ഡൽഹി:
ജനതാ കർഫ്യു തീർന്നതോടെ ആഹ്ളാദിക്കരുതെന്നും, ഇത് അതിനുള്ള സമയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമായി ഈ സമയത്തെ കാണണമെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇതിനോടകം 400 കടന്നു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിയിൽ വീട്ടുജോലിക്ക് പൊയ്ക്കൊണ്ടിരുന്ന 69കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒറ്റയടിക്ക് ചേരി നിവാസികളായ 23,000 ജനങ്ങളാണ് നിരീക്ഷണത്തിലായത്. ജനങ്ങൾ തിങ്ങിക്കൂടി കഴിയുന്ന ചേരിയിൽ രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകരെ കൂടുതൽ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. ചേരി നിവാസികൾ കുടിലിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പോലീസ് നിർദ്ദേശം. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് പോയ ചേരി നിവസിക്കാണ് രോഗം സ്ഥിരീകരിച്ചത്.