Tue. Apr 23rd, 2024

പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. ഇതിനിടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രണ്ടാം ഘട്ടത്തിൽ രോഗം ആദ്യം സ്ഥിരീകരിച്ച പത്തനംതിട്ടയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഇന്നലെ രണ്ടുപേരെക്കൂടി നിരീക്ഷണത്തിലാക്കി. റാന്നിയിലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേർ ഉൾപ്പെടെ 4387 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

എന്നാൽ കാസർഗോഡ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനമായി. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികൾ നേരിട്ട് ബന്ധപ്പെടും. അതിനിടെ കാസർഗോഡ് മറ്റ് രണ്ട് കൊവിഡ് രോഗി കൂടി വ്യാപക സമ്പർക്കം നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17 പേർക്കാണ് ജില്ലയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam