Wed. Jan 22nd, 2025
എറണാകുളം:

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ സമിതി അംഗീകാരം നല്‍കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ മൂലം പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമായതിനാല്‍ മണ്‍സൂണിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നഗരത്തിലെ പ്രധാന തോടുകളെ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. തേവരകനാല്‍ കായല്‍ മുഖം, കോയിത്തറ കനാല്‍, പേരണ്ടൂര്‍ കായല്‍മുഖം, ചിലവന്നൂര്‍ ബണ്ട് റോഡ് തടസങ്ങള്‍, ചിലവന്നൂര്‍കായല്‍, കാരണംകോടംതോട്, ചങ്ങാടംപോക്ക്, അടിമുറി തോട് എന്നിവിടങ്ങളിലെ തടസ്സങ്ങളാണ് മാറ്റുന്നത്.

രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന മുല്ലശ്ശേരി കനാല്‍ നവീകരണം കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ മഴയ്ക്ക് ശേഷം പൂര്‍ത്തികരിക്കാന്‍ തീരുമാനിച്ചു. ബൈപ്പാസ് റോഡ്, റെയില്‍വേ കള്‍വെര്‍ട്ട് എന്നിവിടങ്ങളിലെ തടസ്സങ്ങളും നീക്കും. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മെട്രോ സ്‌റ്റേഷന്‍ നിര്‍മ്മാണത്തോടെ അടഞ്ഞ് പോയ കാരണക്കോടം-ചങ്ങാടംപോക്ക് തോട് വീണ്ടും ബന്ധിപ്പിക്കാന്‍ കെഎംആര്‍എല്ലിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മഴയ്ക്ക് മുന്‍പ് ഈ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കണം. പ്രധാന റോഡിന് ഇരുവശങ്ങളിലെയും കാനകളുടെ നിര്‍മ്മാണ അപാകതകള്‍ പരിഹരിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷനെയും കെഎംആര്‍എല്ലിനെയും ചുമതലപ്പെടുത്തി. ബ്രേക്ക് ത്രൂ പദ്ധതികള്‍ എറണാകുളം മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ പദ്ധതി പുരോഗതി നേരിട്ട് വിലയിരുത്തും.