Wed. Nov 6th, 2024
#ദിനസരികള്‍ 1073

 
കൊറോണ ബാധയെത്തുടര്‍ന്ന് ഇന്നലെ രാത്രി പന്ത്രണ്ടുമണിമുതല്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂട്ടിയിടുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. മാരകമായി പടരുന്ന മഹാവ്യാധിയില്‍ നിന്നും ജനത രക്ഷപ്പെടണമെങ്കില്‍ ഇത്തരത്തിലൊരു നീക്കം അനിവാര്യമാണെന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ എവിടെയാണോ വരുന്ന ഇരുപത്തിയൊന്നു ദിവസവും അവിടെത്തന്നെ തുടരണം. ഒരു കാരണവശാലും പുറത്തിറങ്ങരുത്. ആരെങ്കിലും നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.

കൊറോണ ബാധയില്‍ നിന്നും നാം രക്ഷപ്പെടണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. അതിനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ലോകമാകെ അത്തരത്തിലുള്ള കര്‍ശനമായ നടപടികള്‍ അധികാരികള്‍ സ്വീകരിച്ചു വരുന്നു. ഇന്ത്യ പൂട്ടിയിടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കൊറോണ ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ പലതും ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചിട്ടുണ്ട്.

രോഗത്തിന്റെ പ്രഹരശേഷിയെക്കുറിച്ച് നമുക്ക് നല്ല ധാരണയുമുണ്ട്. അതുകൊണ്ടാണ് എല്ലാ സ്വാതന്ത്ര്യവും മാറ്റിവെച്ച് അതാതിടങ്ങളില്‍ അടച്ചിരിക്കണം എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ ജനത അംഗീകരിക്കുന്നത്. മറ്റൊരു സാഹചര്യമായിരുന്നുവെങ്കില്‍ നമ്മുടെ തെരുവുകള്‍ യുദ്ധക്കളമാകുമായിരുന്നുവെന്നുകൂടി ഓര്‍മ്മിക്കുക.

ആവട്ടെ, രാജ്യത്തിന്റെ നന്മക്കു വേണ്ടിയും ജനതയുടെ അതിജീവനത്തിനു വേണ്ടിയും ഇരുപത്തിയൊന്നു ദിവസമല്ല, വേണ്ടിവന്നാല്‍ ഇരുപത്തിയൊന്നു മാസവും നാം അടച്ചിരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അധികാരികള്‍ പൂട്ടിയിട്ട ഈ ജനത എങ്ങനെ ജീവിക്കുമെന്ന ഒരു ചോദ്യത്തെ നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. കൊറോണ ബാധിച്ചു മരിക്കുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് പൂട്ടിയിടാന്‍ തീരുമാനിച്ചത്.

എന്നാല്‍ പൂട്ടിയിടുന്നതിന്റെ ഭാഗമായി പട്ടിണി കിടന്ന് മരിക്കുന്നത് എങ്ങനെയാണ് തടയപ്പെടുക? പ്രധാനമന്ത്രി ഈ ചോദ്യത്തെയാണ് നേരിടാതെ ഒഴിഞ്ഞു മാറിയത്. അതുമാത്രമാണ് നമുക്കുള്ള വിമര്‍ശനവും.

ഞായറാഴ്ച നമ്മള്‍ ആചരിച്ച കര്‍ഫ്യൂവിന്റെ ചുവടു പിടിച്ചാണ് ഈ നീണ്ട നാളത്തെ അടച്ചിടല്‍ പ്രഖ്യാപനം വന്നത്. എനിക്കു തോന്നുന്നത് ചില മണിക്കൂറുകള്‍ കര്‍ഫ്യൂ നടത്തിയ അതേ ലാഘവത്തോടെയാണ് ഇരുപത്തിയൊന്നു ദിവസത്തെ പൂട്ടിയിടലിനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ്. കൃത്യമായ ഒരു കാഴ്ചപ്പാടോ സാമ്പത്തിക പാക്കേജോ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ലയെന്നത് ഈ ആരോപണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ജനതയെ അറിയുന്ന ഒരു ഭരണാധികാരിക്കു മാത്രമേ അവര്‍ എങ്ങനെയാണ് ജീവിക്കുക എന്നതില്‍ ആശങ്കയുണ്ടാകാറുള്ളു. അങ്ങനെയല്ലാത്തവര്‍ വളരെ യാന്ത്രികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒരു സമീപനത്തിന്റെ ഫലമായിട്ടാണ് ഇത്രയും ലാഘവത്തോടെയുള്ള തീരുമാനങ്ങളുണ്ടായത് എന്ന ആക്ഷേപം കേവലം രാഷ്ട്രീയമായ കാഴ്ചപ്പാടുകൊണ്ടുണ്ടാകുന്ന ഒന്നല്ല.

നൂറ്റിമുപ്പതുകോടിയോളം വരുന്ന ജനതയെ നേരിട്ടു തന്നെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണിത്. അതില്‍ ബഹുഭൂരിപക്ഷം ജനങ്ങളും അന്നന്നത്തെ അധ്വാനത്തിന്റെ ഫലമായി ജീവിച്ചു പോകുന്നവരാണ്. ഈടുവെപ്പുകളോ കരുതി വെയ്ക്കലുകളോയൊന്നും അവരെ സംബന്ധിച്ചില്ല. നാളെ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചാല്‍ കൈമലര്‍ത്തുക മാത്രമായിരിക്കും പ്രതികരണം.

അതോടൊപ്പംതന്നെ വീടില്ലാത്ത, കിടക്കാനൊരിടമില്ലാത്ത കോടിക്കണക്കായവരുമുണ്ട്. ഇങ്ങനെയുള്ളവരെല്ലാം തന്നെ ഇവിടെ കൊറോണക്കാലത്തിനു ശേഷവും ജീവിക്കണമെന്നുണ്ടെങ്കില്‍ ആ തരത്തിലുള്ള തീരുമാനങ്ങളും ഇടപെടലുകളും അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ടതുണ്ട്.
വീരവാദങ്ങളും മണ്ടത്തരങ്ങളുംകൊണ്ട് ഈ കാലത്തെ കടന്നു പോകാനാകില്ല. പ്രായോഗികമായ തീരുമാനങ്ങളാണ് വേണ്ടത്. വിവിധ നിലവാരങ്ങളില്‍ ജീവിക്കുന്ന കോടാനുകോടി ജനതയെ മുന്നില്‍ കണ്ടുകൊണ്ടുവേണം വിശപ്പിനേയും കൊറോണയേയും വിജയിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

“രാജ്യം നേരിടുന്ന അസാധാരണ സാഹചര്യം എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാര്‍. കൊവിഡ്‌ പശ്ചാത്തലത്തിൽ രാജ്യം കാത്തിരുന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനങ്ങളുടെ ബാക്കിപത്രം നിരാശയും നിർവികാരതയും മാത്രമാണ്. സമ്പദ്ഘടന അടച്ചുപൂട്ടൽ നേരിടുമ്പോൾ സ്ഥിരവരുമാനക്കാർ നേരിടുന്ന ചില അസൗകര്യങ്ങൾമാത്രം ചുണ്ടിക്കാട്ടി കേന്ദ്രം കൈകഴുകുകയാണെന്നും” കേരളത്തിന്റെ ധനകാര്യമന്ത്രി തോമസ്‌ ഐസക്‌ പറയുന്നത് രാഷ്ട്രീയത്തിനുമപ്പുറം പ്രസക്തമാകുന്നത് ഇതെല്ലാം കൊണ്ടാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.