Thu. Dec 19th, 2024
#ദിനസരികള്‍ 1071

കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കൈയ്യില്‍ ഒരു മാന്ത്രിക ദണ്ഡുമില്ല. ഒരു തരത്തിലുള്ള അമാനുഷികതയും അദ്ദേഹത്തെ തൊട്ടുനില്ക്കുന്നുമില്ല. കൂട്ടിന് ദൈവങ്ങളില്ല.

ഒരു മഹാപാരമ്പര്യത്തിന്റെ പിന്തുണ പേറുന്ന ബ്രഹ്മര്‍ഷിമാരില്ല. സംരക്ഷിച്ചു പിടിക്കാന്‍ മന്ത്രങ്ങളോ മറ്റു മാരണങ്ങളോ ഇല്ല. മറിച്ച് തനിക്ക് ലഭ്യമായ ഭൌതിക സാഹചര്യങ്ങളെ പ്രായോഗിക ബുദ്ധിയോടെ വളരെ സമര്‍ത്ഥമായി സ്വന്തം ജനതയുടെയിടയില്‍ തുല്യമായി വീതിച്ചു കൊടുക്കുന്ന പൌരബോധമുള്ള ഒരു സാധാരണക്കാരനായ മനുഷ്യന്‍ മാത്രമാണ് നമ്മുടെ മുഖ്യമന്ത്രി.

അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം കാണിക്കുന്ന ഇച്ഛാശക്തിമാത്രമാണ് ഒരു പക്ഷേ ആ മനുഷ്യന് ആകെ കൈമുതലായിട്ടുള്ളത് എന്ന് ഒറ്റവാക്കില്‍ പറയാം. ജോസ് റൌള്‍ കാപ്പാബ്ലാങ്കയെക്കുറിച്ച് കേട്ടിട്ടില്ലേ? കാലാളുകളെ ഉപയോഗിച്ച് കളിക്കാന്‍ അതിവിദഗ്ദ്ധനായ കാപ്പാബ്ലാങ്ക?

ക്യൂബക്കാരനായ കാപ്പാബ്ലാങ്ക തനിക്കു ചുറ്റുമുള്ള കാലാളുകളെ ബുദ്ധിപൂര്‍വ്വം വിന്യസിച്ചുകൊണ്ട് എതിരാളിയെ കീഴടക്കുന്നു. അപ്പുറത്ത് ആരുമാകട്ടെ ആരുമാകട്ടെ ജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കളിയാണ് അത്. രക്ഷപ്പെട്ടാല്‍ കാലാളുകളും രക്ഷപ്പെടുന്നു. തുലഞ്ഞാലോ? സര്‍വ്വത്ര നാശമാണ് ഫലം.

ലോകമാകെ ഭീതിയിലാഴ്ത്തിയ കൊവിഡ് ബാധയ്ക്കെതിരെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നമ്മളും അത്തരത്തിലുള്ള ഒരു കളിയാണ് കളിക്കുന്നത്. നീക്കം സമര്‍ത്ഥമായില്ലെങ്കില്‍ കളിയില്‍ പരാജയമായിരിക്കും ഫലമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇവിടെ ചതുരംഗത്തിലെപ്പോലെ നായകന് കരുക്കളെ എടുത്തു നീക്കി വെയ്ക്കാന്‍ കഴിയില്ലെന്ന പ്രധാന വ്യത്യാസമുണ്ട്. അതുകൊണ്ടാണ് നാം നിര്‍‌ദ്ദേശങ്ങളെ കണിശമായിത്തന്നെ പാലിക്കണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാല്‍ അത്തരത്തില്‍ നല്കപ്പെടുന്ന നിര്‍‌ദ്ദേശങ്ങളെ ഏതു വിധേനയും വെല്ലുവിളിക്കുകയും അവഗണിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ചില കുബുദ്ധികള്‍ പെരുമാറിയതിന്റെ ഫലമാണ് കൊറോണ ഭീതിയിലേക്ക് ഇന്ന് കേരളം കൂപ്പുകുത്തിയത്. കൊവിഡ് ബാധയുടെ കേരളത്തിലെ നാള്‍ വഴികളൊന്ന് നോക്കുക. ചൈനയില്‍ നിന്നും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലൂടെയാണ് കൊവിഡ് കേരളത്തിലേക്ക് എത്തുന്നത്. ബാധിക്കപ്പെട്ട മൂന്നുപേരും പക്ഷേ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു.

