#ദിനസരികള്‍ 1063
എന്താണ് സാഹിത്യത്തിന്റെ പ്രയോജനം എന്ന ചോദ്യം പ്രസക്തമാണല്ലോ.
ധര്‍മ്മാര്‍ത്ഥ കാമമോക്ഷേഷു
വൈചക്ഷണ്യം കലാസു ച
പ്രീതിംകരോതി കീര്‍ത്തിംച
സാധുകാവ്യനിബന്ധനം എന്നാണ് കാവ്യാലങ്കാരത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത്, ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളില്‍ വൈദഗ്ദ്ധ്യം കലാ നൈപുണ്യം കീര്‍ത്തി പ്രീതി അഥവാ ആനന്ദം എന്നിവയാണ് ഉത്തമസാഹിത്യത്തിന്റെ പ്രയോജനങ്ങളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാമഹന്റെ ഈ അഭിപ്രായം എതിരില്ലാതെ പൊതുവേ സ്വീകരിക്കപ്പെട്ടതായി കണക്കാക്കരുത്.
നോക്കുക, “ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള അറിവ് ഇതിഹാസപുരാണാദികളുടെ മുഖ്യപ്രയോജനമാണ്. നാട്യത്തിന്റെ മുഖ്യപ്രയോജനവും അതുതന്നെ എന്നു ധരിച്ചുവെച്ച അരസികന്മാരും അല്പബുദ്ധികളുമായ സാധുക്കളെ നമസ്കരിക്കണമെന്ന് ധനഞ്ജയന്‍ പരിഹസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പക്ഷത്തില്‍ ആനന്ദമാണ് കാവ്യത്തിന്റെ മുഖ്യപ്രയോജനം.”
കവികള്‍ വഴികാട്ടികളാകുന്നുവെന്ന് ചിന്തിച്ചവരുമുണ്ട്. സമൂഹം ഏതേത് വഴികളിലൂടെയാണ് മുന്നോട്ടു പോകേണ്ടത് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ സമൂഹത്തെ മാറ്റിയെടുക്കാനുള്ള സാഹിത്യത്തിന്റെ ശേഷിയെക്കുറിച്ചുള്ള ഒരു ചിന്ത അതിലുണ്ടെന്ന് വ്യക്തമാണല്ലോ. എന്നാല്‍ തങ്ങള്‍ ജീവിച്ചു പോന്ന കാലഘട്ടത്തിന്റെ പൊതുസ്വഭാവം കാരണം പലരും ആത്മീയമായ ഒരന്വേഷണവും അതുവഴി ലഭ്യമാകുന്ന പുരുഷാര്‍ത്ഥങ്ങളുമൊക്കെയാണ് സാഹിത്യത്തിന്റെ പ്രയോജനങ്ങളെന്ന് ശഠിച്ചു.
ചിലര്‍ അത്തരക്കാരില്‍ നിന്നും വെട്ടിത്തിരിഞ്ഞു നടക്കാനും കെല്പു നേടുകയും കാവ്യേ രസോയിത സര്‍വ്വോ ന ബോദ്ധാ ന നിയോഗഭാക് എന്ന് ചിന്തിക്കുകയും ചെയ്തു. ഏതുതരത്തിലായാലും ജീവിതത്തിന്റെ നിലവാരം വര്‍ദ്ധിക്കുവാന്‍ സാഹിത്യത്തിന്റെ ഇടപെടലുകള്‍ക്ക് ശേഷിയുണ്ടെന്ന് ചിന്തിക്കാത്ത ഒരു മീമാംസകനേയും നമുക്ക് കണ്ടെത്താന്‍ കഴിയില്ല. ആത്യന്തികമായ പ്രയോജനത്തെക്കുറിച്ച് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ പ്രകടിപ്പിച്ചാലും ശരി, വ്യക്തികളിലും അതുവഴി സമൂഹത്തിലും ഇടപെടാനും സാഹിത്യത്തിനുള്ള ശേഷിയെ ആരും തന്നെ കാണാതിരിക്കുന്നില്ല.
എന്താണ് ലക്ഷ്യമാക്കേണ്ടത് എന്നതിനെക്കുറിച്ചു മാത്രമേ തര്‍ക്കമുണ്ടായിട്ടുള്ളു. “ഭാരതീയരുടെ ആനന്ദ സങ്കല്പം കേവല കലാവാദികളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രപഞ്ചത്തേയും ജീവിതത്തേയും സംബന്ധിച്ച് മൌലികമായ ഒരു ദര്‍ശനമുണ്ടാകുക, ആ ദര്‍ശനം ഹൃദയ ദ്രവീകരണ സമര്‍ത്ഥമായ വൈകാരിക പ്രതികരണമായി – രസമായി – കവിയുടെ അന്തരംഗത്തില്‍ തുളുമ്പി വിതുമ്പുക – ഇതത്രേ കാവ്യരചനയുടെ ബീജം,” എന്ന് ഡോക്ടര്‍ അച്യുതനുണ്ണി ചൂണ്ടിക്കാണിക്കുന്നു.
മോക്ഷപ്രാപ്തിയാണ് ഏതു ക്രിയയുടേയും ആത്യന്തികമായ ലക്ഷ്യമെന്ന് നിര്‍ബന്ധം പിടിച്ചിരുന്ന ഒരു കാലത്തെ സാഹിത്യ ചിന്തകളും പൂര്‍ണമായും സാമൂഹികതയിലൂന്നിയാകില്ല എന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. നാം നേരത്തെ കണ്ടപോലെ വ്യക്തികളേയും സമൂഹത്തേയും മാറ്റിത്തീര്‍ക്കാന്‍ സാഹിത്യത്തിനുള്ള കഴിവിനെപ്പറ്റിയല്ല മറിച്ച് ആ കഴിവ് വിനിയോഗിക്കേണ്ടത് ഏതേതൊക്കെ മേഖലകളിലേക്കാണ് എന്ന കാര്യത്തിലേയുള്ളു തര്‍ക്കം. ആ തര്‍ക്കത്തില്‍ കാലം ഇടപെടുകയും കല എന്തിനു വേണ്ടിയെന്ന ചോദ്യം ഉന്നയിക്കുകയും ചെയ്ത ചരിത്രം കൂടി ഇവിടെ നാം ഓര്‍ത്തു വെയ്ക്കുക.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.