Wed. Nov 6th, 2024
#ദിനസരികള്‍ 1093

 
നിങ്ങള്‍ റൂബാ ഇയാത്ത് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍‌ച്ചയായും വായിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്ന് ഞാന്‍ ചിന്തിക്കുന്നവയുടെ പട്ടികയില്‍ റൂബാ ഇയാത്തുണ്ട്. ഈ പുസ്തകത്തെക്കുറിച്ച് ഒരു കഥയുണ്ട്.

ഓക്സ്‌ഫോര്‍ഡില്‍‌ നിന്നും ഇ ബി കോവല്‍ കണ്ടെടുത്ത കൈയ്യെഴുത്തു പ്രതിയില്‍ ആകെ നൂറ്റിയറുപത് ഗാഥകളുണ്ടായിരുന്നു. അതില്‍ നിന്ന് എഴുപത്തിയഞ്ചെണ്ണമാണ് ഫിറ്റ്സ്‌ജെറാള്‍ഡ് ആംഗലേയത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. വിവര്‍ത്തനം ചെയ്തവ അദ്ദേഹം ഒരു മാസികയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും അവരതു പ്രസിദ്ധീകരിച്ചില്ല.

ഏറെ നാളുകള്‍ക്കു ശേഷം 1859 ല്‍ അദ്ദേഹം അത് സ്വന്തമായി അച്ചടിച്ചുവെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. കെട്ടിക്കിടക്കുന്ന പുസ്തകം ഒഴിവാക്കിയെടുക്കണമെന്ന ചിന്തയില്‍ ഫിറ്റ്സ് ജെറാള്‍ഡ് അതെല്ലാം കൂടി ഒരു പുസ്തക വില്പനക്കാരന് വെറുതെ കൊടുത്തു. അദ്ദേഹം അത് ഓരോ പെനി വെച്ച് വിറ്റൊഴിച്ചു പണമുണ്ടാക്കി.

അതിലൊരു കോപ്പി റോസറ്റി, സ്വിന്‍‌ബേണ്‍ തുടങ്ങിയ കവികളുടെ ശ്രദ്ധ പിടിച്ചു പറ്റി. അവര്‍ ഫിറ്റ്സ് ജെറാള്‍ഡിനെ നേരിട്ടുകണ്ട് അഭിനന്ദിച്ചു. അതില്‍ പ്രചോദിതനായി അദ്ദേഹം ആ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് 1868 ല്‍ വീണ്ടും അച്ചടിച്ചു. പിന്നീട് അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വന്നില്ല. ലോകമാകെ പ്രചരിപ്പിക്കപ്പെട്ട ആ കൃതിയുടെ വിവര്‍ത്തകനും എഴുത്തുകാരനൊപ്പം ചിരഞ്ജീവിയായി.

ഒമര്‍ഖയ്യാം സ്ഫടിക പാത്രത്തില്‍ നിറച്ചു വെച്ചിരിക്കുന്ന ഈ മുന്തിരിച്ചാറില്‍ നിന്നും നാം, മലയാളികള്‍ എക്കാലത്തും പല തവണകളിലായി ലഹരി തേടിയിട്ടുണ്ട്. പലരും അതിനെ മലയാള ഭാഷയിലേക്ക് ആവാഹിക്കുകയുമുണ്ടായി. ആ കൂട്ടത്തില്‍ തിരുനെല്ലൂര്‍ കരുണാകരന്റെ മൊഴിമാറ്റം വേറിട്ടു നില്ക്കുന്ന ഒന്നാണ്. ആ പുസ്തകത്തിന്റെ ആമുഖത്തിലാണ് നാം മുകളില്‍ കണ്ട പുസ്തകം കണ്ടെടുക്കാനുണ്ടായ സാഹചര്യം വിവരിച്ചിരിക്കുന്നത്.

എന്താണ് റുബാ ഇയാത്തിലെ ചിന്ത? ജീവിതം ഇവിടെ കാണുന്നതു മാത്രമേയുള്ളുവെന്നും ഇതിനപ്പുറമുണ്ടെന്ന് പറയുന്നത് വഞ്ചനയാണെന്നുമാണ് ഒരു കൂട്ടര്‍ പറയുന്നത്. പുരോഹിതന്മാരും മറ്റും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്നും പരലോകത്തെ ചൂണ്ടിക്കാട്ടി ഇഹലോക ജീവിതത്തിലെ മനോഹരമായ അനുഭവങ്ങളെ നിരസിക്കുവാന്‍ പ്രേരിപ്പിക്കുകയാണെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ പരലോകത്തെ പരമാനന്ദത്തെയാണ് മുന്തിരിച്ചാറെന്നും മറ്റും വിശേഷിപ്പിക്കുന്നതെന്നും പരമകാരുണികനായ ദൈവത്തിന്റെ വാഴ്ത്തുകളാണ് ഖയ്യാം നിര്‍വ്വഹിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇഹജീവിതത്തിന് പ്രാധാന്യം കൊടുക്കാതെയും സ്രഷ്ടാവായ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചും ജീവിക്കുന്നവര്‍ക്ക് മരണാനന്തരം ലഭ്യമാകുന്ന അസുലഭ ജീവിതത്തെക്കുറിച്ചുള്ള വര്‍ണനകളാണ് അതിലാകെ എന്നാണ് അത്തരക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്തായാലും രണ്ടാമത്തെ കൂട്ടരോട് എനിക്കൊരു മമതയുമില്ലെന്നു മാത്രവുമല്ല അവര്‍ ഖയ്യാമിനെ തെറ്റായി വ്യാഖ്യാനിക്കുവാനാണ് വ്യഗ്രതപ്പെടുന്നത് എന്ന ആക്ഷേപവുമുണ്ട്. ഖയ്യാം പാടിയത് ഇഹലോകങ്ങളെക്കുറിച്ചു തന്നെയാണ്.

അക്കാലത്തെ വിഖ്യാതനായ ഒരു ശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന ഖയ്യാമില്‍ നിന്ന് അത്രത്തോളമെങ്കിലും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുക. കാലത്തിന്റെ പ്രത്യേകത കൊണ്ട് (ഖയ്യാം 18 1048 മെയ് പതിനെട്ടിന് ജനിച്ചു 1131 ഡിസംബര് നാലിന് മരിച്ചു) ഒരു പക്ഷേ അതെല്ലാം ധ്വന്യാത്മകഗീതങ്ങളാണെന്ന് അദ്ദേഹം അഭിനയിച്ചിരിക്കാം. അതല്ലെങ്കില്‍ ദൈവ നിഷേധം ചുമത്തി വിധിക്കപ്പെട്ടാലോ എന്ന പേടിയും ഒരു കാരണമായിരിക്കാം. എന്തായാലും റൂബായിയാത്ത് പരലോക വിശ്വാസികളെക്കാള്‍ ഇക്കാലത്ത് ഇവിടെ ജീവിച്ചു മരിച്ചൊടുങ്ങുന്ന മനുഷ്യരെയാണ് യാതൊരു മതത്തിന്റേയോ വിശ്വാസത്തിന്റെ പരിവേഷങ്ങളില്ലാതെ ആകര്‍ഷിക്കുന്നത്. അതുകൊണ്ട് പാടുക, വീണ്ടും വീണ്ടും പാനപാത്രം നിറയ്ക്കുക, രസനിഷ്യന്ദിയായ ഈ ജീവിതം നമുക്കുള്ളതാണ്.

ചാഞ്ഞ പച്ചിലച്ചില്ലപ്പട‍ര്‍പ്പിനു
താഴെ വല്ലതുമല്പമാഹാരവും
പാനപാത്രം നിറയും മദിരയും
ഭാവസാന്ദ്രമധുരം കവിതയും
ഗാഢമൌനവിജനതാലീനമാം
ഗാനമാലോലമാപിച്ചങ്ങനെ
കൂടെ നീയുമുണ്ടെങ്കില്‍ കൊടുംവനം
കൂടി നന്ദനമാണെനിക്കോമനേ!

എത്രമാത്രം മധുരമാണോര്‍ക്കിലീ
മര്‍ത്യലോകമെന്നെണ്ണുന്നിതൊട്ടുപേര്‍
ഇങ്ങിനിയും വരാനിരിക്കുന്നതാം
സ്വര്‍ഗ്ഗമത്രേ വരേണ്യമെന്നന്യരും;
കാശുകൈവശമുള്ളതെടുത്തുകൊ –
ണ്ടാശ വിട്ടു മറ്റെല്ലാം ത്യജിക്കുക
ദൂരെ നിന്നു മുഴങ്ങുന്നതുണ്ടൊരു
ധീര കാഹള സംഗീതമങ്ങതാ!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.