Reading Time: 7 minutes
ന്യൂ ഡല്‍ഹി:

രാജ്യത്ത് കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ 17000 കടന്നു, ആകെ മരണ സംഖ്യ 500 നു മുകളിലാണ്, ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് പോകുമ്പോള്‍ ജനജീവിതം അനിശ്ചിതത്വത്തിലും സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലുമാണ്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ സന്തോഷം പകരുന്നത് 2,800 ഓളം പേര്‍ രോഗമുക്തരായി ആശുപത്രി വിട്ട വാര്‍ത്തയാണ്.

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നെങ്കിലും, 290ഓളം പേര്‍ രോഗം ബേധമായി വീടുകളിലേക്ക് മടങ്ങി. 8% മായിരുന്ന റിക്കവറി നിരക്ക് 14 കടന്നതും രാജ്യത്തെ സംബന്ധിച്ച് പ്രതീക്ഷയുടെ വെട്ടമാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 56ഓളം വരുന്ന ജില്ലകളില്‍ പുതിയ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശുഭ സൂചകം തന്നെ. അതെ സമയം 325 ജില്ലകളില്‍ ഇതുവരെ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശിലെ മൂന്നു ജില്ലകളും ഇതില്‍പെടുന്നു.

മറ്റു വൈറസ് ബാധിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍വ് ഫ്ലാറ്റണ്‍ ചെയ്യുന്നതില്‍ വളരെ മുന്നിലാണ്. വിപുലമായ പരിശോധനങ്ങളും, നിരീക്ഷണങ്ങളും, ചികിത്സാ സൗകര്യങ്ങളും, കര്‍ശന നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഇന്ത്യയിലെ ചില നഗരങ്ങള്‍.

പ്രതിരോധത്തിന്‍റെ ഭില്‍വാര മോഡല്‍

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇറ്റലി എന്നായിരുന്നു രാജസ്ഥാനിലെ ഭില്‍വാരയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. Bhilwara, India’s Italy in making എന്നായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ട്.

ഭില്‍വാരയില്‍ കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ (screen grab, copy rights: PTI)

എന്നാല്‍, ആശങ്കയ്ക്ക് വഴിവെച്ചുകൊണ്ട് ഭില്‍വാരയില്‍ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് 19 കേസുകളുടെ കണക്കുകള്‍ ഇത്തരം പ്രയോഗങ്ങളിലെ അതിശയോക്തി ചോദ്യം ചെയ്തില്ല.

മാര്‍ച്ച് 21 ന് രാജസ്ഥാനില്‍ മൊത്തമായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ പകുതിയിലേറെയും ഭില്‍വാരയില്‍ നിന്നായിരുന്നു. പ്രദേശത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം വൈറസ് ബാധിതരുടെ കൂട്ടത്തിലുള്ളത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.

എന്നാല്‍, പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വിധി മാറ്റിയെഴുതുകയായിരുന്നു രാജ്യത്തെ പ്രമുഖ ടെക്സ്റ്റൈല്‍ നഗരമായ ഭില്‍വാര. ജില്ലാതല സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തിലുള്ള അടിയന്തര നടപടികള്‍ ത്വരിതഗതിയിലാണ് പുരോഗമിച്ചത്.

പത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ടെക്സ്റ്റൈല്‍ കമ്പനികള്‍ അടച്ചിടുകയും, 20ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന എല്ലാ മതചടങ്ങുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും, ഡോര്‍ ടു ഡോര്‍ സ്‌ക്രീനിംഗ് ആരംഭിക്കുകയും ചെയ്ത ഭില്‍വാര രാജ്യം ലോക്ക്ഡൗണാകുന്നതിന് മുമ്പ് തന്നെ ലോക്ക്ഡൗണായി.

(Screen grab, copyrights: Getty Images)

വലിയൊരു വ്യവസായ മേഖലയായ പ്രദേശം മുഴുവനായും അടച്ചിടുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിടേണ്ടി വരുന്നത് അവിടങ്ങളിലെ തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ വ്യവസായ സ്ഥാപനങ്ങളിലെ ഉടമസ്ഥരോട് ആളുകളെ പിരിച്ചുവിടാതിരിക്കാനും ശമ്പളം നല്‍കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ജില്ലക്ക് അകത്തും പുറത്തോട്ടുമുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവെക്കുകയായിരുന്നു രണ്ടാം ഘട്ടം. ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ നിയമിച്ചു. ഇവര്‍ക്കാവശ്യമായ ടെന്‍റടക്കമുള്ള സൗകര്യങ്ങള്‍ അന്നുതന്നെ തയ്യാറാക്കി.

ജില്ലയെ പ്രത്യേക സോണുകളായി തിരിച്ച് ഇവിടെയുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. ഗസ്റ്റ് ഹൗസുകളിലും മറ്റുമായി അറ്റാച്ചട് ബാത്ത്റൂം സൗകര്യമുള്ള 6000 ക്വാറന്റൈന്‍ റൂമുകളാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്. 24 മണിക്കൂറും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ആശുപത്രികളായിരുന്നു കൊവിഡ് 19 ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചത്.

പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ അകലം പാലിച്ച് നില്‍ക്കുന്ന ആളുകള്‍ (screen grab, copy rights: The Week )

കൊറോണ ഹോട്ടസ്‌പോട്ടായി മാറിയ ശേഷം രണ്ടാഴ്ചക്കുള്ളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന തരത്തിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളെ എത്തിക്കാന്‍ സാധിച്ച ഇന്ത്യയിലെ ആദ്യ ജില്ല കൂടിയാണ് ഭില്‍വാര. മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്ത 28 കേസുകളല്ലാതെ, കഴിഞ്ഞ ദിവസങ്ങളിലൊന്നും പുതിയ ഒരു കേസ് പോലും ഭില്‍വാരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതില്‍ 24 പേര്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് തിരികെ പോയി. അവശേഷിക്കുന്ന നാലുപേരില്‍ രണ്ടുപേര്‍ മൂന്നാംഘട്ട പരിശോധനാഫലങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്. മറ്റ് രണ്ടുപേര്‍ ചികിത്സയില്‍ തുടരുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച ഭില്‍വാര ജില്ലാ കളക്ടറായ രാജേന്ദ്ര ഭട്ടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരായിരുന്നു രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നെത്തിയത്. പ്രതിരോധപ്രവര്‍ത്തനങ്ങല്‍ അവസാനിപ്പിക്കാറായില്ലെന്നും, മെയ് 1 വരെ തുടരണമെന്നുമായിരുന്നു രാജേന്ദ്രഭട്ടിന്‍റെ നിര്‍ദ്ദേശം.

ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് (നടുവില്‍) ഭില്‍വാരയിലെ മഹാത്മാ ഗാന്ധി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ (screen grab, copy rights: The Week)

മൂന്ന് ഘട്ടമായുള്ള ഐസോലേഷനും ടെസ്റ്റിംഗും ക്വാറന്റൈനും പൂര്‍ത്തിയായാല്‍ രാജ്യത്തിന് തന്നെ മാതൃകയായ വിജയം ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് ഭരണകൂടവും ജനങ്ങളും.

കടമ്പ കടന്ന് കാസര്‍ഗോഡ്

ആരോഗ്യരംഗത്തെ പല പരിമിതികളും തരണം ചെയ്ത്, അതിജീവനത്തിന്‍റെ പാതയിലാണ് കേരളത്തെ വടക്കു നിന്ന് വേര്‍തിരിക്കുന്ന കാസര്‍ഗോഡ്. അന്ന് ഹോട്ട്സ്പോട്ടുകളിലൊന്നായി ആശങ്ക സൃഷ്ടിച്ചിരുന്ന കാസര്‍ഗോഡിനെ ഇന്ന് കോവിഡ് പ്രതിരോധത്തിന്റെ ഉദാഹരണമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ജില്ല സ്വീകരിച്ച നടപടികളെ എണ്ണിപ്പറഞ്ഞാണ് അഭിനന്ദന പ്രവാഹമെത്തുന്നത്.

അതിർത്തി ജില്ല, സംസ്ഥാന തലസ്ഥാനത്ത് നിന്ന് ഏറെ അകലെയുള്ള ജില്ല തുടങ്ങി ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ക്ക് പുറമെ, മറ്റു ജില്ലകളെ അപേക്ഷിച്ചു പരിമിതമായ ആരോഗ്യസംവിധാനങ്ങൾ, ചികിത്സയ്ക്ക് അയല്‍ സംസ്ഥാനത്തെ ആശ്രയിക്കേണ്ട അവസ്ഥ, ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ക്ഷാമം, വിദേശത്ത് ജോലിചെയ്യുന്നവര്‍ ഏറെയുള്ള ജില്ല തുടങ്ങി പ്രതിസന്ധികള്‍ ഏറെയായിരുന്നു കാസര്‍ഗോഡിനു മുന്നില്‍.

(screen grab, copyrights: Mathrubhumi)

ഫെബ്രുവരി മാസത്തിലായിരുന്നു ജില്ലയില്‍ ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ രോഗമുക്തി നേടിയെങ്കിലും, പിന്നീട് ഹോട്ടസ്പോട്ടായി പ്രഖ്യാപിക്കാന്‍ തക്കവണ്ണം നിരവധി കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്.

എന്നാല്‍, പരിമിതികള്‍ക്കകത്തു നിന്ന് പൊരുതിയ കാസര്‍ഗോഡ് 66 ശതമാനത്തിലേറെപ്പേര്‍ രോഗമുക്തി നേടി. ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഗോള തലത്തില്‍ തന്നെ നൂറില്‍ 25 പേര്‍ക്കാണ് രോഗം ഭേദമാകുന്നതെന്ന് ഓര്‍ക്കണം. 62 ശതമാനമാണ് രോഗമുക്തിയില്‍ സംസ്ഥാന ശരാശരി.

168 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 117 പേര്‍ രോഗമുക്തരായി, 51 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരില്‍ ഭൂരിഭാഗത്തെയും ഡിസ്ചാര്‍ജ്ജ് ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിയുന്നത്ര പോസിറ്റീവ് കേസുകള്‍ കണ്ടെത്തി ഐസൊലേറ്റ് ചെയ്താല്‍ വ്യാപനം കുറയ്ക്കാന്‍ കഴിയും എന്ന ആശയമായിരുന്നു കാസര്‍ഗോഡിനെ സംബന്ധിച്ച് പ്രാവര്‍ത്തികമായത്.

(screengrab, copyrights: The News Minute)

സമൂഹവ്യാപന സാധ്യതയറിയാന്‍ കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലും, സമീപത്തെ ആറു പഞ്ചായത്തുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ സര്‍വ്വെ നടത്തുകയും, അതു പ്രകാരം സമൂഹവ്യാപന സാധ്യത വിരളമാണെന്നും തെളിഞ്ഞിട്ടുണ്ട്.

വെന്‍റിലേറ്റര്‍ സൗകര്യങ്ങളും, ആംബുലന്‍സുകളും ദുര്‍ലഭമായിരുന്ന ജില്ലയില്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സൗകര്യങ്ങളൊരുക്കിയത്. മൂന്ന് കൊവിഡ് ആശുപത്രികളാണ് ജില്ലയിലുണ്ടായിരുന്നത്. വൈറസ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണിനു പിന്നാലെ ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു നിയന്ത്രണങ്ങള്‍.

