Sat. Jan 18th, 2025
തിരുവനന്തപുരം:

സർക്കാറിനെതിരേയുള്ള ധൂർത്ത് ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങൾക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. വ്യോമസേന വിമാനങ്ങളുള്ളപ്പോൾ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നതിനേയും മുഖ്യമന്ത്രി ന്യായീകരിച്ചു. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കേസ് വരുമ്പോൾ ശരിയായ രീതിയിൽ പ്രതിരോധിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ തന്നെ നിയോഗിക്കേണ്ടി വരും. യുഡിഎഫ് ഗവൺമെന്റും ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

ശമ്പളം മാറ്റിവയ്ക്കണമെന്ന സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകരേയും മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരമൊരു നടപടിക്ക് നേതൃത്വം കൊടുത്ത അധ്യാപകന്റെ സ്കൂളിലെ കുട്ടികൾ തന്നെ അവരുടെ പ്രവർത്തിക്കുള്ള മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ മൊത്തം ഉപദേശികൾക്കെല്ലാം കൂടി നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.