Thu. Apr 18th, 2024

കൊവിഡ്19 പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ആദ്യത്തെ ആഴ്ച പിന്നിടുമ്പോൾ പുതിയ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.  മാർച്ച് മുപ്പത്തൊന്നാം തീയതി ചൊവ്വാഴ്ച മീഡിയ സെൻസർഷിപ്പ് നിയമവിധേയമാക്കണം എന്ന ആവശ്യമാണ് സർക്കാർ സുപ്രീം കോടതിയ്ക്കു മുന്നിൽ വച്ചിരിക്കുന്നത്.

വ്യാജമോ അല്ലെങ്കിൽ കൃത്യമോ അല്ലാത്ത വാർത്തകൾ മനഃപൂർവ്വമോ അല്ലാതെയോ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും അതുവഴി ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കാൻ ഇടയുണ്ടെന്നുമാണ് സർക്കാർ വാദം. വസ്തുതകളുടെ സത്യാവസ്ഥ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മാധ്യമ സ്ഥാപനങ്ങൾ വാർത്തകൾ നല്കാൻ പാടുള്ളു എന്ന വിധി പ്രസ്താവിക്കണം എന്നതാണ് സർക്കാർ ആവശ്യം. ഉദ്ദേശത്തിൽ സർക്കാർ നൽകുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കണം.

സർക്കാർ വാദം കോടതി അംഗീകരിച്ചെങ്കിലും സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി തലസ്ഥാനത്ത് പുറത്തിറങ്ങാൻ കാരണം ഇത്തരം വ്യാജവാർത്തകൾ മൂലമാണെന്ന് കോടതി നിരീക്ഷണമുണ്ടായി. എന്നാൽ കൊറോണ പകർച്ചവ്യാധിയെക്കുറിച്ചുള്ള സ്വതന്ത്രമായ ചർച്ചയിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സംഭവവികാസങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ മാത്രമേ പ്രക്ഷേപണം ചെയ്യാൻ പാടുള്ളു എന്ന് മാധ്യമങ്ങളോട് നിഷ്കർഷിക്കുമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.

പരിഭ്രാന്തരാവുന്ന ജനങ്ങൾ

നോട്ട് നിരോധനം, കാശ്മീർ വിഭജനം തുടങ്ങി തീർത്തും പ്രവചനാതീതമായി രാഷ്ട്രീയ കാര്യങ്ങളെ സമീപിക്കുക എന്നൊരു നയം കേന്ദ്രസർക്കാർ പിന്തുടരുന്നതിനാൽ പ്രധാനമന്ത്രി ജനതാ കർഫ്യു പ്രഖ്യാപിക്കുന്നതിന് മുൻപു തന്നെ ഇന്ത്യൻ വിപണികളിൽ പരിഭ്രാന്തി പടർന്നിരുന്നു.

ജനതാ കർഫ്യുവിനു ശേഷം മോദി രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. മൂന്നാഴ്ചത്തെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഭക്ഷണവും മരുന്നും എങ്ങനെ ലഭിക്കുമെന്ന് അദ്ദേഹം ജനങ്ങളോട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടായിരുന്നില്ല.

തുടർന്ന്, ജോലിനഷ്ടപ്പെടുമെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുമെന്നും മനസിലാക്കിയ ഇതരസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പരിഭ്രാന്തിയും മറ്റ് പ്രചരണങ്ങളും മാധ്യമങ്ങളിൽ നിന്നുമല്ല ഉണ്ടായത് മറിച്ച് അതിന് കാരണമായത് സർക്കാരിൽ നിന്നുമുള്ള കൃത്യമായ വിവരങ്ങളുടെ അഭാവമാണ് എന്ന് ഇതിൽനിന്നും മനസ്സിലാക്കാം.

ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡൽഹിയിൽ സ്വദേശത്തേക്ക് മടങ്ങാൻ തടിച്ചുകൂടിയ ഇതരസംസ്ഥാന തൊഴിലാളികൾ (screengrab;copyrights:livemint)

മാധ്യമങ്ങളെ കല്ലെറിയുമ്പോൾ

ജനങ്ങൾ അറിയേണ്ട പലവിവരങ്ങളും മാധ്യമങ്ങൾക്കു ലഭിക്കുന്നതിൽ സർക്കാർ അനുവാദം നൽകുന്നില്ല. കൊവിഡ്19 ബാധിച്ച ആളുകളുടെ കൃത്യമായ കണക്കുകൾ. എത്രത്തോളം ടെസ്റ്റുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്, രാജ്യത്തെ സേഫ്റ്റി ഉപകരണങ്ങളുടെ ലഭ്യത എത്രത്തോളമുണ്ട്, രോഗത്തിന്റെ വ്യാപനം ഏത് വിധമാണ്, ആരോഗ്യപ്രവർത്തകർക്കുള്ള ഉപകരണങ്ങൾ നൽകുന്നതിൽ ഉണ്ടായ കാലതാമസം, ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ച ടെസ്റ്റിംഗ് കിറ്റുകളുടെ സാങ്കേതിക വിവരങ്ങൾ തുടങ്ങി ഇത്തരം പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം നിരന്തരമായി ആവശ്യപ്പെട്ടതിനു ശേഷം മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

