Thu. Apr 25th, 2024
#ദിനസരികള്‍ 1062

 
സാഹിത്യപ്രഭവം എന്ന അധ്യായത്തില്‍ സാഹിത്യത്തിന്റെ ഉറവിടമെവിടെ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അച്യുതനുണ്ണി എഴുതുന്നു :- “പ്രത്യഭിജ്ഞാന ദര്‍ശനം പ്രപഞ്ച നിര്‍മ്മിതിക്ക് കാരണഭൂതമായ പരമശിവന്റെ അനാദിയായ സര്‍ഗ്ഗശക്തിയെ പ്രതിഭയെന്ന് വ്യവച്ഛേദിച്ചതനുസരിച്ച് സാഹിത്യ മീമാംസക്ന്മാർ കവിയുടെ സര്‍ഗ്ഗവൈഭവത്തെ പ്രതിഭയെന്നും ശക്തിയെന്നും വ്യവഹരിച്ചു. മനസ്സിന്റെ ഉപബോധതലത്തിനടിയില്‍ ഉണര്‍ന്നിരിക്കുന്ന സ്വപ്നാവസ്ഥയാണ് സാഹിത്യത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആധുനിക മനഃശാസ്ത്രം നിരീക്ഷിച്ചിട്ടുണ്ട്.” നാളിതുവരെ സുനിശ്ചിതമായി പറയുവാന്‍ കഴിയാത്ത ഒരു ചോദ്യത്തിന് എന്തുത്തരമാണ് ഭാരതത്തിലെ പൌരാണിക ചിന്തകന്മാര്‍ നല്കിപ്പോന്നത് എന്ന അന്വേഷണമാണ് ഇവിടെ നാം കാണുന്നത്.

ആ ചോദ്യമാകട്ടെ ഇവിടെ മാത്രമായി ഒതുങ്ങി നിന്നതുമാത്രമല്ല, ചരിത്രത്തിന്റെ ഏതേത് അടരുകളില്‍ സാഹിത്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടോ അവിടവിടങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള ചോദ്യവുമുണ്ടായിട്ടുണ്ട്. എത്ര മനോഹരമായ ഭാഷ കൈവശമുണ്ടായാലും എത്ര ആഴത്തില്‍ വ്യാകരണങ്ങളില്‍ ആണ്ടുമുങ്ങുവാനുള്ള ശേഷിയുണ്ടെന്നാലും അതില്‍ നിന്നെല്ലാം വിഭിന്നമായി വിളങ്ങി നില്ക്കുന്നതാണ് കവിത്വമെന്ന കാര്യത്തില്‍ ഈ ചിന്തകന്മാരെല്ലാം ഏകാഭിപ്രായക്കാരാണ്. ഈ ശേഷിയെല്ലാംതന്നെ കാവ്യനിര്‍മ്മാണത്തിന് ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കേണ്ട ഉപകരണങ്ങളാണെങ്കിലും ത്ദജ്ഞാനം കവിത്വമാകുന്നില്ല.

അതോടൊപ്പം പ്രതിഭ കൂടി ചേരുമ്പോഴാണ് കവി നാനൃഷിയാകുന്നത്. അതുകൊണ്ടാണ് കവിത്വം ലഭിക്കുകയെന്നത് ദുര്‍ലഭമാണെന്നും ഇനി അഥവാ ലഭിച്ചാല്‍ത്തന്നെ അതില്‍ ശക്തി തെളിയിക്കാന്‍ കഴിയുന്നവര്‍ അതിലും ദുര്‍ലഭമാണെന്നും ഭാരതീയര്‍ സിദ്ധാന്തിക്കുന്നത്.
“ഗുരൂപദേശാദധ്യേതും ശാസ്ത്രം ജഡധിയോപ്യലം
കാവ്യം തു ജായതേ ജാതു കസ്യചിത് പ്രതിഭാവതഃ” എന്ന് കാവ്യാലങ്കാരകാരനായ ഭാമഹന്‍.

