Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി ഉൾപ്പെടെയുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം
ഇത്തരത്തില്‍ 68,607 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതായാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ആര്‍ബിഐ മറുപടി നല്‍കിയത്.

ആർടിഐ പ്രവർത്തകൻ സാകേത് ഗോഖലെ ഫെബ്രുവരി 16ന് നല്‍കിയ അപേക്ഷയിലാണ് ആർബിഐ മറുപടി നൽകിയിരിക്കുന്നത്. ചോക്സി, മല്യ ഉള്‍പ്പെടെയുള്ള 50 പേരുടെ പേരിലുള്ള വായ്പകളുടെ നിജസ്ഥിതിയെന്താണെന്നാണ് ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്.  ഇതിന്‍റെ മറുപടിയാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 16-ന് പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് താൻ വിവരാവകാശ നിയമ പ്രകാരം ആർബിഐയെ സമീപിച്ചതെന്ന് സാകേത് ഗോഖലെ  വ്യക്തമാക്കി.

ചോക്സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് 5,492 കോടി രൂപയാണ് ബാങ്കുകൾക്ക് നൽകാനുള്ളത്. കുടിശ്ശിക നല്‍കാനുള്ള പട്ടികയില്‍ ഒന്നാമതും ചോക്സി തന്നെയാണ്. 1000 കോടി രൂപയക്ക് മുകളില്‍ കുടിശ്ശിക വരുത്തിയതില്‍ വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam