Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയാണ്. ഒരു ദിവസം ആറ് കൊവിഡ് കേസുകൾ സ്ഥിരീകരിച്ച കാസർഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ, ക്ലബുകൾ എന്നിവ ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ  അറിയിച്ചു. 

അതേസമയം,കാസർഗോഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയും നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ  പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലാ ഭരണകൂടം. കൊവിഡ് 19 നിരീക്ഷണത്തിൽ വീട്ടിലിരിക്കെ നിർദ്ദേശങ്ങൾ ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് കുഡ്‍ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പോലീസ് കേസെടുത്തു. അതേസമയം, കഴിഞ്ഞ ദിവസം കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ആരോഗ്യ വകുപ്പിനോട് സഹകരിക്കുന്നില്ലെന്നാണ് കളക്ടര്‍ പറയുന്നത്.  ഇയാള്‍ ശരിയായ വിവരങ്ങള്‍ നല്‍കാതെ കള്ളം പറയുന്നെന്നും ഇത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതായും കളക്ടർ വ്യക്തമാക്കി. അതേസമയം, കാസർക്കോടുളള രോഗി കാണിച്ചത് വിചിത്രസ്വഭാവമെന്ന് മുഖ്യമന്ത്രിയും  അഭിപ്രായപ്പെട്ടു. ഇയാൾ നിരവധി വിവാഹചടങ്ങുകളിലും ഫുട്ബോൾ മത്സരങ്ങളിലുമൊക്കെ പങ്കെടുത്തതിനാൽ റൂട്ട് മാപ്പ് ഉണ്ടാക്കുക പോലും ദുഷ്ക്കരമായിരിക്കുകയാണ്.

By Arya MR