Sat. Jan 18th, 2025
ചെന്നൈ:

നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രാകാരം ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ രോഗബാധിതരായി. വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരനും ചെന്നൈയിൽ മലയാളി കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു.

പതിനായിരക്കണക്കിന് പേർ വന്നുപോയിരുന്ന കോയമ്പേട് മാർക്കറ്റും പ്രാർഥനാ ചടങ്ങ് നടന്ന തിരുവികാ നഗറിലെ പള്ളിയുമാണ് പ്രധാന ഹോട്ട് സ്പോട്ടുകൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പച്ചക്കറിച്ചന്തയാണ് കോയമ്പേട്. കച്ചവടക്കാർ, ലോറിഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ കോയമ്പേടിലേത് നീണ്ട സമ്പർക്ക പട്ടികയാണ് എന്നത് ആരോഗ്യവകുപ്പിന് മുന്നിൽ വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

കോയമ്പേട് നിന്ന് വിവിധ ജില്ലകളിലേക്ക് മടങ്ങിപ്പോയവരെ തിരിച്ചറിയാനാണ് നിലവിൽ ശ്രമം നടക്കുന്നത്. ഒരാഴ്ച കൊണ്ടാണ് ചെന്നൈയിൽ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞത്. കനത്ത ജാഗ്രതയിലാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെല്ലാം.