Mon. Dec 23rd, 2024

ലോകരാജ്യങ്ങളില്‍ മുഴുവന്‍ ഭീതി പരത്തുകയാണ് കൊവിഡ് 19. ആഗോള തലത്തില്‍ 4000 പേരുടെ ജീവനെടുത്ത വൈറസ്, 1,13,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തു വിടുന്ന വിവരങ്ങള്‍. അതേ സമയം 64,000ത്തോളം പേര്‍ രോഗബാധ തരണം ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന വാര്‍ത്ത ആശ്വാസം പകരുന്നു.

ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ, കേവലമൊരു വൈറസ് ബാധ എന്നതിലപ്പുറം വംശീയതയുടെ ഉറങ്ങിക്കിടക്കുന്ന ആശയങ്ങളെയും ഉണര്‍ത്തുന്നില്ലേ? ആരംഭം തൊട്ട് വംശീയമായ സ്പര്‍ദ്ധ വളര്‍ത്തികൊണ്ടായിരുന്നു വൈറസ്സിന്റെ വ്യാപനം. ചൈനയെയും അവരുടെ ജീവിത രീതികളെയും പരാമര്‍ശിച്ചുകൊണ്ട്, ഏഷ്യന്‍ വംശജരെ വൈറസ് വാഹകരായി ചിത്രീകരിച്ചുകൊണ്ട് നിരവധി വ്യാഖ്യാനങ്ങളാണ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുറത്തു വന്നത്.

ചിരവൈരികളായ രാജ്യങ്ങള്‍ തങ്ങളുടെ വിദ്വേഷം തീര്‍ക്കാനും വൈറസ്സിനെ ഉപയോഗിച്ചു. ഫ്രഞ്ച് ന്യൂസ് പേപ്പര്‍ കൊറോണ വൈറസ്സിനെ “യെല്ലോ പെരില്‍” (മഞ്ഞ അപകടം) എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഫേസ് മാസ്ക് ധരിച്ച് നില്‍ക്കുന്ന ചൈനീസ് യുവതിയുടെ ചിത്രത്തിന് അടുത്തായി ‘യെല്ലോ അലര്‍ട്ട്’ എന്നായിരുന്നു വലിയക്ഷരത്തില്‍ പത്രം എഴുതിപ്പിടിപ്പിച്ചിരുന്നത്. നിന്ദ്യമായ ഭാഷയില്‍ വൈറസ് ബാധയെ വ്യാഖ്യാനിച്ച പത്രത്തിനെതിരെ നിരവധി ആരോപണങ്ങളാണ് പിന്നീട് ഉണ്ടായത്.

പാശ്ചാത്യരാജ്യങ്ങളിലുള്ള, കിഴക്കന്‍ ഏഷ്യന്‍ വംശജരെ ലക്ഷ്യമിട്ടുകൊണ്ടുള്ള വംശീയതയിലധിഷ്ഠിതമായ പദപ്രയോഗമാണ് യെല്ലോ പെരില്‍ എന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്ക കാലത്ത് അമേരിക്കയിലേക്കുള്ള ചൈനീസ് കുടിയേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പ്രയോഗത്തില്‍ വന്ന ഈ വാക്ക് ഏഷ്യന്‍ വിരുദ്ധ മനോഭാവം ചൂണ്ടിക്കാട്ടുന്നു.

അന്നത്തെ യുഎസ് ഭരണകൂടവും പോപ്പ് സംസ്കാരവും ചൈനീസ് ജനതയെ, അശുദ്ധമായും, അപരിഷ്കൃതരായും, ദുര്‍മാര്‍ഗ്ഗികളുമായാണ് ചിത്രീകരിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. അതിന്റെ ബാക്കിപത്രങ്ങളാണ് നാം ഇന്നും കാണുന്നത്.

പ്രസ്തുത പത്രം പിന്നീട് ക്ഷമാപണവുമായി മുന്നോട്ട് വന്നെങ്കിലും, കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ ചൈനീസ് വിരുദ്ധ വംശീയ പ്രചാരണങ്ങള്‍ ഏറെ നടക്കുന്നു എന്ന വസ്തുത വെളിപ്പെടുകയായിരുന്നു.

