Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നതാണ് ശ്രദ്ധേയം.

ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മദ്യശാലകൾ മാളുകൾ ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവൂ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല, ഗ്രീൻ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അതും അമ്പത് ശതമാനം ആളുകൾ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന.

പ്രവാസികളുടെ തിരിച്ച് വരവിലും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങൾ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ കർശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കിൽ വീട്ടിൽ പോകാം. വീട്ടിൽ ക്വാറന്റൈൻ നിര്‍ബന്ധമാണ്.

രോഗം പിടിപെടാൻ സാധ്യത ഉള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ സർക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവിൽ ഹോട്ടലുകളിൽ താമസിക്കാം. എന്നാല്‍, അവിടെയും ക്വാറന്റൈൻ നിര്‍ബന്ധമാണ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ.