തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. ഇതിനോടകം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുലുങ്ങാത്ത തീരുമാനം കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നു.
കർണാടകം അതിർത്തി കയ്യേറിയാണ് റോഡുകൾ അടച്ചതെന്ന സത്യവാങ്മൂലവുമായാണ് കേരളം ഹൈക്കോടതിയെ സമീപിച്ചത്. രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി അതിര്‍ത്തി തുറന്നുകൊടുക്കുമെന്നും, ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിക്കുമെന്നുമാണ് കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കര്‍ണാടക സ്വീകരിച്ച നിലപാട്.
എന്നാല്‍, അതിര്‍ത്തി തുറക്കാനോ ഇത്തരത്തില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാനോ കര്‍ണാടക തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ വാദം.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന നിലപാടില്‍ കര്‍ണ്ണാടക ഉറച്ചു നില്‍ക്കുന്നു, അപ്പോള്‍ ചികിത്സ കിട്ടാതെ പൊലിയുന്ന ജീവനുകള്‍ക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തെ എങ്ങനെ വ്യാഖ്യാനിക്കും?
വൈറസ് വ്യാപനം ഭീതിപരത്തുന്ന ഈ കാലത്ത്, ലോക്ക് ഡൗണില്‍ ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമാകുന്ന സമയത്ത് കര്‍ണ്ണാടക മുന്നോട്ടുവയ്ക്കുന്ന, രാഷ്ട്രീയ പ്രേരിതമായ ഇത്തരം പ്രവേശന വിലക്കുകള്‍ ന്യായീകരിക്കാനാകുമോ?
കൊവിഡ് മറവിലെ വൈരാഗ്യ ബുദ്ധി
മംഗാലപുരം കാസര്‍ഗോഡ് അതിര്‍ത്തി ആശുപത്രി ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഇതിനോടകം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കര്‍ണാടക പരിഗണിക്കാതിരിക്കുന്നത്. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ലെന്നും, അതിനാല്‍ കാസർഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്നും കര്‍ണാടക എജി കോടതിയെ ബോധിപ്പിച്ചു.
മംഗലാപുരം റെഡ് സോണ്‍ ആയി ഡിക്ലൈര്‍ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശം നൽകിയാൽ ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നുമാണ് അവരുടെ വാദം. രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള പ്രശ്നമല്ല ഇതെന്നും മാലികാവകാശ ലംഘനം വരുമ്പോൾ കോടതിക്ക് ഇടപെടാൻ അവകാശം ഉണ്ടെന്നുമാണ് കേരളത്തിന്‍റെ നിലപാട്.
മാര്‍ച്ച് 24ന് കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദേശീയ പാത ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ റോഡുകളും അടഞ്ഞുകിടക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ചരക്ക് നീക്കമുള്‍പ്പെടെ അത്യാവശ്യ സേവനങ്ങള്‍ക്കും ഫയര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍ സര്‍വ്വീസുകള്‍ക്കും തടസ്സമുണ്ടാകരുതെന്ന് സര്‍ക്കാര്‍ കൃത്യമായി പറഞ്ഞിരുന്നു.
ഇതു വകവയ്ക്കാതെ, അതിര്‍ത്തികളടച്ച് കര്‍ണാടകം കേരളത്തിലേക്ക് അവശ്യ സര്‍വ്വീസ് ഉള്‍പ്പെടെയുള്ളവ നിഷേധിക്കുകയാണ്. കാസര്‍ഗോഡ് അതിര്‍ത്തിയിലുള്ള ഒട്ടേറെപ്പേര്‍ ആശുപത്രി ആവശ്യത്തിനായി ഉപയോഗിക്കുന്ന പാതയാണ് അടച്ചിരിക്കുന്നത്.
നേരത്തെ കേരളത്തിന്റെ സമ്മര്‍ദ്ദത്തിനു പിന്നാലെ വയനാട് ജില്ലയിലേക്കുള്ള രണ്ട് പ്രധാന റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ കണ്ണൂരുമായി ബന്ധപ്പെട്ട രണ്ട് റോഡുകള്‍ കൂടി തുറക്കാമെന്നാണ് കര്‍ണാടക ഐജി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയെ അറിയിക്കുകയും ചെയ്തു.
കൊറോണക്കാലത്തെ ഈ അസാധാരണ നടപടിക്കു പിന്നില്‍ ചില രാഷ്ട്രീയ പ്രേരണകളാണെന്ന് കേരളത്തിന്‍റെ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് വിമര്‍ശിച്ചിരുന്നു.
മാര്‍ച്ച് 28 ശനിയാഴ്ച കാസര്‍ഗോഡു നിന്ന് അത്യാസന്ന നിലയിലായ 70കാരിയുമായി മംഗലാപുരത്തേക്ക് പോയ ആംബുലന്‍സിന് പ്രവേശന അനുമതി നിഷേധിച്ചത് ഇവരുടെ മരണത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നിലപാട് പല കോണുകളില്‍ നിന്നും ചോദ്യം ചെയ്യപ്പെട്ടു. ഇപ്പോള്‍ ഇത്ആറു മരണത്തിലെത്തി നില്‍ക്കുകയാണ്.
സംസ്ഥാനത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ആവശ്യം തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി യെദ്യൂരപ്പ ചികിത്സ കിട്ടാതെയുള്ള മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ കണ്ടിട്ടും സ്വീകരിച്ചു വരുന്നത് എന്നതും ആശങ്ക സൃഷ്ടിക്കുന്നു.
കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം സ്തംഭിച്ചിരിക്കുകയാണെന്നും പാതകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകം നല്‍കുന്ന വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ മുഖേന കേന്ദ്രം നല്‍കിയ മറുപടി.
കേന്ദ്രം നിര്‍ദ്ദേശം നല്‍കിയാല്‍ അനുസരിക്കാമെന്ന് കര്‍ണാടക കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. കേരള – കര്‍ണ്ണാടക ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ചു ചേര്‍ക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. എന്നാല്‍ യോഗം കഴിയുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
അനുഭവങ്ങള്‍ കേരളത്തിനു നല്‍കുന്ന പാഠം
വടക്കൻ കേരളത്തിലെ പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ വലിയൊരു വിഭാഗം ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗളുരുവിലെ വിവിധ ആശുപത്രികളെയാണ്. അതേസമയം വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടകയിലെ ഗ്രാമങ്ങളിലുള്ളവര്‍ കേരളത്തിലേക്ക് ചികിത്സ തേടി വരാറുമുണ്ട്.
എളുപ്പത്തിൽ എത്താൻ കഴിയുന്നതും ആധുനിക സജ്ജീകരണങ്ങളുള്ളതുമായ നിരവധി സ്വകാര്യ ആശുപത്രികളുണ്ട് എന്നതിനാലാണ് കാസർകോട് ജില്ലയിലുള്ളവർ മംഗളുരുവിനെ ആശ്രയിക്കുന്നത്. കാസർകോടിന്റെ വടക്കൻ മേഖലയിലുള്ളവർക്ക് കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ ദൂരം സഞ്ചരിച്ചാൽ മംഗളുവുരുവിലെത്താം എന്നതും മറ്റൊരു ഘടകമാണ്.
കർണ്ണാടകയിലെ കേരള അതിർത്തിയോട് ചേർന്ന കുട്ട, ചേമ്പുംകൊല്ലി, ബാവലി, മച്ചൂർ, ബൈരക്കുപ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 100 ലധികം കിലോമീറ്റർ സഞ്ചരിച്ചുവേണം മൈസുരുവിലും മറ്റും ചികിത്സയ്ക്കെത്താൻ, കർണ്ണാടക അതിർത്തിയിലുള്ളവർ വയനാടിനെ ആശ്രയിക്കുന്നത് ഈ സാഹചര്യത്തിലാണ്.
അതുപോലെതന്നെ ഈ മേഖലയിലെ നിരവധി ജനങ്ങൾ ജോലിക്കും വ്യാപാരത്തിനും അങ്ങോട്ടം ഇങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രദേശങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയും സഹകരണത്തിലൂടെയുമാണ് സമൂഹം മുന്നോട്ടുപോകുന്നത്.
കർണ്ണാടകയാവട്ടെ കേരളത്തിന് പുറമേ ഗോവ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. അവിടെയൊന്നുമില്ലാത്ത വിധത്തിലാണ് കേരള അതിർത്തി കർണ്ണാടക അടച്ചിരിക്കുന്നതെന്നതാണ് മറ്റൊരു വശം.
കർശന പരിശോധ നടത്തുക എന്നതല്ലാതെ ചരക്കു നീക്കം, ആരോഗ്യപരിപാലനം എന്നിങ്ങനെയുള്ള അവശ്യസർവീസുകൾ പോലും അനുവദിക്കാതെയാണ് കർണ്ണാടക കേരളത്തോട് ക്രൂരത കാട്ടുന്നത്.
ക്രൂരമായ ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാസർകോഡ് പോലുള്ള ജില്ലകളിലെ ആതുര ചികിത്സാരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുളള നടപടികൾ കേരള സർക്കാർ സ്വീകരിക്കേണ്ടതുണ്ടെന്നതൊരു പാഠമാണ്.
ഇന്നും വിസ്മരിക്കാനാകാത്ത ഒരു വലിയ ദുരന്തത്തിന്‍റെ ബാക്കി പത്രങ്ങള്‍ കാസര്‍ഗോഡുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. നീതി നിഷേധത്തിന്‍റെ ഭാണ്ഡക്കെട്ട് പേറുന്ന അവരെയെങ്കിലും ഈ ഘട്ടത്തില്‍ ഓര്‍ക്കണം. ലോക്ക് ഡൗണിന്‍റെ പേരില്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തികളടക്കാന്‍ മത്സരിക്കുമ്പോള്‍ അത്യാവശ്യ മരുന്നുകളും ചികിത്സയും ലഭിക്കാതെ വലയുകയാണ് ആ നിരാലംബര്‍.
സാധാരണയായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ അല്ലെങ്കില്‍ മംഗലാപുരം മെഡിക്കല്‍ കോളേജിലേക്കോ വേണം കൊണ്ടുപോകാന്‍. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെയും കൊണ്ട് ഒരുപാട് ദൂരം യാത്രചെയ്യുന്നത് ബുദ്ധിമുട്ടായതിനാല്‍ തന്നെ പലരും താരതമ്യേന അടുത്തുള്ള മംഗലാപുരത്തെ ആശുപത്രിയാണ് ചികത്സയ്ക്കായി തിരഞ്ഞെടുക്കുന്നത്.
എന്നാല്‍, മംഗലാപുരത്തുനിന്ന് കുറിച്ചു നല്‍കുന്ന പല മരുന്നുകളും കേരളത്തില്‍ ലഭ്യമല്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. ഇവിടെയും മുഴച്ചു നില്‍ക്കുന്നത് അതിര്‍ത്തി ജില്ലകളെ കണ്ടില്ലെന്നു നടിക്കുന്ന നടപടികളുടെ ദൂഷ്യഫലങ്ങളാണ്.
ഇതിന് പുറമെ അവശ്യസാധനങ്ങൾ സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിലും വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. ഇനിയും കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം നിലച്ചാല്‍ സംസ്ഥാനത്ത് അത് വലിയ തരത്തിലുള്ള പ്രതിസന്ധികള്‍ക്കാകും വഴിവെക്കുക.
കര്‍ണാടകയുടെ നിലപാട് ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ പ്രാദേശികമായ വിഭാഗീയത രാജ്യ താത്പ്പര്യങ്ങള്‍ ഹനിക്കും, ഇവിടെ സമയോചിതമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അത് കൊറോണയെ പിന്നിലാക്കി വ്യാപിക്കും.