(screen grab, copyrights: BBC)

യുഎസ്, കാനഡ, ബ്രിട്ടണ്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഏഷ്യന്‍ വംശജര്‍ കൊറോണ വൈറസ്സിന്റെ അനിയന്ത്രിത വ്യാപനത്തിനു പിന്നാലെ സ്കൂളിലും, ജോലി സ്ഥലങ്ങളിലും, പൊതു ഇടങ്ങളിലും അനുഭവിച്ച വംശീയ അതിക്രമങ്ങളും നമ്മള്‍ കണ്ടതാണ്.

ബ്രിട്ടീഷ്-ചൈനീസ് വംശജനായ ഒരു പത്രപ്രവര്‍ത്തകന്‍, ഒരു ബസ് യാത്രയെപ്പറ്റി ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയിട്ടുണ്ട്, “താന്‍ ബസ്സില്‍ കയറി ഇരുന്നപ്പോള്‍ അടുത്തിരുന്ന വ്യക്തി എഴുന്നേറ്റ് പോയി” എന്ന്. ലണ്ടനില്‍ വച്ചായിരുന്നു അദ്ദേഹത്തിന് ഈ അനുഭവമുണ്ടായത്.

കാനഡയില്‍ ഒരു സ്കൂളില്‍ ചൈനീസ് വംശജരായ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. കൊറോണ വൈറസിന്റെ വ്യാപനം പരിഭ്രാന്തി സൃഷ്ടിച്ചപ്പോള്‍ വംശീയ അധിക്ഷേപങ്ങളെയും ആരോപണങ്ങളെയുമാണ് ലോകം കൂട്ടുപിടിച്ചത് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

യെല്ലോ പെരില്‍ കാലഘട്ടത്തില്‍ ചൈനീസ് കുടിയേറ്റക്കാരെ കൊന്നൊടുക്കല്‍, വംശീയ അതിക്രമങ്ങള്‍, വ്യവസ്ഥാപരമായ വിവേചനം എന്നിവയ്ക്ക് പുറമെ ചൈനീസ് കുടിയേറ്റക്കാരെ നിരോധിക്കുന്ന നിയമ നടപടികളിലേക്ക് വരെ ഈ വംശീയ വിരുദ്ധ നടപടികള്‍ അമേരിക്കയെ നയിച്ചു.

ചൈനീസ് എക്സ്ക്ലൂഷന്‍ ബില്‍ പാസായപ്പോള്‍ യുഎസില്‍ ഒരു പ്രമുഖ ദിനപത്രം നല്‍കിയ വാര്‍ത്ത (Screen grab, Copyrights: Quora)

എന്നാല്‍ ഇത്തവണ ചൈനീസ് വിരുദ്ധ വംശീയ ചിന്താഗതികള്‍, പാശ്ചാത്യ ലോകവും കടന്ന് മറ്റ് കോണുകളിലേക്കുമെത്തി. വിയറ്റ്നാമില്‍ റസ്റ്റോറന്റുകള്‍ക്ക് പുറത്ത് “നോ ചൈനീസ്”(ചൈനക്കാര്‍ പാടില്ല) എന്ന ബോര്‍ഡുകള്‍ വയ്ക്കുന്ന അവസ്ഥ വരെ സംജാതമായി.

വിയറ്റ്നാമില്‍ ഒരു റസ്റ്റോറന്‍റിനു പുറത്ത് വച്ച ബോര്‍ഡ് (screen grab, copyrights: CNN)

കടകളില്‍ ചൈനീസ് ഉപയോക്താക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും പതിപ്പിച്ചു.

വിയറ്റ്നാമില്‍ ഒരു നെയില്‍ ബാറിനു മുന്നില്‍ വച്ച ബോര്‍ഡ് (Screen grab, copyrights: CNN)

വംശീയ അതിക്രമത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളും വന്‍ തോതില്‍ ഉപയോഗിക്കപ്പെട്ടു. യുഎസ്സിലെ പ്രമുഖ ടെലിവിഷന്‍ അവതാരകന്‍ ജെയിംസ് കോര്‍ഡന്‍, കൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ്സിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചപ്പോള്‍ “ബ്രേക്കിങ്ങ്:ജെയിംസ് കോര്‍ഡന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു” എന്നായിരുന്നു ഒരു അഭ്യുദയകാംക്ഷി ട്വീറ്റ് ചെയ്തത്. ആ പോസ്റ്റിന് 25,000 ലൈക്കുകള്‍ ലഭിച്ചെങ്കിലും അതിനു പുറകിലെ വംശീയ അധിക്ഷേപത്തിന്റെ ആഴം വളരെ വലുതാണ്. 