ഇത്തരത്തിൽ സർക്കാർ പ്രവർത്തനങ്ങളിലുള്ള സുതാര്യതയുടെ അഭാവം. വിവരങ്ങൾ‌ നൽകാൻ വിസമ്മതിക്കുന്നതിലൂടെ അല്ലെങ്കിൽ‌ എളുപ്പത്തിൽ‌ പ്രചരിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ‌ സൃഷ്ടിക്കാത്തതിലൂടെ, വാർത്തകളെ മികച്ച രീതിയിൽ‌ നിയന്ത്രിക്കാൻ‌ കഴിയുമെന്ന്‌ ഗവൺ‌മെൻറ് വിശ്വസിച്ചേക്കാം. എന്നാൽ അതുകൊണ്ടു മാത്രം രോഗങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. 

എന്തുകൊണ്ട് സർക്കാർ സുതാര്യമാവണം

സാമൂഹികമാധ്യമങ്ങളുടേയും, ഇരുപത്തിനാലുമണിക്കൂർ വാർത്ത പ്രക്ഷേപണത്തിന്റെയും ഈ കാലത്ത്, സർക്കാരിൽ നിന്നും ലഭിക്കുന്ന ചുരുങ്ങിയ വിവരങ്ങൾ കൂടുതൽ വ്യാജവാർത്തകൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള സാധ്യതകൾ വർദ്ധിപ്പിക്കുകമാത്രമേ ചെയ്യൂ. ഇതിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം കൃത്യവും വിശദവുമായ വിവരങ്ങൾ നൽകുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതുമാത്രമാണ്.

സമൂഹത്തിൽ വ്യാജവാർത്തകൾ പ്രചരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവാത്ത സാഹചര്യത്തിൽ സർക്കാരിന് ചെയ്യാനാവുന്നത് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുകയും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും അതുവഴി സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുകയുമാണ്.

വൈറസിനെതിരെ വാക്‌സിൻ ഇല്ല എന്ന കാരണത്തിൽ ജനങ്ങൾ ഒരുതരത്തിലും സർക്കാരിനെ കുറ്റപ്പെടുത്താൻ തയ്യാറാവില്ല. എന്തെന്നാൽ ഇതൊരു പ്രത്യേക സാഹചര്യമാണെന്നും ലോകം മുഴുവൻ ഈ വൈറസ് ബാധയ്‌ക്കെതിരെ പോരാടുകയാണെന്നും ജനങ്ങൾക്ക് അറിയാം. അതിനാൽത്തന്നെ ലോകമെമ്പാടുമുള്ള സർക്കാരുകളുടെയും വ്യക്തികളുടെയും എല്ലാ മികച്ച ശ്രമങ്ങളും ഇതിനായി ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു.

മൈക്രോസോഫ്ട് പുറത്തിറക്കിയ കൊവിഡ്19 ട്രാക്കിംഗ് ആപ്പ്ളിക്കേഷൻ(screengrabs;copyrights:business standard)

ഈ വെല്ലുവിളി ഏറ്റെടുക്കാൻ സഹായിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് ഇന്ത്യയിലെ ശാസ്ത്രജ്ഞരോടും, ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളോടും ഒരു കുടക്കീഴിൽ അണിനിരക്കാൻ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഡോക്ടർമാരോട് സന്നദ്ധസേവനം നടത്താൻ നീതി ആയോഗ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഐടി മേഖലയിലെ പലരും പ്രധിരോധപ്രവർത്തനങ്ങളിൽ സഹായകമാവും വിധം അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തുന്നു. വാസ്തവത്തിൽ കൊവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ ലോകത്തു ഗവേഷകർ, മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ തുടങ്ങി പൊതുജങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്. 

(screengrab:copyrights:gulfnews)

അതുകൊണ്ടുതന്നെ കൃത്യമായ വിവരങ്ങളുടെ ലഭ്യത അവരുടെ ഇത്തരം പ്രവർത്തനങ്ങളിൽ ഏറെ സഹായകമാവും. ഏത് ടെസ്റ്റിംഗ് കിറ്റുകൾ അംഗീകരിക്കപ്പെട്ടു, അല്ലെങ്കിൽ പരിശോധന ഫലങ്ങളുടെ കൃത്യമായ വിവരങ്ങൾ അറിഞ്ഞാൽ മാത്രം തന്റെ ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന അതാതു മേഖലകളിൽ പ്രവർത്തിക്കുന്നവർ, കിറ്റുകളുടെ ലഭ്യതക്കുറവ് എവിടെയാണെന്ന് മനസ്സിലാക്കി കിറ്റുകൾ എത്തിക്കുക തുടങ്ങി ശരിയായ വിവരങ്ങൾ ലഭിച്ചാൽ മാത്രം പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒട്ടേറെ മേഖലകളുടെ പ്രവർത്തനങ്ങളെ മീഡിയ സെൻസർഷിപ്പ് വിപരീതമായി ബാധിക്കും.