കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ലോകം മുഴുവൻ സ്തംഭിച്ചിട്ട് നൂറ് ദിവസം കഴിഞിരിക്കുന്നു. വൈറസ് ഭീതിയൊഴിഞ്ഞാലും സാമ്പത്തിക മാന്ദ്യം എന്ന വലിയ വിപത്തിന്റെ ഭീതിയിലാണ് ലോകം. നിലവിൽ ആഗോളതലത്തിൽ മാന്ദ്യത്തിന്റെ പ്രാരംഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. പ്രതീക്ഷ നകുന്നത് ചൈനയിലെ അടച്ചിട്ട വുഹാൻ മാർക്കറ്റ് ഭാഗികമായി തുറന്നു എന്ന വാർത്തകളാണ്.
ആഗോള സാമ്പത്തിക പ്രതിസന്ധികൾ
ആഗോളതലത്തിൽ കൊറോണ വൈറസ് ബാധ വിവിധ മേഖലകളെ സാരമായി തന്നെ ബാധിച്ചുകഴിഞ്ഞു. ലോകത്തിലെ സാമ്പത്തിക ശക്തികളായ അമേരിക്ക ചൈന ഇറ്റലി ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് വ്യപനത്തിന്റെയും അതുമൂലം ഉണ്ടായ ആരോഗ്യരംഗത്തെ തകർച്ചയെയും മറികടക്കാൻ വർഷങ്ങൾ തന്നെ വേണ്ടിവരും.
വൈറസ് വ്യാപനം ഗ്ലോബൽ ഷെയർമാർക്കറ്റുകളിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. നിക്ഷേപകർ ഭയം മൂലം വലിയ രീതിയിൽ നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങി. കോറോണയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്ത് ഉണർവേകാൻ ഉള്ള നടപടികൾക്ക് സാധ്യത കുറവാണ് എന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ. മിക്ക രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചു. വിപണിയിൽ കറൻസി വിനിമയം കൂട്ടാനും അതുവഴി സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുകയുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ ഏപ്രിൽ മാസത്തിൽ മാത്രം ജോലിനഷ്ടപെട്ടവരുടെ എണ്ണം 60 ലക്ഷത്തിനും മുകളിലാണ്.

രാജ്യങ്ങൾ ലോക്ക് ഡൗണിലേക്ക് നീങ്ങിയതും രാജ്യാതിർത്തികൾ അടച്ചതും യാത്രയുമായി ബന്ധപ്പെട്ടുകിടക്കുന്ന വിമാന സർവീസുകൾ, ടൂറിസം, മറ്റു ബിസിനസുകൾ എന്നിവയെ വളരെ പ്രതികൂലമായി തന്നെ ബാധിച്ചു. വിമാന സർവീസുകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

ലോകത്തെ വ്യവസായിക ഉല്പാദനത്തിൽ വലിയ പങ്കു വഹിക്കുന്ന ചൈനയുടെ ഉത്പാദന നിരക്ക് മുന്പെങ്ങുമില്ലാത്ത രീതിയിൽ നെഗറ്റീവ് വളർച്ചയിലേക്ക് കൂപ്പു കുത്തി. വ്യാവസായിക ഉത്പാദനം 13.5ശതമാനത്തിലേക്ക് താണു.

ഐഎംഎഫ് നൽകുന്ന വിവരങ്ങൾ
2018ൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കാൾ വലിയ മാന്ദ്യമാണ് വരാനിരിക്കുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറയുകയുണ്ടായി.
“ഐഎംഎഫിന്റെ ചരിത്രത്തില്‍ ലോക സാമ്പദ് വ്യവസ്ഥ ഒരിക്കലും നിലച്ചതായി നാം കണ്ടിട്ടില്ല. നമ്മള്‍ ഇപ്പോള്‍ മാന്ദ്യത്തിലാണ്. ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണ്. നമ്മളെല്ലാവരും ഒത്തുചേരേണ്ട ഒരു പ്രതിസന്ധികൂടിയാണിത്” എന്നാണ് ജോർജീവയുടെ വാക്കുകൾ.

ഇതിനോടകം തന്നെ 90 ഓളം രാജ്യങ്ങള്‍ അടിയന്തര ധനസഹായത്തിനായി ഐഎംഎഫിനെ സമീപിച്ചിട്ടുണ്ടെന്നും ആരോഗ്യ ചെലവുകള്‍ക്കും, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവര്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം നാൽപതു വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് വരാനിരിക്കുന്നത് എന്ന് ലോകബാങ്കും പറഞ്ഞുകഴിഞ്ഞു.
എട്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ മേഖലയിൽ വര്‍ഷം, 1.8% മുതല്‍ 2.8% വരെ സാമ്പത്തിക വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക്‌സ് ഫോക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ കണക്കുകൾ
ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല,ജനുവരി മധ്യത്തിൽ 42000 മുകളിൽ ആയിരുന്ന പ്രധാന ഓഹരിസൂചിക ബിഎസ്ഇ സെൻസെക്സ് ഫെബ്രുവരി അവസാനം വരെ 40000 മാർക്കിനടുത്താണ് വ്യാപാരം അവസാനിപ്പിച്ചു കൊണ്ടിരുന്നത്. എന്നാൽ മാർച്ച് ആദ്യവാരത്തോടെ വിപണി തുടർച്ചയായി താഴോട്ട് പോയി.

ഏപ്രിൽ ഒൻപതിന് 31159ൽ എത്തിനിൽകുകയാണ് പ്രധാന ഓഹരി സൂചിക.മ്യുച്ചൽ ഫണ്ടുകളുടെ പ്രകടനത്തിലും സാരമായ ഇടിവാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ സംഭവിച്ചത്.
ആസ്തികളുടെ വലുപ്പം അടിസ്ഥാനപ്പെടുത്തി ഹൈബ്രിഡ്, ബാലൻസ്‌ഡ് അഡ്വാൻറ്റേജ് വിഭാഗങ്ങളിൽ ശരാശരി 25 ശതമാനം തകർച്ചയും, സമ്പൂർണ ഇക്വിറ്റി വിഭാഗങ്ങളിൽ ഉൾപ്പെട്ട പ്രധാന സ്കീമുകളിൽ 30 മുതൽ 40 ശതമാനം വരെ നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെ കരകയറാം
വരാനിരിക്കുന്ന ഈ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും എങ്ങനെ കരകയറാൻ ആവും എന്നത് ലോകത്തെ മുഴുവൻ അലട്ടികൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. ഈ വിഷയത്തിൽ മുൻ റിസർവ് ബാങ്ക് ഗവർണറും ഇപ്പോൾ ഐഎംഎഫ് ഉപദേശക സമിതി അംഗവുമായ രഘുറാം രാജന്റെ വാക്കുകൾ പരിശോധിക്കുമ്പോൾ.

നിലവിലെ സ്ഥിതി അനുസരിച്ചു ചൈനയിൽ ആഭ്യന്തര മൊത്ത ഉല്പാദനത്തിൽ വാർഷികാടിസ്ഥാനത്തിൽ 35% ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷെ പല ഫാക്ടറികളും വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഉപഭോഗത്തിൽ നേരിയ വർദ്ധനവ് രേഖപെടുത്തുന്നു. എന്നിരുന്നാലും പൂർണശേഷിയോടെ പ്രവർത്തിക്കാൻ സാധിച്ചിട്ടുമില്ല. ഇന്ത്യയിലെ സാമ്പത്തിക വളർച്ച നെഗറ്റീവ് ആവുമെങ്കിലും സാമ്പത്തിക ഉത്തേജന നടപടികളുടെയും ലോക്ക് ഡൗൺ കാലയളവിനെയും കണക്കിലെടുത്തു അടുത്ത വർഷത്തോടെ സ്ഥിതി മെച്ചമാകുമെന്നു പ്രതീക്ഷിക്കാം. രോഗനിർണയത്തിനുള്ള അതിവേഗ സംവിധാനങ്ങളും പൊതുഇടങ്ങളിലെ സുരക്ഷയും ഉറപ്പാക്കിയാൽ ജനങ്ങൾ പുറത്തിറങ്ങുകയും ഉപഭോഗം വർധിക്കുകയും ചെയ്യും.
കറന്റ് അക്കൗണ്ട് മിച്ചം ഇന്ത്യക്കു അനുകൂലമാണ് ഇതുകൊണ്ടുതന്നെ വിദേശനാണ്യത്തെ ആശ്രയിക്കേണ്ടാത്ത അവസ്ഥയാണ്. വിദേശ നാണ്യം ഇന്ത്യക്കു പുറത്തുപോകുന്നത് തടഞ്ഞു കൂടുതൽ വിദേശനാണ്യം ഇന്ത്യയിൽ എത്തിക്കാനാവണം. മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ വിദേശനാണ്യ വിനിമയ നിരക്ക് ഏറെക്കുറെ സുസ്ഥിരമാണ്.
സാധാരണക്കാരായ ജനങ്ങളിലേക്ക് പണം എത്തിക്കുക എന്നതാണ് മറ്റൊരു പോംവഴി. പൊതുവിതരണ സംവിധാനത്തിലൂടെ ആവ്യശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകി പാവപെട്ട ജനങളുടെ ക്ഷേമം ഉറപ്പുവരുത്താം.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകുക. എന്നാൽ അവയുടെ കടബാധ്യതകൾ തീർക്കാനുള്ള സഹായമായി ഇതിനെ ഉപയോഗപ്പെടുത്താൻ പാടില്ല. പ്രതിസന്ധിയിൽ പ്രവർത്തനരഹിതമായ സംരംഭങ്ങളെ രക്ഷിക്കുകയാണ് ലക്‌ഷ്യം. ഇതിനായി സബ്‌സിഡികൾ അനുവദിക്കുക. കോർപറേറ്റ് ബോണ്ടുകൾ പുറപ്പെടുവിച്ച് അവയിൽ നിക്ഷേപിക്കാൻ മറ്റ് ബാങ്കുകളോട് ആർബിഐക്ക് ആവശ്യപ്പെടാം. ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പണലഭ്യത വർധിപ്പിക്കാൻ ആർബിഐ നടപടി എടുക്കേണ്ടിവരും. മുൻഗണനകൾ നിശ്ചയിച്ച് ഉത്തേജന പാക്കേജുകൾ നടപ്പിലാക്കുക. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക എന്നി നടപടികൾ എടുക്കേണ്ടതായി വരും. എങ്കിലും എത്രത്തോളം ഈ നടപടികൾ മുഖേന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ സാധിക്കും എന്നത് എത്രകാലം ലോക്ക് ഡൗണിൽ കിടക്കേണ്ടിവരും എന്നതിനെ അനുസരിച്ചായിരിക്കും.