ദുബായ്:
പ്രമുഖ ഇന്ത്യൻ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബിആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ നിർദ്ദേശം. അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ടതിനെ തുടര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഷെട്ടിയുടെ അക്കൗണ്ടും, കുടംബാംഗങ്ങളുടെ അക്കണ്ടും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള അക്കൗണ്ടും മരവിപ്പിക്കാനാണ് മറ്റു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതൊപ്പം അദ്ദേഹത്തിന്‍റെ കമ്പനിയിലെ മാനേജര്‍മാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.
ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടക്കെണിയിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക് ഷെട്ടിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായാണ് സൂചന.