സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്നു വരുന്ന വിമർശനങ്ങളും അവഹേളനങ്ങളും സഹിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് യുവ ഗോൾ കീപ്പർ ടെഡ് സ്മിത്ത് ഫുട്ബോളിൽ നിന്ന് വിരമിച്ചതായി സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഇംഗ്ലണ്ടിൻ്റെ യൂത്ത് ടീമുകളിലടക്കം കളിച്ചിട്ടുള്ള താരമാണ് 24 വയസ്സുകാരനായ ടെഡ്. പ്രീമിയർ ലീഗിൻ്റെ മൂന്നാം ഡിവിഷനിലുള്ള സൗതൻഡ് യുണൈറ്റഡിലൂടെയാണ് താരം ഫുട്ബോൾ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
കളിയും ട്രെയിനിംഗും ഒക്കെ ഇഷ്ടമാണെങ്കിലും മത്സര ദിനത്തിലെ സമ്മർദ്ദം സഹിക്കാൻ കഴിയാത്തതാണെന്നും കളി കഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നോക്കുമ്പോൾ വരുന്ന പോസിറ്റീവ് കാര്യങ്ങളെക്കാൾ നെഗറ്റീവ് കമൻ്റുകൾ തന്നെ സ്വാധീനിക്കുന്നതായും ടെഡ് പറഞ്ഞു. ഇത്തരം മോശം കമൻ്റുകൾ കാരണം തനിക്ക് മനോരോഗവിദഗ്ധനെ പോലും കാണേണ്ടി വന്നുവെന്നും ഫുട്ബോൾ ഗെയിമിനു വേണ്ടി ജീവിതം തകർക്കരുത് എന്നാണ് തനിക്ക് ആരാധകരോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.