Sat. Apr 27th, 2024

കൊവിഡ് മഹാമാരിയും, ലോക്ക് ഡൗണും അതിന്‍റെ പ്രത്യാഘാതങ്ങളും വിവിധ തലങ്ങളിലേക്ക് പരന്നു കിടക്കുന്നവയാണ്. ആഗോള സാഹചര്യങ്ങളെ തന്നെ മാറ്റി മറിച്ച ചില പ്രതിസന്ധികള്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും കൂടുതലായി ബാധിച്ചത് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്നെയാണെന്നത് നിസ്സംശയം പറയാം.

വൈറസ് ബാധ തീവ്രമായ ഘട്ടങ്ങളില്‍, അതതു മാതൃരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകണമെന്ന് പറഞ്ഞ് യുഎഇ കൈയ്യൊഴിഞ്ഞതിനും, അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായി തൊഴില്‍ബന്ധങ്ങള്‍ പുനഃപരിശോധിക്കുമെന്ന പ്രസ്താവനയിറക്കിയതിനും പിന്നാലെ നിര്‍ബന്ധിത നടപടികളുമായി മിക്ക രാജ്യങ്ങളും മുന്നോട്ട് വന്നു.

മടങ്ങാനാഗ്രഹിക്കുന്ന തങ്ങളുടെ പൗരന്മാരെ ചില രാജ്യങ്ങള്‍ കൊണ്ടു പോയപ്പോഴും, ഇന്ത്യയില്‍ നിന്നുള്ള, മലയാളികള്‍ ബഹുഭൂരിപക്ഷമുള്ള ഒരു പ്രവാസി സമൂഹം അരക്ഷിതാവസ്ഥകള്‍ക്കിടയില്‍പെട്ട് കഴിച്ചു കൂട്ടുകയാണ്. കേന്ദ്രവും സംസ്ഥാനവും മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കാര്യത്തില്‍ മത്സരിക്കുമ്പോള്‍ അനിശ്ചിതത്വത്തിലാവുന്നത് അവരുടെ പ്രതീക്ഷകളാണ്.

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും യാത്രാസൗകര്യങ്ങളുണ്ടാവുകയും ചെയ്താല്‍ മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയില്‍ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് കണക്കുകളെന്ന് കേരള സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, വിസാ കാലാവധി തീർന്നവർക്കും അടിയന്തര സ്വഭാവമുള്ളവർക്കും മാത്രം ഉടൻ മടക്കത്തിന് അനുമതി നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനമെന്നത് നേരിയ ആശങ്ക സൃഷ്ടിക്കുന്നു.

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് പോകുമ്പോള്‍ പ്രവാസികളുടെയും, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെയും തിരിച്ചു വരവാണ് സംസ്ഥാനത്തിന് മുന്നിലുള്ള വലിയ കടമ്പ. തിരിച്ചുവരുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനും അവരുടെ ചികിത്സാസംവിധാനത്തിനുമായി സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് സംസ്ഥാനം.

ആശങ്കകളും ആവലാതികളുമായി അവര്‍

32 ലക്ഷത്തിലധികം മലയാളികളാണ് ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നതെന്നാണ് കണക്കുകള്‍. ആരോഗ്യ പരിരക്ഷയില്‍ ഏറെ മുന്നിട്ട് നിന്നിരുന്ന വികസിത രാജ്യങ്ങള്‍ പോലും കൊവിഡിന് മുന്നില്‍ പതറി നില്‍ക്കെ ഇവിടങ്ങളില്‍ നില നില്‍ക്കുന്ന ചികിത്സ സംവിധാനം കൊണ്ട് പ്രവാസി സമൂഹത്തിന് സുരക്ഷ ഉറപ്പാക്കാനാകുമോ എന്നതില്‍ യാതൊരു വിധ ഉറപ്പുമില്ല.

തൊഴിലാളികളുടെ താമസകേന്ദ്രങ്ങളായ ലേബര്‍ ക്യാമ്പുകളില്‍ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇത്തരം ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ മുറികളിലുമെല്ലാം രോഗലക്ഷണം കാട്ടിയവര്‍ ധാരാളമുണ്ടുതാനും.

യുഎഇയിലുള്ള ഒരു ലേബര്‍ ക്യാമ്പ് (Screen grab, copyrights: Arabian Gazatte)

കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചവരെയെങ്കിലും അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇനിയും ഗള്‍ഫ് നാടുകളിലുണ്ടായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കണം, പുതിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തണം, അവ സജ്ജീകൃതമാക്കണം, അതിനുള്ള ചെലവ് കണ്ടെത്തണം എന്നിവ തന്നെയാണ് പ്രവാസികളുന്നയിക്കുന്ന ആവശ്യങ്ങള്‍.

തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലും രോഗമുള്ളവരെന്ന് സംശയിക്കുന്നവരോടൊപ്പം തന്നെ ക്വാരന്‍റൈന്‍ ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള അടിസ്ഥാനവിഭാഗ തൊഴിലാളികളില്‍ വലിയൊരു പങ്കും. ആരോഗ്യമന്ത്രാലയം അവരുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.

രോഗ ഭീതിയോടൊപ്പം, തൊഴില്‍ നഷ്ടമായതും, വരുമാനം നിലച്ചതും പ്രവാസികളുടെ മനോവിഷമത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഒപ്പം നാട്ടിലുള്ള കുടുംബത്തെക്കുറിച്ചുള്ള ആശങ്കകളും നൈരാശ്യത്തിന് കാരണമാകുന്നു.

നാട്ടിലേക്ക് മടങ്ങാനായി, കേരള സര്‍ക്കാറിന്റെ പ്രവാസി കേരള വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തത് നാലുലക്ഷത്തിലധികം പ്രവാസികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരസാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ട ഒന്നരലക്ഷത്തിലേറെ മലയാളികള്‍ ഗള്‍ഫ് നാടുകളിലുണ്ട്.

(screen grab, copyrights: Timesnownews.com)

തൊഴില്‍ നഷ്ടപ്പെട്ട അറുപത്തി ഒന്നായിരത്തിലധികം പേര്‍, 9,827 ഗര്‍ഭിണികള്‍, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ നാല്‍പ്പത്തി ഒന്നായിരത്തിലധികം പേര്‍, വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികള്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായ എണ്ണൂറില്‍പരം ആളുകള്‍ തുടങ്ങി, നിരവധി പേരാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നത്.

നാട്ടിലേക്കുള്ള മടക്കം വൈകുന്തോറും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ ഗള്‍ഫില്‍ കഴിയുന്ന രോഗികളിലാണ് ആശങ്ക വര്‍ദ്ധിക്കുന്നത്. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. നാല്‍പ്പതിലധികം പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടു കഴിഞ്ഞു.

ഒന്നോ രണ്ടോ ആഴ്ച കൊണ്ട് എല്ലാം കെട്ടടങ്ങുമെന്നും ഇവിടെ തന്നെ പഴയതുപോലെ ജീവിതം തുടരാമെന്നുമായിരുന്നു ഇടത്തരക്കാരായ പ്രവാസികള്‍ പോലും വൈറസ് വ്യാപനത്തിന്‍റെ ആരംഭകാലത്ത് കരുതിയിരുന്നത്. ജീവിതത്തെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന മഹാമാരിയായി അത് മാറിയതും അപ്രതീക്ഷിതമായാണല്ലോ.

ലക്ഷങ്ങളെ കാത്ത് കേരളം

പ്രവാസികളെ തിരികെ എത്തിക്കുന്നതിനും, അവരുടെ ക്വാരന്‍റൈന്‍ സംവിധാനങ്ങള്‍, പരിശോധന, ചികിത്സ തുടങ്ങിയ നടപടികള്‍ ത്വരിതപ്പെടുത്താനും ആവശ്യമായ എല്ലാ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ഒന്നാംഘട്ട ലോക്ക് ഡൗണിന്‍റെ അവസാനത്തോടെ തന്നെ കൈക്കൊണ്ടതാണ്. മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷത്തോളം ആളുകള്‍ തിരിച്ചെത്തുമെന്നാണ് സംസ്ഥാനത്തിന്‍റെ കണക്കുകള്‍.

