Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നലെയും പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ, ഇന്നലെ പുതുതായി 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25,603 ആയി, ഇതിൽ 237 പേർ മാത്രമാണ് ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളവർ. അതേസമയം, ഇന്നലെ 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പരിശോധനയ്ക്ക് അയച്ച 2,550 സാമ്പുകളിൽ ഫലം വന്ന 2,140 പേർക്കും രോഗബാധയില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നിരുന്നാലും അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുൻകരുതൽ എന്നോണം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച ഇന്നലെ സെക്രട്ടറിയേറ്റിന് മുറ്റത്ത് വെച്ചാണ് നടത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam