Tue. Nov 5th, 2024
#ദിനസരികള്‍ 1075

 
എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ നിന്നും വരുന്ന വഴിയെ തന്നെ വീട്ടില്‍ നിന്നും ബന്ധുമിത്രാദികളെ മാറ്റി. അധികാരികളുമായി ബന്ധപ്പെട്ടു. അവര്‍ നല്കിയ നിര്‍‌ദ്ദേശം പാലിച്ചു. വിമാനമിറങ്ങി ഒരു ടാക്സിയില്‍ നേരെ വീട്ടിലേക്ക്. പിറ്റേദിവസം വയനാട് ജില്ലാ ആശുപത്രിയില്‍ പോയി സാമ്പിളെടുത്തു. റിസല്‍ട്ടിനായി കാത്തിരുന്നു. ഇന്നലെ ഫലം പോസിറ്റീവായ റിസല്‍ട്ടു വന്നു.

ജനങ്ങള്‍ ആ മനുഷ്യന്റെ കരുതലിനു മുന്നില്‍ നമിക്കുകയാണ്. ഒരു സങ്കീര്‍ണതയുമില്ലാത്ത കൃത്യമായ റൂട്ടുമാപ്പ് ആ കരുതലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 22 മാര്‍ച്ച് പന്ത്രണ്ടേ മുപ്പതിന് അബുദാബി എയര്‍‌പോര്‍ട്ടില്‍ നിന്നും ഇ.വൈ 254 നമ്പര്‍ ഫ്ലൈറ്റില്‍ കയറിയ അദ്ദേഹം പുലര്‍‌ച്ചെ കോഴിക്കോട് വിമാനമിറങ്ങുന്നു. അവിടെ നിന്നും ടാക്സിയില്‍ കുറ്റ്യാടി വഴി 1.30 ന് വീട്ടിലെത്തുന്നു.

അപ്പോഴേക്കും വീട്ടില്‍ നിന്നും ഭാര്യയും മക്കളും ഒഴിവായിക്കഴിഞ്ഞിരുന്നു. വീട്ടിലെത്തിയ അദ്ദേഹം ആരേയും കാണാന്‍ പോയില്ലെന്നു മാത്രമല്ല, തന്നെ വന്നു കാണാന്‍ ആരേയും സമ്മതിച്ചുമില്ല. വീടിന്റെ ഇറയത്തുവെച്ച ഒരു പാത്രത്തില്‍ ഭക്ഷണം സ്വീകരിക്കും. അതു കൊണ്ടു വരുന്നയാള്‍ ദൂരെ പോയതിനു ശേഷം മാത്രം വെളിയിലിറങ്ങും.

പിറ്റേ ദിവസം ജില്ലാ ആശുപത്രി അയച്ച ആംബുലന്‍സില്‍ പോയി സാമ്പിളെടുത്തു. ഇന്നലെ സ്ഥിരീകരിക്കുന്നതുവരെ സ്വന്തം വീട്ടില്‍ അധികാരികളുടെ എല്ലാ നിര്‍‌ദ്ദേശങ്ങളേയും കൃത്യമായും പാലിച്ചുകൊണ്ട് കഴിഞ്ഞുകൂടി. രോഗം സ്ഥിരീകരിച്ചതോടെ 26-03-2020 ന് ജില്ലാ ആശുപത്രിയിലേക്ക് മാറി.

അദ്ദേഹം സഞ്ചരിച്ച റുട്ടൂമാപ്പടക്കം ഇത്രയും വിശദമായി എഴുതാന്‍ കാരണം മറ്റു ചിലരുടെ തെമ്മാടിത്തരങ്ങളും നാം കണ്ടിട്ടുള്ളതുകൊണ്ടാണ്.
അതിലൊന്ന് കാസര്‍കോട്ടുകാരനായ ഒരാളുടെ പെരുമാറ്റമാണ്. തനിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും കിട്ടണം എന്ന് വാശിയോടെ ചുറ്റി നടന്ന അയാള്‍ ആ ജില്ലയേയും കണ്ണൂര്‍, കോഴിക്കോട് ജില്ലകളേയും അപകടത്തിലാക്കി. എം എല്‍ എമാര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു. കല്യാണപ്പന്തലുകളിലും കളിസ്ഥലങ്ങളിലും കറങ്ങി നടന്നു.

