Fri. May 24th, 2024
#ദിനസരികള്‍ 1064

 

എഴുത്തുകാരനെക്കുറിച്ച്

എ എല്‍ ബാഷാം ജനിച്ചത് 1914 മെയ് 24 ന് എസെക്സിലാണ്. ഇന്ത്യാ പഠനത്തില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്ന അദ്ദേഹം The History and Doctrines of the Ajivikas: a Vanished Indian Religion, A Cultural History of India (Editor), The Wonder that was India, Papers on the Date of Kaniṣka എന്നിങ്ങനെ അതിപ്രശസ്തമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 1958 ല്‍ പ്രൊഫസറായ ബാഷാം പില്ക്കാലത്ത് പേരെടുത്ത ആര്‍ എസ് ശര്‍മ്മ, റോമില ഥാപ്പര്‍, വി എസ് പഥക് മുതലായ പലരുടേയും അധ്യാപകനായിരുന്നു (അവലംബം വിക്കി.) ധാരാളം സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ രചനകളില്‍ ഇന്ത്യ എന്ന വിസ്മയമാണ് ഏറെ പ്രശസ്തമായിട്ടുള്ളത്. ഈ പുസ്തകം പുറത്തു വരുന്നത് 1954 ലാണ്. അന്നുമുതല്‍ ബാഷാം എന്ന ചരിത്രകാരന്‍ ഈ മഹത് ഗ്രന്ഥത്തിന്റെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നതെന്ന് പറഞ്ഞാല്‍ അതൊട്ടുംതന്നെ അതിശയോക്തിയല്ല. തന്റെ എഴുപത്തിയൊന്നാം വയസ്സില്‍ കല്‍ക്കത്തയില്‍ 1986 ജനുവരി 27 ന് അദ്ദേഹം അന്തരിച്ചു.

പുസ്തകത്തെക്കുറിച്ച്

ഈ മഹാഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റിയ സി പി അബൂബക്കര്‍ പുസ്തകത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കുക:- “എന്താണ് ബാഷാമിന്റെ ചരിത്ര പുസ്തകം പ്രക്ഷേപിക്കുന്ന സവിശേഷമായ വീക്ഷണം? പത്ത് അധ്യായങ്ങളിലും അത്രത്തോളം അനുബന്ധങ്ങളിലുമായി ഇന്ത്യയെപ്പറ്റി സമഗ്രമായ ഒരു പഠനമാണ് അദ്ദേഹം കാഴ്ചവെയ്ക്കുന്നത്. തന്റെ ഇന്ത്യാ ചരിത്രഗ്രന്ഥങ്ങളിലുടനീളം അദ്ദേഹം ഇന്നുവരെ ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച് നിലനിന്നിരുന്ന അസംബന്ധങ്ങള്‍‌ക്കെതിരെ ആശയപരമായ സമരം നടത്തുകയായിരുന്നു.

തന്റെ ക്ലാസിക് എന്നു പറയാവുന്ന വിസ്മയത്തിലും അതുതന്നെയാണ് പുതിയ ഇന്ത്യാ ചരിത്രത്തിന്റെ ഈ പാട്ര്യാര്‍ക്ക് ചെയ്യുന്നത്.” ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച പാശ്ചാത്യരും അല്ലാത്തവരുമായ ചരിത്രകാരന്മാര്‍ നയിച്ച വഴിയേ പോകുകയായിരുന്നില്ല ബാഷാം ചെയ്തത്. മറിച്ച് അവര്‍ പുലര്‍‌ത്തിയ തെറ്റായ ധാരണകളെ തിരുത്തുകയും ശാസ്ത്രീയമായ പുതിയൊരു പന്ഥാവ് വെട്ടിത്തുറക്കുകയുമായിരുന്നു.

ബാഷാം അവലംബിച്ച ഈ രീതി ചൂണ്ടിക്കാണിച്ചുകൊണ്ട് അബൂബക്കര്‍ എഴുതുന്നു – “മൂന്നു തിന്മകളാണ് സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ സാമാന്യമായി ഇന്ത്യന്‍ സംസ്കൃതിയുടെ മുകളില്‍ കെട്ടിവെച്ചത്. 1. ഇന്ത്യന്‍ സാമ്രാജ്യത്വങ്ങള്‍ക്ക് ചില തലമുറകള്‍ മാത്രമേ നിലനില്ക്കാന്‍ കഴിഞ്ഞുള്ളു. 2. ഹിന്ദുമതം തീര്‍ത്തും ആധ്യാത്മികവും പരലോക ചിന്തിയില്‍ അധിഷ്ഠിതവുമാണ്. 3. മൌര്യകാലം മുതല്‍‌ക്കെങ്കിലും ഇന്ത്യന്‍ നാഗരികത വന്ധ്യമായി നില്‍ക്കുകയായിരുന്നു.”

ബാഷാം ഈ ദുര്‍വ്യാഖ്യാനങ്ങളെ സമര്‍ത്ഥമായും ശാസ്ത്രീയമായും നേരിട്ടു. നിങ്ങള്‍ കണ്ടതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യ എന്നും അതിന്റെ ചരിത്രം ഒട്ടുംതന്നെ അപകര്‍ഷണീയമാകുന്നില്ലെന്നും ബാഷാം സ്ഥാപിച്ചു. ഒന്നും അദ്ദേഹം തന്റെ മാത്രം ധാരണകളെ അടിസ്ഥാനപ്പെടുത്തി പറഞ്ഞു പോകുകയായിരുന്നില്ല. മുട്ടിനു മുട്ടിന് തെളിവുകള്‍ നിരത്തി താന്‍ പറയുന്നതിനെ അരക്കിട്ടുറപ്പിച്ചെടുക്കുകയായിരുന്നു.

പത്ത് അദ്ധ്യായങ്ങളിലായിട്ടാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. ഒന്നാം അദ്ധ്യായം ഇന്ത്യയുടെ പ്രാചീന സംസ്കൃതിയെക്കുറിച്ചും രണ്ടാം അദ്ധ്യായം പ്രാഗ് ചരിത്രത്തെക്കുറിച്ചും, മൂന്നാം അദ്ധ്യായം പൌരാണിക മധ്യകാല ഛത്രപതികളെക്കുറിച്ചും, നാലാം അദ്ധ്യായം രാഷ്ട്രമെന്ന സങ്കല്പത്തെക്കുറിച്ചും അഞ്ചാം അദ്ധ്യായം സമൂഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും അവയില്‍ നിലനില്ക്കുന്ന നിയമവ്യവസ്ഥകളെക്കുറിച്ചും ആറാം അദ്ധ്യായം സാമാന്യ ജീവിതത്തെക്കുറിച്ചും ഏഴാം അദ്ധ്യായം മതത്തേയും അവയെ അവലംബിച്ചു പുലരുന്ന വിശ്വാസങ്ങളെക്കുറിച്ചും എട്ടാം അദ്ധ്യായം ചിത്ര- ശില്പ കലകളെക്കുറിച്ചും ഒമ്പതാം അദ്ധ്യായം ഭാഷയേയും സാഹിത്യത്തേയും കുറിച്ചും പത്താം അദ്ധ്യായം ലോകത്തിനുമുമ്പില്‍ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചം ചര്‍ച്ച ചെയ്യുന്നു.

ഭാരതം പിന്നിട്ടു പോന്ന കാലഘട്ടങ്ങളെ തുറന്ന മനസ്സോടെ അടയാളപ്പെടുത്തുന്ന ഈ പ്രൌഡരചന ഏതൊരു പഠിതാവിനേയും അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
(തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.