ജെയിംസ് കോര്‍ഡന്‍, കൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ്സിനൊപ്പം (Screen grab, copyrights: imdb.com)

ആരോപണം പേറുന്ന ചൈനീസ് ഭക്ഷണങ്ങള്‍ 

ചൈനീസ് ഭക്ഷണ രീതികള്‍ സംബന്ധിച്ച ഭയപ്പെടുത്തുന്ന ആരോപണങ്ങളാണ് കൊറോണയോടൊപ്പം അതേ വേഗത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചത്. കൊറോണ വൈറസ്സിന്റെ ഉത്ഭവം രേഖപ്പെടുത്തിയ വൂഹാന്‍, മത്സ്യ മാംസാദികളുടെ(പ്രത്യേകിച്ചും വന്യ മൃഗങ്ങളുടെ) വിപണന കേന്ദ്രമാണെന്നത് ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി.

“എലികളെയും, പാമ്പുകളെയും, വാവലുകളെയും ഭക്ഷിക്കുന്ന ചൈനക്കാര്‍ ലോകത്തെ മുഴുവന്‍ കൊറോണ ഭീതിയിലാഴ്ത്തി” തുടങ്ങിയ ട്വീറ്റുകള്‍ തരംഗമായിരുന്നു.

ഒരു ചൈനീസ് ട്രാവല്‍ വീഡിയോ ബ്ലോഗര്‍ വവ്വാല്‍ സൂപ്പു കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പസഫിക് ദ്വീപുകളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണെന്നു കാണിച്ച്, വൂഹാനുമായോ, കൊറോണയുമായോ യാതൊരു ബന്ധവുമില്ലാത്ത ആ വ്ലോഗര്‍ പാശ്ചാത്യ ലോകത്തിനു മുന്നില്‍ മാപ്പു പറയുകയാണുണ്ടായത്.

(Screen grab, Copyrights: Nature World News)

എന്നാല്‍, ചൈനയില്‍ വന്യജീവികളെ ഭക്ഷണമാക്കുന്നത് ചില വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണെന്നും, ഭൂരിപക്ഷം പേരും ചിക്കന്‍, പോര്‍ക്ക് പോലുള്ള ഭക്ഷണങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്നതാണ് വസ്തുത. ഈ അവസരത്തില്‍ ചൈനീസ് ഭക്ഷണത്തോടുള്ള പാശ്ചാത്യരുടെ വെറുപ്പ് ‘യൂറോസെന്‍ട്രിക്’ ആണ്.

അതേ സമയം, വന്യമൃഗങ്ങളുടെ വ്യാപാരം നിര്‍ത്തലാക്കാന്‍ ചൈനയ്ക്ക് സാധിക്കാത്തത് ഇത്തരത്തിലുള്ള ആരോപണങ്ങളെ ഊട്ടിയുറപ്പിക്കുന്നുമുണ്ട്.

2003 ല്‍ സാര്‍സ്(സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) വ്യാപിച്ചപ്പോള്‍ അതിന്റെ പ്രഭവ കേന്ദ്രം സിവറ്റ് പൂച്ചയാണെന്ന് പഠനങ്ങള്‍ ഉണ്ടായതാണ്. ഇതിനു പിന്നാലെ വന്യജീവികളെ വില്‍ക്കുന്നതും വാങ്ങുന്നതും നിയന്ത്രിച്ചുകൊണ്ട് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഉണ്ടായിരുന്നു. എന്നാല്‍, കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വിമുഖതകാട്ടുകയാണ്. ഈ പരിഗണനയുടെ മറവിലാണ് അനധികൃതമായി വന്യജീവികളുടെ മാംസങ്ങള്‍ വില്‍ക്കപ്പെടുന്നത്.

