Wed. Jan 22nd, 2025
തിരുവനന്തപുരം:

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.  ഇതു പ്രകാരം സർക്കാർ നിർദ്ദേശ പ്രകാരമുള്ള കടകൾക്ക് ഇന്ന് തുറക്കാം.

എന്നാൽ, തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് കട അടച്ചിടാവുന്നതാണ്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനമെന്നും ഇക്കാര്യങ്ങളുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിവിധ ജില്ലകളിലെ ആശുപത്രികളിലായി 96 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത് ഇന്നലെ രണ്ടു പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 499 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. എട്ട് പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്.

By Binsha Das

Digital Journalist at Woke Malayalam