എറണാകുളം:
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്‍റിനൊപ്പം ചേര്‍ന്ന് സംസ്ഥാനത്തെ കലാലയങ്ങള്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന എറണാകുളം ജില്ലാ ഭരണകൂടത്തിന് പിന്തുണയുമായി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ത്ഥികള്‍. ബ്രേക്ക് ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍ സംവിധാനമൊരുക്കിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നത്. ഇവര്‍ നിര്‍മ്മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചു.
കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. അള്‍ട്രാ സൗണ്ട് സെന്‍സറുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കളക്ടറേറ്റില്‍ സ്ഥാപിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കൂടുതല്‍ സുരക്ഷിതമായ ഡിസ്‌പെന്‍സര്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികളെ കളക്ടര്‍ എസ് സുഹാസ് അഭിനന്ദിച്ചു.
കളമേശ്ശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, പുതിയ കാവ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി എന്നീ സ്ഥലങ്ങളിലും ഡിസ്‌പെന്‍സര്‍ സ്ഥാപിക്കും. അഞ്ചു ലിറ്ററാണ് ഡിസ്‌പെന്‍സറിന്റെ സംഭരണ ശേഷി.