Thu. Jan 23rd, 2025
തിരുവനന്തപുരം:

ലോക്ക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച്‌ തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാംപയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കൊവിഡ്19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ രണ്ടാംഘട്ട കാംപെയിന് രൂപം നല്‍കിയിരിക്കുന്നത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ പോസ്റ്റര്‍ കൈമാറുകയും മുഖ്യമന്ത്രി പ്രകാശനം ചെയ്യുകയുമായിരുന്നു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്‍ സംഘടിപ്പിച്ചത്.

പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കിയാണ് രണ്ടാം ഘട്ട കാംപെയിന്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഓര്‍ത്ത് വയ്‌ക്കേണ്ട ഒന്നാണ് എസ്‌എംഎസ്. സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിങ്ങനെ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളാണിവ.