയറാന്‍ അനുവദിക്കാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാവുമ്പോള്‍ നെഗറ്റീവ് ആയവര്‍ മാത്രമേ ഇവിടെ എത്തുകയുള്ളൂ.

ഇവരെ ഏഴ് ദിവസത്തെ ഇന്‍ക്യൂബേഷന്‍ പിരീഡില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ വെക്കും. അതിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ബാക്കിയുള്ള ഏഴ് ദിവസത്തെ ക്വാറന്റീന്‍ വീട്ടില്‍ ആയാല്‍ മതി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.

ഇതില്‍ കേന്ദ്രസര്‍ക്കാരുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. ഗര്‍ഭിണികളേയും ചെറിയ കുട്ടികളേയും വീട്ടിലേക്ക് വിടാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.