പ്രതിഭയാണ് കവിത്വത്തിന് നിദാനമായിരിക്കുന്നതെന്ന ചിന്തയാണ് നമ്മുടെ ആചാര്യന്മാര്‍ പുലര്‍ത്തിപ്പോന്നിട്ടുള്ളത്. എന്താണ് പ്രതിഭ എന്നാണല്ലോ അന്വേഷണം? അതുപക്ഷേ ജന്മാന്തര സുകൃതമാണെന്നു പോലും അവര്‍ സിദ്ധാന്തിക്കുന്നുണ്ട്. അജ്ഞേയമായിരിക്കുന്നതിനു മുകളില്‍ ഇന്നത്തെപ്പോലെ അന്നും ദൈവത്തിന്റെ കരങ്ങളെ കൊണ്ടു വന്നു സ്ഥാപിച്ചു കഴിഞ്ഞാല്‍പ്പിന്നെ എല്ലാത്തിനും ഉത്തരമായി എന്നു ചിന്തിക്കുന്ന രീതിയുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ “പൂര്‍വ്വജന്മങ്ങളില്‍ നിന്ന് വാസനാരൂപത്തില്‍ കൈവരുന്ന ഒരു സംസ്കാര വിശേഷമാണത്.” എന്ന് പ്രഖ്യാപിക്കുവാന്‍ സങ്കോചമൊന്നുംതന്നെയുണ്ടായിരുന്നില്ല. അതിനപ്പുറത്തേക്ക് എത്തുന്നതൊന്നും തന്നെ ഇന്നും നാം കണ്ടെത്തിയിട്ടുമില്ല.

“പ്രതിഭയോടൊപ്പം ശബ്ദാര്‍ത്ഥ ജ്ഞാനം കാവ്യമര്‍മ്മജ്ഞന്മാരായാ ഗുരുക്കന്മാരുടെ നിര്‍‌ദ്ദേശമനുസരിച്ചുള്ള രചനാഭ്യാസം, മറ്റു കവകളെഴുതിയ കൃതികള്‍ ശ്രദ്ധയോടെ പഠിച്ച് രചനാ തന്ത്രങ്ങള്‍ മനസ്സിലാക്കല്‍ എന്നിവയും സാഹിത്യ നിര്‍മ്മാണത്തിനാവശ്യമാണെന്ന് ഭാമഹന്‍ പറയുന്നുണ്ട്.” എന്ന ഓര്‍മ്മപ്പെടുത്തല്‍ കേവലം പ്രതിഭ മാത്രമല്ല കവിയുടെ നിര്‍മ്മാണ സാമഗ്രികളെന്ന് അടിവരയിടുന്നു.

ജീവിതത്തില്‍ അഞ്ചോ ആറോ ഘട്ടങ്ങളില്‍ മാത്രമേ പ്രതിഭയുടെ മിന്നലാട്ടമുണ്ടാകുകയുള്ളു എന്ന് ഒരു ഒരു പാശ്ചാത്യ മീമാംസകന്‍ ചിന്തിക്കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കണമെങ്കില്‍ അനുബന്ധമായി കൂടിച്ചേരേണ്ട നിര്‍മ്മാണ സാമഗ്രികളും കവിയുടെ കൈവശമുണ്ടാകേണ്ടതുണ്ട്. വ്യുത്പത്തി എന്ന് നമ്മുടെ ചിന്തകന്മാര്‍ വ്യവഹരിക്കുന്ന ആ ശേഷി കാവ്യകലയ്ക്ക് അനുപേക്ഷണീയമാണ് എന്നും ഈ അധ്യായം ചൂണ്ടിക്കാണിക്കുന്നു.

പ്രതിഭ മാത്രമാണ് കവിത്വത്തിന് നിദാനമായിരിക്കുന്നത് കരുതാത്തവരും ഇക്കൂട്ടത്തിലുണ്ട് എന്നത് എടുത്തു പറയണം. വ്യുത്പത്തിയും അഭ്യാസങ്ങളും കൊണ്ട് പ്രതിഭയില്ലെങ്കിലും “കുറച്ചൊക്കെ” കവിയാകാന്‍ കഴിയുമെന്ന് ചിന്തിച്ച ആചാര്യ ദണ്ഡിയെപ്പോലെയുള്ളവരും അഭ്യാസമുണ്ടെങ്കില്‍ ആര്‍ക്കും കവിയാകാമെന്ന് വാദിച്ചു കൊണ്ട് അഭൌതികമായ പരിവേഷങ്ങള്‍ പേറുന്ന പ്രതിഭയെ അപ്പാടെ നിരസിക്കുന്നവരും ഭാരതീയ കാവ്യമീമാംസകരില്‍ പെടുന്നുവെന്ന് നാം മനസ്സിലാക്കുക.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.