ഇപ്പോള്‍ എന്താണ് സംഭവിക്കുക എന്ന പേടിയില്‍ ഒരു ജില്ലയിലെ ജനങ്ങളാകെ അനിശ്ചിതത്വത്തില്‍ കഴിയുന്നു. അതുതന്നെയാണ് പാലക്കാടിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള ഒരു വ്യക്തി ചെയ്തത്. അയാളും വിദേശത്തു പോയി വന്നതാണ്. എന്നാല്‍ വീട്ടില്‍ത്തന്നെ കഴിയുക എന്ന നിര്‍‌ദ്ദേശത്തെ പാലിച്ചില്ല. ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചു നടന്നു.

അയാളുടെ മകനാകട്ടെ കെ എസ് ആര്‍ ടി സിയില്‍ കണ്ടക്ടറാണ്. അദ്ദേഹം രണ്ടു ദീര്‍ഘദൂര ബസ്സുകളില്‍ ഡ്യൂട്ടി ചെയ്തു. പാലക്കാട് അപകടകരമായ അവസ്ഥയിലാണ് എന്ന് മന്ത്രി എ കെ ബാലന്‍ ഇന്നലെ നടത്തിയ പ്രസ്താവന ഗുരുതരമായ സ്ഥിതിവിശേഷത്തെ സൂചിപ്പിക്കുന്നുണ്ട്.
എങ്ങനെയാണ് ലോകം ഭീതിയോടെ നേരിടുന്ന കൊറോണ വൈറസിനോട് നമ്മുടെ നാട്ടിലെ ചിലരെങ്കിലും സ്വീകരിക്കുന്ന വളരെ മോശം സമീപനമെന്ന് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നു.

എനിക്ക് നേരിട്ടു തന്നെ അറിയാവുന്ന പ്രദേശമായതുകൊണ്ട് വയനാട്ടില്‍ രോഗബാധിതനായ ആളുടെ ഒരു സമീപവാസിയെ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒട്ടും പരിഭ്രാന്തി ഉണ്ടായിരുന്നില്ല. മാത്രവുമല്ല, രോഗബാധിതനായ മനുഷ്യനെക്കുറിച്ചും നാടിനു വേണ്ടി അദ്ദേഹം നടത്തിയ കരുതലിനെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

തന്നില്‍ നിന്നും മറ്റൊരാള്‍ക്ക് ഈ രോഗം പകരരുത് എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍‌ദ്ദേശം അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും അംഗീകരിച്ചു. അതുകൊണ്ടു വളരെ സ്നേഹത്തോടെയും ബഹുമാനത്തോടും നാട്ടുകാര്‍ അദ്ദേഹത്തെ അംഗീകരിക്കുന്നു.

ഇത്രയൊക്കെ കരുതലെടുത്തതിനു ശേഷവും അത് മറ്റുള്ളവരിലേക്ക് പകരുന്നുവെങ്കില്‍പ്പിന്നെ പകരട്ടെ എന്നല്ലാതെ മറ്റെന്തു ചെയ്യാന്‍ എന്നു പറഞ്ഞുകൊണ്ടാണ് അയല്‍വാസി സംഭാഷണം അവസാനിപ്പിച്ചത്.നാട്ടുകാരോട് അയാള്‍ സ്വീകരിച്ച കരുതലും നാട്ടുകാര്‍ അദ്ദേഹത്തോട് സ്വീകരിക്കുന്ന സമീപനവും വളരെ ശ്രദ്ധിക്കേണ്ടതാണ്.

യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കി പ്രതികരിക്കുന്ന മനുഷ്യരെയാണ് ഇന്നിന് ആവശ്യം. അതിനപ്പുറത്തുള്ള എല്ലാ പ്രകടനങ്ങളേയും ജനത അല്പത്തമെന്നും അങ്കാരമെന്നും കരുതി തള്ളിക്കളയും. ഈ കൊറോണക്കാലത്ത് തന്റെ സുരക്ഷയെന്നതുപോലെത്തന്നെ അപരന്റെ സുരക്ഷയും പ്രാധനപ്പെട്ടതാണെന്ന ബോധത്തോടെ പെരുമാറുന്നവരെ നാളെയും ഈ സമൂഹം വിലമതിക്കും. അല്ലാത്തവരെ പുറമ്പോക്കുകളിലേക്ക് തള്ളിമാറ്റുകയും ചെയ്യും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.