സമ്പൂര്‍ണ്ണ ലോക്ക്ഡൗണുകളും, കര്‍ശന നിയന്ത്രണങ്ങളും അവലംബിച്ച് ലോകമാകമാനം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ഒരു നിര്‍ണ്ണായക തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്- ശാരീരിക അകലം കണക്കിലെടുത്ത് തടവുപുള്ളികളെ ജയില്‍മോചിതരാക്കുക എന്നതാണത്.
ഇന്ത്യയിലെ ജയിലുകളില്‍ പ്രതികള്‍ തിങ്ങിപ്പാര്‍ക്കുന്നത്, രോഗം പടരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ തടവനുഭവിക്കുന്ന പ്രതികളെ പരോളില്‍ വിടാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിന് ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നായിരുന്നു മാര്‍ച്ച് 23ന് പുറത്തുവന്ന കോടതി ഉത്തരവ്.
ഇതിനു പിന്നാലെ കാശ്മീര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആയിരക്കണക്കിന് ജയില്‍പുള്ളികളെ വിട്ടയച്ചു കഴിഞ്ഞു. ഇവരെ നിരന്തരമായി നിരീക്ഷിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും, അവര്‍ രക്ഷപ്പെട്ട് പോകില്ലെന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക സംഘങ്ങളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു ശേഷം ജയിലുകളില്‍ നിന്ന് പ്രതികളെ കൂട്ടത്തോടെ പിരിച്ചുവിടുമ്പോള്‍, പുനരധിവാസം, സമൂഹത്തില്‍ അവരുടെ ഇടപെടല്‍, തുടങ്ങി നിരവധി ഘടകങ്ങളെ ഗൗരവത്തോടെ കാണേണ്ടതില്ലേ? അതെ സമയം, തിങ്ങിഞെരുങ്ങിയ ജയില്‍ ജീവിതം അവരെ രോഗികളാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കേവലം ജയില്‍ മോചനം എന്നതിലുപരി ഈ തീരുമാനത്തിന്‍റെ പരിണിത ഫലങ്ങള്‍ എന്തൊക്കെയായിരിക്കും?
നിറഞ്ഞു കവിയുന്ന തടവറകള്‍
തടവുപുള്ളികളെ പുറത്തുവിടണമെന്ന് ഇന്ത്യയില്‍ സുപ്രീം കോടതി നിര്‍ദ്ദേശം വന്നതിനോടടുത്ത ദിവസങ്ങളില്‍ തന്നെയാണ് അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്‍റും സമാന തീരുമാനവുമായി മുന്നോട്ട് വന്നത്. 55 വയസ്സിനുമുകളില്‍ പ്രായമായവര്‍, സാരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങി 10,000 ത്തോളം പ്രതികളെയായിരുന്നു പരോള്‍ അടിസ്ഥാനത്തിലും കാലാവധിയില്‍ ഇളവു വരുത്തിയും സര്‍ക്കാര്‍ പുറത്തു വിട്ടത്.
ശ്രീലങ്കയില്‍, പ്രസിഡന്റ് ഗോതബയ രാജപക്സ നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം 2961 പേരെയാണ് കൊവിഡ് പശ്ചാത്തലത്തില്‍ പരോളില്‍ വിട്ടത്. നിയമ പരിരക്ഷയ്ക്കൊപ്പം ഇവരുടെ ആരോഗ്യ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്.

24,896 പ്രതികളെയായിരുന്നു മ്യാന്‍മര്‍ ജയിലില്‍ നിന്ന് പുറത്തുവിട്ടത്. ചെറിയ കുറ്റങ്ങളില്‍ തടവിലാക്കപ്പെട്ടവരെയും, ശിക്ഷാ കാലാവധി അവസാനിക്കാറായവരെയും ജയില്‍ മോചിതരാക്കാനുള്ള നടപടികള്‍ ബംഗ്ലാദേശ് സര്‍ക്കാരിന്‍റെ പരിഗണനയിലുമുണ്ട്. ഏപ്രില്‍ അവസാന വാരം തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
രണ്ട് ഘട്ടങ്ങളായായിരിക്കും പ്രതികള്‍ പുറത്തിറങ്ങുന്നത്, 20 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ 800ഓളം തടവുകാരാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുക. ജയിൽ വകുപ്പും ആഭ്യന്തര മന്ത്രാലയവും നിയമ മന്ത്രാലയവും ചേര്‍ന്ന് ഇതിനുള്ള അന്തിമ പട്ടിക തയ്യാറാക്കുകയാണെന്നാണ് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ച് വരെ, ബംഗ്ലാദേശിലുടനീളം 68 ജയിലുകളിലായി 90,000 തടവുകാരുണ്ടായിരുന്നു, 41,000 ആണ് ഈ ജയിലുകളുടെ ആകെ ശേഷി.

