Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് തുടങ്ങും. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81609 അധ്യാപകർക്ക് പരിശീലനം ഓൺലൈനായി നടക്കുകയാണ്. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് കൈറ്റ് നടത്തും. സമഗ്ര പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാക്കുകയും ചെയ്യും.

സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യമുണ്ടായാലും കുട്ടികൾക്കായി ജൂൺ 1 മുതൽ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലില്‍ തുടങ്ങാനാണ് പദ്ധതി. വെബിലും മൊബൈലിലും ക്ലാസ്സുകൾ കിട്ടും. ഈ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനവും ഉറപ്പാക്കും എന്നും മുഖ്യമന്ത്രി കൂട്ടുച്ചേർത്തു.