കൊവിഡ് 19 വ്യാപനം അനിയന്ത്രിതമായതോടെ ബ്രിട്ടനിൽ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ കൊവിഡ് ബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം പതിനോരായിരം കടന്നു. ഇറ്റലിയിൽ ഇന്നലെ മാത്രം 6,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 627 പേർ മരിക്കുകയും ചെയ്തു. ഇതോടെ ഇറ്റലിയിലെ കോവിഡ് മരണം നാലായിരം കവിഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകത്ത് ദശലക്ഷക്കണക്കിനാളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുകയെന്നും വൈറസിനെ കാട്ടുതീപോലെ പടരാൻ വിട്ടാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.