മുംബെെ:
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നർത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് 12 മണിക്കൂര്‍ ചോദ്യംചെയ്തു. സെന്‍ട്രല്‍ മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി.
മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് നല്‍കിയ പരാതിയില്‍ നാഗ്പൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തുതത്. സോണിയക്കെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ അര്‍ണബിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത മൂന്നാഴ്ച്ചത്തേക്ക് അര്‍ണബിനെതിരെ അറസ്റ്റ് ഉള്‍പ്പടെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
കലാപമുണ്ടാക്കുനുള്ള ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക, രണ്ടു മത വിഭാഗങ്ങള്‍ക്കിടയില്‍ മതപരമോ വംശീയമോ ആയ ശത്രുത വളര്‍ത്താന്‍ പ്രേരിപ്പിക്കുക, ഒരു മതത്തെയോ മത വിശ്വാസത്തെയോ അപമാനിക്കുക, മാനനഷ്ടം എന്നിവയാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
തന്നെ 12 മണിക്കൂറിലധികം ചോദ്യം ചെയ്തതായി അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക്ക് ടിവി വെബ്‌സൈറ്റിന് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ പ്രതികരണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.