Fri. Apr 26th, 2024
ഹൈദരാബാദ്:

സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിസിഎംബി) കൊറോണവൈറസിനെ വളര്‍ത്തിയെടുക്കും. മനുഷ്യന്റെ ശ്വാസകോശത്തിലെ എപ്പിത്തീലിയല്‍ കോശങ്ങളിലാണ് കൊറോണവൈറസിനെ വളര്‍ത്തിയെടുക്കാന്‍ സിസിഎംബി തയ്യാറെടുക്കുന്നത്. ബെംഗളൂരുവിലെ സ്വകാര്യ ഗവേഷണസ്ഥാപനമായ ഐസ്റ്റെമുമായി ചേര്‍ന്നാണ് പഠനം.

ഐസ്റ്റെമില്‍ നിന്ന് ലഭ്യമാക്കുന്ന എപ്പിത്തീലിയല്‍ കോശങ്ങളില്‍ വൈറസിനെ വളര്‍ത്തി കൊറോണവൈറസിന്റെ തന്മാത്രാപരവും രോഗനിദാനപരവുമായ പ്രത്യേകതകള്‍ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

മനുഷ്യശരീരത്തിന് പുറത്ത് വൈറസിനെ വളര്‍ത്തിയെടുക്കുന്നതില്‍ സാങ്കേതിക വിഷമതകളുണ്ടെന്ന് സിസിഎംബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു. അത് മറികടക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. എപ്പിത്തീലിയല്‍ കോശങ്ങളിലെ ACE2 ആന്റിബോഡികളും മറ്റു ജീനുകളുമാണ് SARS-CoV2 വൈറസുകളുടെ പ്രവേശനവും ഇരട്ടിപ്പും നിര്‍ണയിക്കുന്നത്.

ആവശ്യമായ അളവില്‍ വൈറസിനെ വികസിപ്പിച്ചെടുത്ത ശേഷമാണ് പ്രതിരോധമരുന്നുകളുടേയും വാക്‌സിന്റെയും പരീക്ഷണങ്ങള്‍ ആരംഭിക്കുക. ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളില്‍ നിന്ന് ശേഖരിച്ച കോശങ്ങളില്‍ വൈറസിനെ വളര്‍ത്തി പരീക്ഷണങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. താമസിയാതെ മനുഷ്യകോശങ്ങളില്‍ വൈറസിനെ വളര്‍ത്തിയെടുക്കാനാണ് സിസിഎംബിയും ഐസ്‌റ്റെമും ചേര്‍ന്നുള്ള സംയുക്തസംരംഭം ലക്ഷ്യമിടുന്നത്.