കോഴിക്കോട്:
ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 189 യാത്രക്കാരില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 85 പേർക്ക് സ്വന്തം വീടുകളിലേക്ക് പോകാനാകും. പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് യാത്രക്കാരെ വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയയ്ക്കും. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ തന്നെയാകും വീട്ടില്‍ തുടരാന്‍ അനുവദിക്കുക.