Fri. Nov 22nd, 2024
#ദിനസരികള്‍ 1091

 
പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്. അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ കൊറോണയില്‍ പകച്ച് ചികിത്സക്കുവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെ നല്കി സഹായിക്കുവാന്‍ ക്യൂബയ്ക്ക് കഴിഞ്ഞത്.

ക്യൂബ ആരോഗ്യരംഗത്ത് കൈക്കലാക്കിയ ഈ നേട്ടം 1959 ല്‍ ജനകീയ വിപ്ലവം നടന്നതിനു ശേഷം, തങ്ങളുടെ പൌരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ച് നിതാന്ത ജാഗ്രതയോടെ നടത്തിയ ഇടപെടലുകളുടെ ഫലമാണ്. അമേരിക്കയുടെ മുതലാളിത്തസമീപനങ്ങള്‍ക്ക് നിരന്തരം തലവേദനയുണ്ടാക്കിയാണ് ക്യൂബ നാളിതുവരെ നമ്മുടെ ശ്രദ്ധ നേടിയെടുത്തത്. അമേരിക്കയുടെ ഞെരുക്കലുകള്‍ എല്ലാ ദിശകളില്‍ നിന്നും അനുഭവിച്ചിട്ടും (വിവരങ്ങള്‍ William Blum ന്റെ Rogue State ല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്) ആ രാജ്യം മനുഷ്യ വിഭവ വികസന ശേഷിയുടെ കാര്യത്തില്‍ എഴുപത്തിരണ്ടാം സ്ഥാനത്താണ്. ഇന്ത്യ 122 ആം സ്ഥാനത്താണ് എന്നതു കൂടി കൂട്ടിവായിക്കുക.

ക്യൂബ കൈവരിച്ച ഈ നേട്ടം ഹ്രസ്വമായ ഒരു കാലഘട്ടം കൊണ്ടുണ്ടായതല്ല. വിപ്ലവാനന്തര സമൂഹത്തിന്റെ നിര്‍മ്മിതി ഏതൊക്കെ മൂല്യങ്ങളിലായിരിക്കണം എന്നു ചിന്തിച്ച ഒരു നേതൃത്വത്തിന്റെ ആര്‍ജ്ജവമുളള്ള ഇടപെടലുകള്‍ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു അവബോധമായി, ജാഗ്രതയായി ക്യൂബന്‍ ജനത പ്രവര്‍ത്തിച്ചുവെന്നു വേണം മനസ്സിലാക്കാന്‍. ഞങ്ങള്‍ അണ്വായുധങ്ങളല്ല, മനുഷ്യരെ സംരക്ഷിച്ചു പിടിക്കുന്ന ഡോക്ടര്‍മാരെയാണ് സൃഷ്ടിക്കുന്നതെന്ന് തലയുയര്‍ത്തി നിന്ന് ലോകത്തോട് പ്രഖ്യാപിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വത്തെയായിരുന്നു ക്യൂബയ്ക്ക് ലഭിച്ചത് എന്നതില്‍ അഭിമാനിക്കേണ്ടതുണ്ട്.

ഈ ശ്രമം, ആരോഗ്യത്തേയും വൈദ്യശാസ്ത്രത്തേയും പ്രാധാന്യത്തോടെ കാണുന്ന ഒരു കാഴ്ചപ്പാട് സമൂഹത്തിന്റെ പൊതുവായ ചിന്തയായി പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമം – വിപ്ലവത്തിനു പിന്നാലെ തന്നെ ക്യൂബന്‍ നേതൃത്വം സ്വീകരിച്ചിരുന്നതായി കാണാം. ഒരു ഡോക്ടര്‍ കൂടിയായ ചെഗുവേര അത്തരത്തിലൊരു നയം ക്യൂബയില്‍ നടപ്പിലാക്കിയെടുക്കാന്‍ ഗാഢമായി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം ക്യൂബയിലെ വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥികളോടും ആരോഗ്യപ്രവര്‍ത്തകരോടുമായി നടത്തിയ ഒരു പ്രസംഗം അത്തരമൊരു സമൂഹം രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നു.

അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ ജോസ് മകാഡോയുടെ സാന്നിധ്യത്തില്‍ വൈദ്യശാസ്ത്രവിദ്യാര്‍ത്ഥികളോട് 1960 ആഗസ്ത് 20 നാണ് ചെഗുവേര ഈ പ്രഭാഷണം നടത്തുന്നത്. ചെഗുവേരയുടെ മാനവികതയിലൂന്നിയ വിപ്ലവ ജീവിതം ക്യൂബന്‍ ജീവിതത്തെ സാരമായി സ്വാധീനിച്ച ഒന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അനുകരണീയമായ ഒരു മാതൃകയായി കാണുക സ്വാഭാവികവുമാണല്ലോ.

ഡോക്ടറെന്ന നിലയിലാണ് തന്റെ ജീവിതം ആരംഭിക്കുന്നതെന്ന് അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്. “വിജയം ഞാന്‍ കൊതിച്ചിരുന്നു. എല്ലാവരേയും പോലെ. പ്രശസ്തനായ ഗവേഷകനാകണം എന്ന് ഞാന്‍ സ്വപ്നം കണ്ടു. മനുഷ്യവര്‍ഗ്ഗത്തിന് സംഭാവനയായി സമര്‍പ്പിക്കുവാന്‍ സാരമായി എന്തെങ്കിലും കണ്ടെത്തണമെന്നും അതിനായി അത്യധ്വാനം ചെയ്യണമെന്നും സ്വപ്നം കണ്ടു.

