ഡൽഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടിൽ അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച വാഴപ്പഴങ്ങളില്‍ നിന്ന്, ചീത്തയാകാത്തവ തിരഞ്ഞു പിടിക്കുന്ന കുറച്ചു മനുഷ്യരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പതിനായിരം കോടിയോളം രൂപ ദുരിതാശ്വാസ നിധിയില്‍ സമാഹരിച്ചിട്ടുണ്ടെന്ന് അഹങ്കരിക്കുന്ന ഒരു രാജ്യത്തിന്‍റെ തലസ്ഥാനത്താണ് സംഭവം.
കുടുംബത്തോടൊപ്പം ശീതീകരിച്ച മുറിയില്‍ കിടന്ന് ഹോം തിയറ്ററില്‍ ഇഷ്ട ചിത്രം കാണുകയും, പാചക പരീക്ഷണങ്ങളും വിനോദങ്ങളുമായി ഉല്ലസിക്കുകയും ചെയ്ത് ലോക്ക്ഡൗണ്‍ ആഘോഷമാക്കുന്നവരിലേക്ക് തീര്‍ത്തും വിഭിന്നമായ ഒരു ലോക്ക്ഡൗണ്‍കാലത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സംഭവം നല്‍കുന്നത്.
നഗരത്തിന്റെ തുറന്ന സമ്പദ് വ്യവസ്ഥയും മെട്രൊപോളിറ്റൻ സ്വഭാവവും തുണയ്ക്കെത്താത്ത ഒരു വിഭാഗം. രാജ്യം സമ്പൂര്‍ണ്ണമായി അടച്ചിട്ടപ്പോള്‍, ദിവസ വേതനത്തെ ആശ്രയിച്ചിരുന്ന അവര്‍, സ്വന്തം നാട്ടിലേക്ക് തിരികെ പോകാനാവാതെ, അതിര്‍ത്തി പ്രദേശങ്ങളില്‍ അധികാരം കയ്യിലെടുത്ത പോലീസുകാരുടെ മര്‍ദ്ദനത്തിന് വിധേയരായി, പൊരിവെയിലത്ത് മുഴുപ്പട്ടിണിയില്‍ മരണത്തിനു കീഴടങ്ങി ഉള്ളവന്‍റെയും ഇല്ലാത്തവന്‍റെയും ഇടയില്‍ നിലനില്‍ക്കുന്ന മതിലിന് പുതിയ രാഷ്ട്രീയമാനങ്ങളാണ് നല്‍കുന്നത്.
പ്രധാനമന്ത്രി ഓരോതവണ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും വിവിധ സംസ്ഥാനങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ എന്ന പുതിയ പേരിലറിയപ്പെടുന്ന അവര്‍ അസ്വസ്ഥരായി തെരുവിലിറങ്ങി. എന്നാല്‍, പ്രത്യാശയുടെ ഒരു കിരണം പോലും ഭരണാധികാരികളുടെ വാക്കുകളിൽ നിന്ന് അവർക്ക് കണ്ടെടുക്കാനാകുന്നില്ല എന്നതാണ് വാസ്തവം. പാതിവഴിയില്‍ അവര്‍ നീതി കാത്ത് നില്‍ക്കുകയാണ്.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ് തുടങ്ങി വിവിധ നഗരങ്ങളില്‍ അവര്‍ കൂട്ടം കൂടിയപ്പോള്‍ കൊറോണയോ, സാമൂഹിക അകലമോ ആയിരുന്നില്ല മുഴച്ചു നിന്ന വികാരം. തിരികെ സ്വന്തം നാട്ടിലെത്തുക എന്നതു മാത്രം.
കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആതിഥേയ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുമ്പോൾ, സ്വീകരിക്കാൻ അവരുടെ സ്വന്തം സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല എന്നതും വസ്തുതയാണ്. ഈ പലായനം കൊവിഡ് 19 വ്യാപനത്തിന് കാരണമാകുമോ എന്നു തന്നെയാണ് ഭയം.
ഒരു രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുകയാണോ ഈ ലോക്ക്ഡൗണ്‍ കാലം? കൂട്ടം കൂടുന്ന ഈ കുടിയേറ്റ തൊഴിലാളികളില്‍ ശാരീരിക അകലമെന്ന ആശയം എങ്ങനെ ഫലവത്താകും? എങ്ങനെ പരിഹരിക്കും ഇന്ത്യയിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് പ്രതിസന്ധി?
വേതനമില്ല വേദന മാത്രം…
പശ്ചിമ ബംഗാളാണ് അന്തർസംസ്ഥാന റെയിൽ ഗതാഗതം പൂർണമായി നിർത്തണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ സംസ്ഥാനം. മാര്‍ച്ച് 21ന് അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും, സംസ്ഥാനാതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികളെ വീണ്ടും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ ജില്ലാ അധികൃതർ അനുവദിക്കരുതെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനർജി പുറത്തുവിട്ട പൊതു ഉത്തരവിലെ പ്രധാന ആഹ്വാനം.
അയല്‍ സംസ്ഥാനമായ ബീഹാറും കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടി. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ സംസ്ഥാനത്തേക്ക് തിരിച്ചു വന്നാല്‍ അത് ലോക്ക്ഡൗണിന്‍റെ ഉദ്ദേശ്യം പരാജയപ്പെടാന്‍ കാരണമാകുമെന്നായിരുന്നു മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞത്.
” ഡല്‍ഹിയിലും മറ്റു നഗരങ്ങളിലുമുള്ള കുടിയേറ്റ തൊഴിലാളികളെ, ബീഹാറിലേക്ക് തിരിച്ചയക്കുന്നത്, സംസ്ഥാനത്തിനെതിരെയുള്ള ആരോഗ്യയുദ്ധത്തിന് തുല്യമാണ്”, ജനതാദൾ(യുണൈറ്റഡ്) വക്താവ് കെസി ത്യാഗിയുടെ വാക്കുകളാണിവ.
വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനുപകരം അവർ താമസിക്കുന്നതെവിടെയാണോ, അവിടെ തന്നെ തുടരാൻ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്ന നടപടിയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരും സ്വീകരിച്ചത്.
ഏപ്രിൽ 12 ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള അവലോകന യോഗത്തിൽ സംസ്ഥാനത്ത് കുടിയേറ്റക്കാരെ പാർപ്പിക്കുന്നത് സാമൂഹിക അസ്വസ്ഥതകൾക്ക് കാരണമാകുമെന്നാണ് കേരളം വാദിച്ചത്. അതിനാല്‍, കുടിയേറ്റക്കാരെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.
കേരളത്തില്‍ 3.85 ലക്ഷം അന്തർസംസ്ഥാന കുടിയേറ്റക്കാരുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. അതിനാല്‍ ആദ്യഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14മുതല്‍ പ്രത്യേക നോൺ-സ്റ്റോപ്പ് ട്രെയിനുകളില്‍ ഇവരെ തിരിച്ചയക്കാന്‍ റെയില്‍വെ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലോക്ക്ഡൗണിന്‍റെ രണ്ടാംഘട്ടം മെയ് 3 വരെ നീട്ടിയ സാഹചര്യത്തില്‍ ഇത് നടന്നില്ല.
കേരളത്തെ പിന്തുണച്ചുകൊണ്ട്, തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് തന്നെയാണ് മഹാരാഷ്ട്രയും വാദിച്ചത്. കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ 24 മണിക്കൂർ ട്രെയിന്‍ സംവിധാനം അനുവദിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഏപ്രില്‍ 14 ചൊവ്വാഴ്ച, ലോക്ക്ഡൗണ്‍ കാലാവധി നീട്ടുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി എത്തിയതിനു പിന്നാലെ, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലൊക്കെ തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് വാര്‍ത്തയായതായിരുന്നു.
മഹാരാഷ്ട്രയിലെ ബാദ്രയില്‍, സബര്‍ബന്‍ ബാദ്ര ബസ് ഡിപ്പോയ്ക്കു സമീപം, വൈകിട്ട് 3 മണിയോടുകൂടി, ഒത്തുകൂടിയത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കനത്ത പോലീസ് സംരക്ഷണമായിരുന്നു പ്രദേശത്ത്.
എന്നാല്‍, കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറാകാത്ത പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഭക്ഷണവും താമസവും ഏര്‍പ്പാടുചെയ്യാമെന്ന വാഗ്ദാനത്തിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. തുടര്‍ന്ന്, തൊഴിലാളികളെ പ്രകോപിപ്പിച്ചെന്ന ആരോപണമുന്നയിച്ച് വാര്‍ത്താ ചാനലുകളെ അടക്കം എഫ്ഐആറില്‍ പ്രതി ചേര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 5.6 കോടി അന്തർ സംസ്ഥാന കുടിയേറ്റക്കാരുണ്ട്. അതെ സമയം, 12 കോടിയിലധികം അന്തർ സംസ്ഥാന കുടിയേറ്റക്കാരുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അന്തർ സംസ്ഥാന കുടിയേറ്റത്തിന്റെ നിരക്ക് ഇന്ത്യയിൽ വളരെ കുറവാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.
ചൈനയിലും ബ്രസീലിലും ഇന്ത്യയെക്കാള്‍ നാലിരട്ടി അന്തർ സംസ്ഥാന കുടിയേറ്റക്കാരുണ്ട്, അമേരിക്കയില്‍ ഇത് ഒന്‍പത് മടങ്ങാണ്. 80 രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ ആഭ്യന്തര കുടിയേറ്റത്തിൽ ഇന്ത്യ, പട്ടികയില്‍ അവസാനത്തേതാണ്.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് പോകുന്നത് തടഞ്ഞ്, സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന വസ്തുത വിശദീകരിക്കുകയാണ് അന്തർസംസ്ഥാന കുടിയേറ്റത്തിന്റെ ഈ കുറഞ്ഞ നിരക്ക്. എന്നാല്‍ ഈ സാഹചര്യം ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയേ ഉള്ളൂ.