Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിച്ച്‌ റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങള്‍വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡ് ഒരു താലൂക്കില്‍ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറുകയും എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം പുതിയ താലൂക്കില്‍ നിന്നും റേഷന്‍ കാര്‍ഡ് നല്‍കാന്‍ കഴിയാത്തതുമായ അപേക്ഷകളും പരിഗണിക്കും.

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അവശ്യവസ്തുക്കളുടെ വിതരണം പലര്‍ക്കും ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം. റേഷന്‍ കാര്‍ഡിനായി തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കും നിര്‍ദ്ദേശമുണ്ട്.