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിന്റെ സാംസ്കാരിക പ്രാധാന്യം ഈ രീതികള്‍ അവസാനിപ്പിക്കാന്‍ സമ്മതിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം. ഈ വന്യമൃഗങ്ങളിൽ പലതിലും പ്രധാനപ്പെട്ട ഔഷധഗുണങ്ങളുണ്ടെന്ന് അവര്‍ വാദിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ വൃത്തിയുടെയും, പരിഷ്കാരത്തിന്റെയും പേരില്‍ ചൈനീസ് ജനതയെ രണ്ടാംകിടക്കാരാക്കുമ്പോള്‍ അവര്‍ മുറുകെപ്പിടിക്കുന്നത്, ആഴത്തില്‍ ഇറങ്ങി നില്‍ക്കുന്ന സാംസ്കാരിക തനിമകളാണ്.

#iam not a virus

1800 കളില്‍ കൂലി ട്രേഡ് പ്രചാരത്തിലുള്ള കാലത്ത്, കൊളോണിയല്‍ ശക്തികള്‍ ചൈനീസ് തൊഴിലാളികളെ ചൂഷണം ചെയ്യുകയും, വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിപ്പിക്കുകയും ചെയ്തു. സാഹചര്യം മാറിയെങ്കിലും, അന്നത്തെ അവസ്ഥകള്‍ അവരുടെ ജീവിത രീതികളെ കാര്യമായി സ്വാധീനിച്ചു. പീന്നീട് രോഗവാഹകരാണെന്ന് അവരെ ചാപ്പകുത്തിയതും ഇതേ കോളോണിയല്‍ ശക്തികള്‍ തന്നെ.

ഇരുപതാം നൂറ്റാണ്ടിലേക്ക് കടന്നപ്പോഴും, ബ്രിട്ടീഷ് നോവലുകളും, കോമിക് പുസ്തകങ്ങളും, പത്രമാധ്യമങ്ങളും ചൈനക്കാരെ ‘other’ അല്ലെങ്കില്‍ യെല്ലോ മാന്‍ എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. പാശ്ചാത്യരെ നശിപ്പിച്ച് ലോകം കീഴടക്കാന്‍ ശ്രമിക്കുന്നവരായായിരുന്നു അവരെ ചിത്രീകരിച്ചത്.

ബ്രിട്ടീഷ് എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ ഫ്രെയ്ലിങ്ങിന്‍റെ പുസ്തകം ‘ദ യെല്ലോ പെരില്‍’ (screen grab, copyrights : Amazone.in)

നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ വംശീയ വേര്‍തിരിവിന് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. യുഎസ്-ചൈന വ്യാപാര യുദ്ധം, ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഹുവാവെയെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകൾ, അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ചൈനീസ് ചാരന്മാരെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ എന്നിവ പാശ്ചാത്യ ലോകം ചൈനയെ മുന്‍പത്തേതിനെക്കാള്‍ സന്ദേഹത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു.

ഫ്രഞ്ച് പത്രത്തിലെ യെല്ലോ പെരില്‍ എന്ന പ്രസ്താവനയ്ക്കു പിന്നാലെ #JeNeSuisPasUnVirus (#iam not a virus) എന്ന ക്യാമ്പെയിന്‍ ആരംഭിക്കുകയായിരുന്നു ചൈനീസ് ജനത. പേപ്പറിലും ഹാര്‍ഡ് ബോര്‍ഡിലും, ഞാന്‍ വൈറസ്സല്ല എന്ന് എഴുതികാണിച്ചുകൊണ്ടായിരുന്നു ക്യാമ്പെയിന്‍.

വൈറസിനൊപ്പം പടരുന്ന വെറുപ്പും വിദ്വേഷവും

“കുറ്റം പറയാന്‍ എളുപ്പമാണ്, പ്രശ്നങ്ങള്‍ രാഷ്ട്രീയവത്കരിക്കാന്‍ എളുപ്പമാണ്, എന്നാല്‍ അവ ഒരുമിച്ച് നിന്ന് നേരിടാനും പരിഹാരം കാണാനുമാണ് പ്രയാസം” കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍, രാജ്യങ്ങള്‍ പരസ്പരം വിദ്വേഷ, പ്രചാരണങ്ങൾ നടത്തുന്നതിനെ അപലപിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞ വാക്കുകളാണിവ.