സമൂഹത്തിനു നേട്ടം വ്യക്തിപരമായ വിജയവും ആകുമല്ലോ. എല്ലാവരേയും പോലെ ഞാനും സാഹചര്യത്തിന്റെ സന്തതിയായിരുന്നു.” സാഹചര്യത്തിനോട് ഇണങ്ങി നിന്ന് പോകുക എന്നതില്‍ നിന്ന് സാഹചര്യങ്ങളെ മാറ്റിയെടുക്കുക എന്നതിലേക്കുള്ള നീണ്ട പ്രയാണം ചെഗുവേര തുടങ്ങുന്നത് അങ്ങനെയാണ്. അദ്ദേഹം തുടരുന്നു. “വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും ഡോക്ടറായിരുന്നപ്പോഴും ഞാന്‍ നടത്തിയ യാത്രാവേളയില്‍ ദാരിദ്ര്യം രോഗം വിശപ്പ് എന്നിവ അടുത്തറിഞ്ഞു. പണമില്ലാത്തതുകൊണ്ട് മക്കളെ ചികിത്സിക്കാന്‍ കഴിയാത്തവര്‍, വിശപ്പിന്റെ കടുപ്പം കാരണം മക്കളെ നഷ്ടപ്പെടുത്തുന്ന അച്ഛനമ്മമാര്‍.

അത്തരം സംഭവങ്ങള്‍ അപ്രധാനമായി അവഗണിക്കപ്പെടുന്ന അവസ്ഥ ലാറ്റിനമേരിക്കയിലെ നമ്മുടെ മാതൃദേശത്തെ ദുരിതം നിറഞ്ഞ വീടുകളില്‍ സര്‍വ്വസാധാരണമാണെന്ന് ഞാന്‍ മനസ്സിലാക്കി. പ്രശസ്തനായ ഗവേഷകനോ വൈദ്യശാസ്ത്രത്തിന് സാരമായി സംഭാവന നല്കുന്നവനോ ആകുന്നതുപോലെ പ്രധാനമാണ് ആ പാവങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തിയുമെന്ന് ഞാന്‍ മനസ്സിലാക്കി.”

ആ മനസ്സിലാക്കല്‍ സാമൂഹ്യമായി ദുരിതം അനുഭവിക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തണം എന്ന ചിന്തയിലേക്ക് ചെഗുവേരയെ നയിച്ചു. മനുഷ്യനെ രോഗങ്ങളില്‍ നിന്നുമെന്നതുപോലെ തന്നെ ഭരിക്കുന്നവരുടെ രോഗം ബാധിച്ച മനസ്സുകളില്‍ നിന്നും രക്ഷിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചിന്തിച്ചു.

ആ ചിന്ത ആദ്യം വിപ്ലവം എന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു. ജനത സ്വതന്ത്രമായാല്‍മാത്രമേ അവര്‍ക്ക് ആവശ്യമായ നയപരിപാടികളെ സ്വതന്ത്രമായി രൂപീകരിക്കുവാന്‍ സാധിക്കുകയുള്ളു എന്നതായിരുന്നു ആദ്യം വിപ്ലവം എന്നു ചിന്തിക്കുവാനുള്ള കാരണമെന്ന് നാം ചര്‍ച്ച ചെയ്യുന്ന പ്രസംഗത്തില്‍ത്തന്നെ പിന്നീട് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

അങ്ങനെ സ്വാതന്ത്ര്യാനന്തരം ജനതയോട് പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നായി അവരുടെ ആരോഗ്യജീവിതത്തെ കാണുന്ന നിലപാട് സ്വീകരിക്കപ്പെട്ടു. “ആരോഗ്യമുള്ള ശരീരസൃഷ്ടി ലക്ഷ്യമാക്കി രോഗത്തോടു പൊരുതണം. ദുര്‍ബലമായ അവയവഘടനയില്‍ ഡോക്ടറുടെ കൌശലം കൊണ്ട് നിര്‍മ്മിക്കുന്ന കരുത്തല്ല ആരോഗ്യം. സാമൂഹിക സംഘചാലകശക്തികൊണ്ട് രൂപപ്പെടുന്ന ആരോഗ്യമായിരിക്കണം ലക്ഷ്യം.” ഈ ലക്ഷ്യം മുന്‍ നിറുത്തിയുള്ള നയരൂപീകരണങ്ങളുടെ ഫലം ജനതയില്‍ ചെഗുവേര ദര്‍ശിച്ച പോലെയുള്ള ആരോഗ്യാവബോധം സൃഷ്ടിക്കപ്പെടുവാന്‍ കാരണമായി.

ജനതയോട് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അവരുടെ ആരോഗ്യജീവിതം കുറ്റമറ്റതാക്കുന്നതിനു വേണ്ടി ദീര്‍ഘകാലമായി നടപ്പിലാക്കിയ നയപരിപാടികളുടെ ആകെത്തുകയാണ് ഇന്ന് ക്യൂബ അനുഭവിക്കുന്ന ആരോഗ്യരംഗത്തെ നേട്ടങ്ങളെല്ലാം തന്നെ. കുറഞ്ഞ വര്‍ഷങ്ങളേ ക്യൂബയില്‍ തുടരാന്‍ കഴിഞ്ഞുള്ളുവെങ്കിലും ഡോക്ടര്‍ കൂടിയായ ചെ ഗുവേരയ്ക്ക് ആ നയങ്ങളുടെ കേന്ദ്ര കാഴ്ചപ്പാട് തുടര്‍ന്നു വരുന്നവര്‍ക്ക് പകരാന്‍ കഴിയുക തന്നെ ചെയ്തു. പ്രതിസന്ധികള്‍ക്കു ശേഷം ലോകം പിന്തുടരേണ്ട ഒരു ജനകീയ മാതൃകയാണ് ക്യൂബ എന്നാണ് അവസാനമായി അടിവരയിട്ടു പറയാനുള്ളത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.