ഇവരില്‍, പനി, ചുമ, ശ്വാസം മുട്ടല്‍, എന്നീ ലക്ഷണങ്ങളുള്ളവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി സ്രവപരിശോധന നടത്തി രോഗബാധിതരെങ്കില്‍ ചികിത്സ നല്‍കുക, അവരുടെ ലഗേജുകള്‍ ആ കേന്ദ്രങ്ങളില്‍ തന്നെ വെക്കുക, വിമാനത്താവളങ്ങളില്‍ തന്നെ പ്രാഥമിക പരിശോധന നടത്തി രോഗലക്ഷണം കാണാത്തവരെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രീ-പെയ്ഡ് ടാക്‌സികളില്‍ വീട്ടിലെത്തിച്ച് ക്വാരന്‍റൈനിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യുക.

(screen grab, copyrights: India Today)

തിരിച്ചുവരുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനും അവരുടെ ചികിത്സാസംവിധാനത്തിനുമായി രണ്ടുലക്ഷത്തിലധികം കിടക്കകളുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഈ പ്രവര്‍ത്തനങ്ങളെല്ലാം സംയോജിപ്പിക്കാന്‍ ഏഴ് സെക്രട്ടറിമാരടങ്ങുന്ന ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചതാണ്.

രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമായിരിക്കും വീടുകളിലേക്ക് അയയ്ക്കുക. ഇവര്‍ 14 ദിവസം ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ ബന്ധുക്കള്‍ക്ക് എത്താന്‍ കഴിയില്ല. അതെ സമയം, ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചിലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാരന്‍റൈന്‍ ചെയ്യാനും അനുമതിയുണ്ട്.

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രതിരിക്കുന്നതിന് മുമ്പ് എത്ര ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണമെന്നാണ് വ്യവസ്ഥ.

വിമാനക്കമ്പനികളുടെ സര്‍വീസ് പ്ലാന്‍, ബുക്കിംഗിന്റെ എണ്ണം, കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനക്കമ്പനികള്‍ തുടങ്ങിയവയുമായി ചര്‍ച്ച ചെയ്യണം. പ്രവാസികളെ വിമാനത്താവളത്തില്‍ വെച്ചു തന്നെ സ്‌ക്രീനിംഗ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോക്കോളും ആരോഗ്യവകുപ്പ് തയ്യാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

(screen grab, copyrights: Hindustan Times)

ഗള്‍ഫ് എന്ന് മേനി പറയുമ്പോഴും, യഥാര്‍ത്ഥ പ്രവാസി, കഥകള്‍ക്കും കനവുകള്‍ക്കും അപ്പുറം യാതനകള്‍ അനുഭവിക്കുന്ന പച്ചയായ മനുഷ്യരാണെന്നതാണ് വാസ്തവം. നാട്ടിലെ ആശുപത്രി സംവിധാനങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഭീമമായ തുകയാണ് യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചികിത്സയ്ക്കു വേണ്ടി വരുന്നത്. തുച്ഛമായ വരുമാനമുള്ള പല കുടുംബങ്ങളും ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പിന്‍ബലത്തിലായിരിക്കും ഇതുവരെയുള്ള ചെലവുകള്‍ നിര്‍വഹിച്ചിട്ടുണ്ടാവുക.

എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ തന്നെ വിസ ലഭിക്കുന്ന ഷാര്‍ജ, ഫുജൈര്‍, റാസല്‍ഖൈമ എന്നീ സ്ഥലങ്ങളില്‍ നിരവധി പ്രവാസികളുണ്ട്. നാട്ടിലേക്ക് വരാനാകാതെ കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കു നടുവിലായിരിക്കും മിക്കവരും.

രോഗം വന്നവരെയോ രോഗലക്ഷണങ്ങളുള്ളവരെയോ രോഗം വന്നു മാറിയവരെയോ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നല്ല പ്രവാസി സംഘടനകളൈാന്നും തന്നെ ആവശ്യപ്പെടുന്നത്. ലോക്ക്ഡൗണ്‍ മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായവരെയും ജോലി നഷ്ടപ്പെട്ടവരെയും നാട്ടിലേക്ക് തിരികെയെത്തിക്കണമെന്ന് മാത്രമാണ്.