അതോടൊപ്പം തന്നെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിയത്. മൂവ്വായിരത്തില്‍പ്പരം ആളുകളെ പരിശോധിച്ചു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. കൊറോണ മുക്തരായി വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. രോഗം മറ്റെവിടേയും റിപ്പോര്‍ട്ടു ചെയ്യാത്തതില്‍ കേരളം ആശ്വസിച്ചു.

എന്നാല്‍ കൊറോണ ബാധയെത്തുടര്‍ന്ന് ഏകദേശം അടച്ചു പൂട്ടിയ നിലയിലായ ഇറ്റലിയില്‍ നിന്നും എത്തിയ ദമ്പതിമാര്‍ നമ്മുടെ എല്ലാ കരുതലുകളേയും അട്ടമറിച്ചു. മാര്‍ച്ച് എട്ടോടെ കേരളത്തില്‍ വീണ്ടും കേസുകളായി. ആരോഗ്യപ്രവര്‍ത്തകരുടെ യാതൊരു വിധത്തിലുള്ള നിര്‍‌ദ്ദേശങ്ങളും കൂസാതെ കറങ്ങി നടന്നതിന്റെ ഫലമായിട്ടാണ് ഈ കേസുകളുണ്ടായതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്തായാലും രണ്ടാമത് റിപ്പോര്‍ട്ട് ചെയ്തത് ഒരു തുടക്കമായിരുന്നു. എല്ലാ വിധ പ്രതിരോധങ്ങളേയും തട്ടിത്തകര്‍ത്തുകൊണ്ട് ധിക്കാരികളായ ചിലര്‍ നടത്തിയ തെമ്മാടിത്തരത്തിന്റെ ഫലമായി ഇപ്പോള്‍ കേരളത്തില്‍ അമ്പത്തിരണ്ട് കൊറോണ ബാധിതരായിരിക്കുന്നു. ഇറ്റലി, ചൈന, ഖത്തര്‍, യു എ ഇ, യു കെ, സൌദി എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം എത്തിയവരില്‍ രോഗികളുണ്ടായിരുന്നു. തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം, കാസർഗോഡ്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെല്ലാം രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അറുപതിനായിരത്തോളം ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ആരോഗ്യപ്രവര്‍ത്തകരേയും സംസ്ഥാനം പ്രഖ്യാപിച്ച മറ്റു മാനദണ്ഡങ്ങളേയും കൂസാതെ നടന്ന കാസര്‍‌കോഡുകാരനായ വ്യക്തിയാണ് ഒരു പക്ഷേ കേരളത്തെ ഏറ്റവും തീക്ഷ്ണമായ വെല്ലുവിളിയിലേക്ക് തള്ളിവിട്ടത് എന്നു പറയാം. അയാള്‍ ബോധപൂര്‍വ്വം തന്നെ രോഗം പകര്‍ത്താന്‍ ശ്രമിച്ചു. ജനപ്രതിനിധികളുടെയൊപ്പം കല്യാണവേദികളിലും ജനങ്ങള്‍ കൂടുന്ന ഇടങ്ങളിലും മനപ്പൂര്‍വ്വം തന്നെ അയാള്‍ ഇടപെട്ടു. ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ നല്കാതെ അധികാരികളെ വിഷമിപ്പിക്കുകയാണെന്ന് കാസര്‍‌കോഡു ജില്ലാ കളക്ടര്‍ തന്നെ പറയുന്ന സാഹചര്യവുമുണ്ടായി.

