Sat. Apr 27th, 2024
തിരുവനന്തപുരം:

പെരിയ ഇരട്ടകൊലപാതക കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ  അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി. എന്നാൽ, ഇത്തരം  വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി. ഇതേതുടർന്ന്, നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം, പിന്നീട് സഭ ബഹിഷ്ക്കരിച്ച് ഇറങ്ങി പോയി. 

പെരിയ കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ തെളിവാണ് അഞ്ച് മാസമായി കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തതെന്നും ഇപ്പോൾ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റയാണ് ആഭ്യന്തര മന്ത്രി ചമഞ്ഞ് ഇരിക്കുന്നതെന്നും ഷാഫി ആരോപിച്ചു. സിപിഎം നേതാക്കളായ പെരിയ കൊലക്കേസ് പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഷാഫി ആരോപിച്ചു. ഇതേ തുടർന്ന് ഉണ്ടായ വാക്കേറ്റത്തിൽ ഷാഫിയുടെ പരാമർശം തോന്ന്യാസമാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. കൂടാതെ, മന്ത്രി ഇപി ജയരാജൻ ഷാഫിയെ കള്ള റാസ്കൽ എന്ന വിളിച്ചുവെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

 

By Arya MR