Sat. Apr 5th, 2025
ന്യൂ ഡല്‍ഹി:

 
നിസാമുദ്ദീനില്‍ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ആരംഭിച്ചു. ഇതിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്രം ചുമതലപ്പെടുത്തി. ഡൽഹിയിൽ നിന്ന് 4000 പേരും കേരളത്തിൽ നിന്ന് 69 പേരും പങ്കെടുത്തുവെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.

എന്നാൽ, കേരളത്തിൽ നിന്ന് 310 പേർ  പങ്കെടുത്തുവെന്നും അതിൽ 79 പേർ തിരികെത്തിയിട്ടുണ്ടെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ സ്രവ പരിശോധന ആരംഭിച്ചുകഴിഞ്ഞു. അതേസമയം നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു.

മലേഷ്യയിൽ കൊവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ, നിസാമുദ്ദീനിലെ സംഭവത്തിന് ശേഷവും രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.