Mon. Dec 23rd, 2024
വാഷിങ്ടണ്‍:

 
കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തുന്നു. ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനാണ് വാഷിങ്ടണ്‍ ഒരുങ്ങുന്നത്. നീക്കവുമായി ബന്ധപ്പെട്ട യുഎസ് ഔദ്യോഗിക വൃത്തങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വിവരങ്ങള്‍ സൂചിപ്പിച്ചത്.

നേരത്തെ പല തവണ പ്രസിഡന്റ് ട്രംപ് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ആഗോള കമ്പനികളെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കൊവിഡ് കാരണം അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യുഎസ് കമ്പനികളുടെ ഉത്പാദനവും വിതരണ ശൃംഖലയും മാറ്റി മറ്റു രാജ്യങ്ങളുമായി ധാരണയിലാവാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.

“കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചൈനയിലെ ഞങ്ങളുടെ വിതരണ ശൃംഖലകളുടെ ആശ്രയം കുറയ്ക്കുന്നതിന് ശ്രമം നടന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഈ നീക്കത്തെ അതിവേഗത്തിലാക്കുന്നു,” യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്തും സബ്‌സിഡി ഇളവുകളിലൂടെയും ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ തിരിച്ചു വിളിക്കാനാണ് ഉദ്ദേശം.