എത്ര അലംഭാവത്തോടെയാണ് ചിലര്‍ ഈ സാഹചര്യത്തെ നേരിടുന്നതെന്ന് നോക്കുക? ലോകമാകെ ബാധിച്ചിരിക്കുന്ന മഹാമാരിയാണെന്ന് അറിയാഞ്ഞിട്ടല്ല എന്നതാണ് ഏറെ ഖേദകരമായ വസ്തുത.

കേരളം തീര്‍ത്ത പ്രതിരോധമാകട്ടെ ലോകത്തിന്റെ സവിശേഷമായ ശ്രദ്ധ നേടിയ ഒന്നാണ്. നമ്മുടെ ഹൈക്കോടതിയും സുപ്രീംകോടതിയും ആ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും വിദേശ ഭരണാധികാരികളും പത്രമാധ്യമങ്ങളും കേരള മോഡല്‍ എന്ന് പ്രകീര്‍ത്തിച്ചു. വികസിത രാഷ്ട്രങ്ങള്‍ പോലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്നും കണ്ടു പഠിക്കണമെന്നു പോലും അഭിപ്രായപ്പെട്ടു. എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു സംഘമായിരുന്നു.

നടത്തുന്ന നിര്‍‌ലോഭമായ പ്രവര്‍ത്തനങ്ങള്‍ കൂടാതെ 20000 കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. മൊറട്ടോറിയങ്ങള്‍ പ്രഖ്യാപിച്ചു. ടാക്സുകള്‍ക്ക് ഇളവുകള്‍ നല്കി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള കുടിശിക തീര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുകൊണ്ട് കൊറോണ ബാധയെ ഫലപ്രദമായി പ്രതിരോധിച്ചു.

സോഷ്യല്‍ മീഡിയകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ഇന്ത്യയുടെ പല ഭാഗത്തുമുള്ളവര്‍ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്നു പോലും പ്രത്യാശിക്കുന്ന കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.

ഇതൊന്നും തന്നെ ഒരു വ്യക്തിയുടെ സവിശേഷമായ പ്രകടനമായി വിലയിരുത്തേണ്ടതില്ലെന്നു തന്നെ ഞാനും അടിവരയിടട്ടെ. എന്നാല്‍ നയിക്കുന്നവന്റെ ഇച്ഛാശക്തി, കര്‍‌‌മ്മോത്സുകത ഇക്കാര്യത്തില്‍ ഒട്ടും കുറവല്ലാത്ത സ്ഥാനം വഹിക്കുന്നുണ്ടെന്ന് എടുത്തു പറയേണ്ടതുണ്ട്. അവിടെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി വലിയ പ്രതീക്ഷയാകുന്നത്.

ഇത്തരത്തില്‍ മുന്നോട്ടു പോകുന്ന പ്രവര്‍ത്തനങ്ങളെയാണ് താന്തോന്നികളായ ഒരു ചെറിയ പറ്റം ആളുകള്‍ അട്ടിമറിച്ചുകൊണ്ട് മുഴുവന്‍ ജനതയുടേയും ജീവിതത്തെ വെല്ലുവിളിക്കുന്നത്. അതൊരു കാരണവശാലും അനുവദിച്ചു കൂടാത്തതാണെന്ന് കേരളത്തിലെ ഓരോ വ്യക്തികളും തീരുമാനിക്കേണ്ടതുണ്ട്. സ്വയം അനുസരിക്കുകയും അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നൊരു സമീപനമാണ് കേരളത്തിന്റെ ജനതയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ചത്തു തുലഞ്ഞു പോകാതിരിക്കണമെങ്കില്‍ ഈ വിനാശകാലത്തെങ്കിലും വിപരീത ബുദ്ധികളെ നാം മാറ്റി വെയ്ക്കണം. അമ്പത്താറിഞ്ചു നെഞ്ചളവിന്റെ പരിവേഷമില്ലാത്ത ഒരു സാധാരണ മുഖ്യമന്ത്രിയും കൂട്ടരും നിങ്ങളുടെ ജീവിതത്തെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന ബോധ്യമുണ്ടാകണം. അത്രമാത്രം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.