വൈറസ് വ്യാപനത്തെ കുറിച്ചുള്ള അനാവശ്യ ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റിടങ്ങളിലുമുള്ള ഏഷ്യന്‍ വംശജര്‍ വംശീയ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോഴാണ് ലോക നേതാക്കളോട് ഗെബ്രിയേസസ് ഇങ്ങനെ ആഹ്വാനം ചെയ്തത്.

ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ലോകാരോഗ്യ സംഘടന, ഡയറക്ടര്‍ ജനറല്‍ (screen grab, copyrights: CNBC)

“ഇപ്പോള്‍ ലോകം നേരിടുന്ന ഈ സാഹചര്യത്തില്‍ നിന്ന് നാം എല്ലാവരും വലിയ പാഠങ്ങള്‍ പഠിക്കും. എന്നാല്‍, ഇത് രാഷ്ട്രീയവത്കരണത്തിനോ മുതലെടുപ്പിനോ ഉള്ള സമയമല്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊവിഡ് 19 വ്യാപനം രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടരുകയാണ്. അടിയന്തര നിര്‍ദ്ദേശങ്ങളും അസാധാരണ നടപടികളുമായി ലോക രാജ്യങ്ങള്‍ വൈറസ് ബാധ തടയാനുള്ള ശ്രമത്തിലാണ്. ഇറ്റലിയില്‍ മുഴുവന്‍ ജനതയോടും വീടുകളില്‍ തന്നെ കഴിയാനും പുറത്തിറങ്ങാതിരിക്കാനും പ്രധാനമന്ത്രി ജുസെപ്പെ കോന്‍തെ ആഹ്വാനം ചെയ്തിരുന്നു.

‘ഇനി കൂടുതല്‍ സമയമില്ല. എല്ലാ നടപടികളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നമ്മുടെ ഭാവി നമ്മുടെ തന്നെ കൈയിലാണ്, ഞാന്‍ ഇനി വീട്ടിലായിരിക്കും. ഇറ്റലി മുഴവുന്‍ സംരക്ഷിത പ്രദേശമായിരിക്കും’ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പുതിയ ഉത്തരവ് ലംഘിച്ചാല്‍ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.

വടക്കന്‍ ഇറ്റലിയിലെ ലംബാര്‍ഡിയ എന്ന നഗരവും സാമ്പത്തിക തലസ്ഥാനമായ മിലാനുമാണ് ഇന്നലെ പൂര്‍ണ്ണമായും അടച്ചത്. ഭരണകൂടത്തിന്റെ ഉത്തരവ് വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വൈറസ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച സൗത്ത് കൊറിയയില്‍‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറവാണ്. രാജ്യവ്യാപകമായി 190,000 ഓളം സ്ക്രീനിങ്ങ് ടെസ്റ്റുകളാണ് സൗജന്യമായി നടത്തിയത്.

അതിനിടെ ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിന് കൊറോണ ബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നു. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് വ്യക്തമാക്കി നദീന്‍ ഡോറിസ് തന്നെ പത്രക്കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു.

നദീന്‍ ഡോറിസ്(Screen grab, copyrights: Mirror)

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും, വൈറസ് ബാധ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ ബ്രിട്ടണില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. ഈ നിയമം സംബന്ധിച്ച് രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി കുഴഞ്ഞു വീണിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്.

ബ്രിട്ടണില്‍ നിലവില്‍ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇറാനില്‍ മാത്രം ഇന്നലെ 54 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 291 ആയി ഉയര്‍ന്നു. ഫ്രാന്‍‌സില്‍ അഞ്ചുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ മുപ്പതായി. മംഗോളിയയിലും പാനമയിലും ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം ചൈനീസ് പ്രധാനമന്ത്രി ഷി ജിങ് പിങ് സന്ദര്‍ശിച്ചിരുന്നു. 19 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 17 പേരും വൂഹാനില്‍ നിന്നുള്ളവരാണ്.

തുടര്‍ച്ചയായ മൂന്നാം ദിവസവും, വൂഹാന്‍ തലസ്ഥാനമായ ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസമേകുന്നു. രാജ്യത്തെ 80,754 രോഗികളിൽ 60,000 ത്തോളം പേർ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.