15 വർഷം നീണ്ട കരിയറിന് ശേഷം മുൻ പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സന മിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മികച്ച ഓഫ് സ്പിന്നർ, ബാറ്റർ എന്നീ വിശേഷണങ്ങൾ ഉള്ള താരം പാകിസ്താനു വേണ്ടി കളിച്ച ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരം എന്ന നിലയിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടീമിന് വേണ്ടി ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ് ഈ 34 വയസ്സുകാരി. രാജ്യത്തിന് വേണ്ടി ഏറെ സേവനങ്ങൾ നടത്തിയിട്ടുണ്ടെന്നും വിരമിക്കാനുള്ള ഉചിതസമയം ഇതാണെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
226 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 2009-2017 കാലയളവിനിടയിൽ 137 മത്സരങ്ങളില്‍ പാകിസ്താൻ ടീമിനെ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 1000 റണ്ണും 100 വിക്കറ്റുമെടുത്ത ഒന്‍പത് വനിതാ ക്രിക്കറ്റർമാരില്‍ ഒരാൾകൂടിയാണ് സന മിർ. 2018ൽ വനിതാ ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും ഇവർ എത്തിയിരുന്നു.