ഡൽഹി:
കോവിഡ് 19 ബാധ നേരിടാൻ സാർക് രാജ്യങ്ങൾ അടിയന്തര നിധി സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ ഇന്ത്യ വാഗ്ദാനം ചെയ്തു. സാർക് രാജ്യത്തലവന്മാരുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
എന്നാൽ രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 110 ആയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ പതിനേഴ് പേർ വിദേശികളാണ്. 32 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള സംസ്ഥാനം. അതേസമയം, രാജസ്ഥാനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ ദമ്പതിമാരും ദുബായിൽ നിന്നെത്തിയ ആളും കോവിഡ് 19 മുക്തരായി.