പ്രവാസികള്‍ തിരിച്ചെത്തുന്നതാണ് ഇനി കാസര്‍ഗോഡ് നേരിടാനിരിക്കുന്ന വെല്ലുവിളി. വിമാനത്താവളങ്ങള്‍ക്കടുത്ത് തന്നെ കൊറോണ കെയര്‍ സെന്‍റര്‍ ഒരുക്കി ഇവരെ ക്വാരന്‍റൈന്‍ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ദരുടെ നിര്‍ദ്ദേശം. എന്നാല്‍ സ്ഥലപരിമിതി പ്രശ്നമുള്ളതിനാല്‍ വിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്ന ജില്ലകള്‍ ഇതിന് സമ്മതിക്കാന്‍ സാധ്യതയില്ല.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (screen grab, copyrights: Wikimedia Commons)

ഈ സാഹചര്യത്തില്‍ അതതു പഞ്ചായത്തുകളില്‍ ആളുകളെ ക്വാരന്‍റൈന്‍ ചെയ്യാനുള്ള സംവിധാനം കാസര്‍ഗോഡ് ജില്ലാഭരണകൂടം മുന്‍കൂട്ടി കണ്ടിട്ടുണ്ട്. ഇതിലൂടെ ആളുകളെ നിരീക്ഷിക്കുന്നതും ഭക്ഷണം ലഭ്യമാക്കുന്നതും എളുപ്പമാകും. പത്തുശതമാനം പ്രവാസികള്‍ തിരിച്ചു വരുമെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കണക്കു കൂട്ടുന്നത്.

ജയിച്ചു കയറിയ ദില്‍ഷദ് ഗാര്‍ഡന്‍

ഏഴ് കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ കൊവി‍ഡ് ഹോട്ട്സ്പോട്ടുകളില്‍ ഒന്നായിരുന്നു ഡല്‍ഹിയിലെ ദില്‍ഷദ് ഗാര്‍ഡന്‍. എന്നാല്‍ രാജസ്ഥാനിലെ ഭില്‍വാര പോലെ, തുടക്കത്തില്‍ തന്നെ കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു ഇവിടെ നടന്നത്.

ദില്‍ഷദ് ഗാര്‍ഡന്‍ ഉള്‍പ്പെടെ രാജ്യ തലസ്ഥാനത്ത് കൂടുതൽ രോഗബാധ സ്ഥിരീകരിച്ച നിസാമുദ്ദീൻ, മാൾവിയ നഗർ, ബെംഗളി മാർക്കറ്റ്, സങ്കം വിഹാർ, മയൂർ വിഹാർ, ദ്വാരക, ദിൻപൂർ വില്ലേജ്, കല്ല്യാൺപുരി, പാണ്ടവ് നഗർ, വെസ്റ്റ് വിനോദ് നഗർ, സീമാപുരി തുടങ്ങിയ 21 പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരിലായിരുന്നു ഡല്‍ഹി സര്‍ക്കാരിന്‍റെ പ്രതിരോധ നടപടികള്‍ പുരോഗമിച്ചത്.

ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദില്‍ഷദ് ഗാര്‍ഡനില്‍ ബാരിക്കേഡുകള്‍ വച്ച് ബ്ലോക്കു ചെയ്ത റോഡ് (screen grab, copy rights: India Today)

ഇതു പ്രകാരം, വൈറസ് ബാധിത പ്രദേശങ്ങള്‍ അടച്ചിടുകയും, നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. 123 പേരടങ്ങുന്ന മെഡിക്കല്‍ സംഘം 4000ത്തിലധികം വീടുകളിലെത്തി പരിശോധനകള്‍ നടത്തുകയും, വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു. 1500ലധികം പേരെയാണ് സ്ക്രീനിങ്ങ് ടെസ്റ്റിന് വിധേയരാക്കിയത്.

നോഡല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ഒരു ടീമിനെ ഏകോപിപ്പിച്ചായിരുന്നു ഭക്ഷണവും, റേഷനും, മരുന്നുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. സര്‍ക്കാര്‍ അധികൃതരുടെ നേതൃത്വത്തില്‍ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് നിര്‍മ്മിക്കുകയും, അവശ്യ വസ്തുക്കളുടെ ലിസ്റ്റ് ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതു വഴി, വേഗത്തില്‍ അവ എത്തിച്ചു നല്‍കുകയും ചെയ്തു.

ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നപ്പോഴും ദില്‍ഷദ് ഗാര്‍ഡനില്‍ മാത്രം സ്ഥിതി വ്യത്യസ്തമായി. പഴുതടച്ച് പ്രതിരോധം തീര്‍ത്തതോടെ ഇവിടെ കൊവിഡ് കേസുകള്‍ സാരമായി കുറഞ്ഞു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തു ദിവസത്തിനുള്ളില്‍ ഒരു കൊവിഡ് കേസു പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദില്‍ഷദ് കോളനിയില്‍ നടന്ന അണുനശീകരണം (screen grab, copyrights: Hindustan Times)

ഇപ്പോഴും വൈറസ് ബാധയ്ക്കുള്ള സാധ്യതകള്‍ തള്ളിക്കളയാതെ ഇടവിട്ടുള്ള സ്ക്രീനിങ്ങുകളും, വിവരശേഖരണങ്ങളും ദില്‍ഷദ് ഗാര്‍ഡനില്‍ നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ആളുകളെ നിരന്തരമായി നിരീക്ഷിക്കുകയും, രോഗലക്ഷണങ്ങളുള്ളവരെ ക്വാരന്‍റൈനിലാക്കുകയും ചെയ്യുന്നുണ്ട്.

യുപിയിലെ കൊവിഡ് മുക്ത ജില്ലകള്‍

കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന എല്ലാ രോഗികളും സുഖം പ്രാപിച്ചതോടെ, ഉത്തര്‍പ്രദേശിലെ പിലിഭിത്, മഹാരാജ്ഗഞ്ച്, ഹാത്രാസ് എന്നീ ജില്ലകള്‍ കൊവിഡ് മുക്ത ജില്ലകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദാണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്. നിയന്ത്രണങ്ങള്‍ തുടരാനും, പരിശോധനകളും നിരീക്ഷണങ്ങളും നിര്‍ത്തരുതെന്നും ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 22നായിരുന്നു പിലിഭിത് ജില്ലയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ 73 കാരിക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരുടെ മകനും രോഗം പിടിപെട്ടു. എന്നാല്‍, രണ്ടു പേരും പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടിരിക്കുകയാണിപ്പോള്‍.

(screengrab, copyrights: Hindustan Times )

രണ്ടാം ഘട്ട പരിശോധന ഫലം നെഗറ്റീവായതോടെ മഹാരാജ്ഗഞ്ച് ജില്ലയിലെ ആറു കൊവിഡ് രോഗികളും വീടുകളിലേക്ക് മടങ്ങി. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 36 പേരും കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡല്‍ഹി നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ നാലു പേരായിരുന്നു ഹാത്രാസ് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇവരും രോഗ മുക്തരായെന്ന ശുഭ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്ത് ദിനംപ്രതി ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ആശ്വാസമാകുന്നത്. ലോകരാജ്യങ്ങള്‍ക്കു തന്നെ പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയിലെ പല നഗരങ്ങളും ഏറ്റെടുത്തത്. വാക്സിനുകള്‍ക്കോ മരുന്നുകള്‍ക്കോ കാത്തിരിക്കാതെ, ഒരുമിച്ച് നിന്നുള്ള പ്രതിരോധ നടപടികള്‍ രാജ്യത്ത് ഫലം കാണുമ്പോള്‍ സധൈര്യം പറയാം, നാം ഇതും കടന്നുപോകുമെന്ന്.

Advertisement