ലോകത്ത് തടവുപുള്ളികളുടെ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം ഫിലിപ്പൈന്‍സാണ്. പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് സര്‍ക്കാരിന്‍റെ മയക്കു മരുന്നിനെതിരായ ക്യാമ്പെയിന്‍ നടപടികളുടെ ഭാഗമായി 2016 ജൂലൈ മുതല്‍ രാജ്യത്തെ മിക്ക ജയിലുകളിലും ലക്ഷക്കണക്കിന് തടവുകാര്‍ നിറഞ്ഞു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും, ലോക്ക് ഡൗണും ലംഘിച്ച നിരവധി പേരെ വീണ്ടും അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ടുമുണ്ട്. മനില സിറ്റി ജയിലിൽ, ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർക്ക് മാത്രമായി രൂപകൽപ്പന ചെയ്ത സ്ഥലത്ത് 500ലധികം തടവുകാരെയാണ് പാര്‍പ്പിക്കുന്നത്.

ഈ കൊറോണക്കാലത്ത് ശാരീരിക അകലം ഒട്ടും പ്രാവര്‍ത്തികമാകാത്ത ചുറ്റുപാടില്‍ ജീവിക്കുന്നത് ആശങ്കയുണ്ടാക്കുന്നതിനാല്‍, മാനുഷിക പരിഗണനയുടെ പേരില്‍ പുറത്തു വിടണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി ചില പ്രതികള്‍ ഫിലിപ്പൈന്‍സ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തായ്‌ലൻഡിലെ ബുരി റാം സെന്‍ട്രല്‍ ജയിലിലെ തടവു പുള്ളികള്‍ ഫര്‍ണ്ണിച്ചറുകള്‍ അടിച്ചു നശിപ്പിക്കുകയും, തീവയ്ക്കുകയും ചെയ്ത് കലാപാന്തരീക്ഷം സൃഷ്ടിച്ചതും കൊറോണ സംബന്ധിച്ച ആശങ്കകളുടെ പേരിലാണ്. വൈറസിനെ അകറ്റി നിര്‍ത്താന്‍ സാമൂഹിക അകലമാണ് പ്രധാനം എന്നതിനപ്പുറം, ഒരു ജയിലിന് താങ്ങാവുന്നതിലധികം പ്രതികളെ ഉള്‍ക്കൊള്ളിക്കുന്ന വിവിധ സര്‍ക്കാരുകളുടെ നടപടി അവസാനിപ്പിക്കാന്‍ സമയമായി എന്നു കൂടിയാണ് ഇത്തരം കലാപങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ലോക്കപ്പുകള്‍ ഓപ്പണാകുമ്പോള്‍…
തടവു പുള്ളികള്‍ എല്ലാവരും ഒരു വിഭാഗത്തില്‍ പെടുന്നവരല്ല. ചിലര്‍ ദീര്‍ഘകാലം തടവനുഭവിക്കാന്‍ തക്കവണ്ണം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരായിരിക്കും. എന്നാല്‍, മറ്റു ചിലര്‍ ചെറിയ തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കുന്നുമുണ്ട്. സമൂഹത്തിന് ഉപദ്രവകാരിയല്ല എന്ന് ജയില്‍ അധികൃതര്‍ക്ക് തോന്നുന്ന പ്രതികള്‍ക്കായിരിക്കും ഈ കൊറോണക്കാലത്ത് തടവറ വിടാന്‍ അവസരം ലഭിക്കുന്നത്.
ഈ സാമൂഹികാന്തരീക്ഷത്തില്‍, ജയിലില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ചിലര്‍ വിസമ്മതിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും ഈ നിര്‍ണ്ണായക തീരുമാനം അടിയന്തരഘട്ടത്തില്‍ കൈകൊണ്ടതിനാല്‍ പുറത്തിറങ്ങുന്നത് സംബന്ധിച്ച നടപടികളൊന്നും തന്നെ തടവുപുള്ളികളെ അറിയിക്കുകയോ അവരുമായി ആലോചിക്കുകയോ ചെയ്തിട്ടില്ല.

പ്രതികള്‍ കൂട്ടത്തോടെ സ്വതന്ത്ര്യരാക്കപ്പെടുമ്പോള്‍ പൊതുസമൂഹം എങ്ങനെ പ്രതികരിക്കുമെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അതിജീവനത്തിനുള്ള സാമ്പത്തിക മാർഗ്ഗങ്ങൾ, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, സാമൂഹികമായ ഒറ്റപ്പെടുത്തല്‍ എന്നിവ ലാഘവത്തോടെ തള്ളിക്കളയാനാകില്ല.
ഇവയ്ക്ക് പുറമെ, വര്‍ഷങ്ങളോളം തടവറയില്‍ കഴിഞ്ഞ്, പൊതു ജീവിതത്തിലേക്ക് പോകുമ്പോഴുള്ള പ്രശ്നങ്ങളും, കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അവരിലുള്ള സഹജവാസനയും മറ്റു ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഇന്‍ഡോനേഷ്യയില്‍ വിവിധ ജയിലുകളില്‍ നിന്ന് പുറത്തുവിട്ട 30,000ത്തോളം വരുന്ന തടവുകാരില്‍ പന്ത്രണ്ടോളം പേര്‍ മയക്കുമരുന്ന് വില്‍പ്പന, കളവ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് വീണ്ടും അറസ്റ്റിലായത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും, പദ്ധതികളുടെ അപര്യാപ്തതയുമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

അതെ സമയം, കര്‍ഫ്യൂ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ 34,500 പേരാണ് ശ്രീലങ്കയില്‍ അറസ്റ്റിലായത്. 24 മണിക്കൂറിനിടെ 650 ഓളം ആളുകള്‍ ജയിലലടയ്ക്കപ്പെടുന്നുണ്ടെന്നാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ വാറണ്ടില്ലാതെയാണ് അറസ്റ്റ് ചെയ്യുന്നതെന്നും, ജാമ്യം അനുവദിക്കില്ലെന്നും പോലീസ് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ജയിലറകളിലെ ആള്‍ത്തിരക്ക് ചൂണ്ടിക്കാട്ടി പ്രതികളെ പുറത്തുവിടുമ്പോഴാണ് ഇത്തരം നടപടികളെന്ന് ഓര്‍ക്കണം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലേഷ്യന്‍ ഗവണ്‍മെന്‍റ് സ്വീകരിച്ച മൂവ്മെന്‍റ് കണ്‍ട്രോള്‍ ഓര്‍ഡര്‍ ലംഘിച്ചതിന് ആയിരത്തിലധികം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടതികളും നിയമ സംവിധാനങ്ങളും, ഭാഗികമായോ, പൂര്‍ണ്ണമായോ നിലച്ചിരിക്കുന്ന അവസ്ഥയിലാണ് ഇത്തരം അറസ്റ്റുകള്‍ എന്നത് ആശങ്കകള്‍ ഇരട്ടിയാക്കുന്നു. കുറച്ചു പേര്‍ പുറത്തിറങ്ങുമ്പോള്‍ മറ്റു ചിലര്‍ അകത്തു പോകുന്നതുകൊണ്ട് ശാരീരിക അകലം പ്രാവര്‍ത്തികമാകുന്നില്ലല്ലോ?
മൈനര്‍ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായവര്‍ക്കും, ശിക്ഷാ കാലയളവ് അവസാനിക്കാറായവര്‍ക്കും പുറമെ, പിഴയോ ജാമ്യമോ നല്‍കാന്‍ കഴിയാത്തവരെയും, പ്രായമായവർ, ഗുരുതരാവസ്ഥയിലുള്ളവർ, ഗർഭിണികൾ, കുട്ടികള്‍ തുടങ്ങി പ്രത്യേക വിഭാഗത്തില്‍ പെടുന്നവരെയും മോചിപ്പിക്കണമെന്ന ആവശ്യവുമായി ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും അതത് നിയമവ്യവസ്ഥയെ സമീപിച്ചിട്ടുണ്ട്.
ശാരീരിക അകലം പാലിച്ച് വൈറസിനെ പ്രതിരോധിക്കാം എന്ന ആശയം വന്നപ്പോഴാണ് പല രാജ്യങ്ങളും, ജയിലറയ്ക്കുള്ളിലെ തുച്ഛമായ സൗകര്യങ്ങളെയും പരിമിതികളെയും കുറിച്ച് ബോധവാന്‍മാരാകുന്നത്. തിരക്കേറിയ തടവറകളില്‍ തടവു പുള്ളികള്‍ അനുഭവിക്കുന്ന യാതനകള്‍ ഈ കൊവിഡ് കാലത്ത് മാത്രം പരിഗണിച്ചാല്‍ പോര, പകരം അവര്‍ ആവശ്യപ്പെടുന്ന മാനുഷിക പരിഗണനകള്‍ ജയിലറകള്‍ക്കുള്ളിലും ഉറപ്പു വരുത്തണം.