Fri. Apr 19th, 2024
ഹരിപ്പാട്:

മലേഷ്യയിൽ തൊഴിലുടമയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായ ഹരിപ്പാട് സ്വദേശി ഹരിദാസന്‌ ഒടുവിൽ മോചനം. ഹരിദാസൻ മലേഷ്യയിൽ നിന്ന് ചെന്നൈയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ ആറ് മാസമായി വേതനം നൽകാതിരുന്ന തൊഴിലുടമയോട് ശമ്പളം ചോദിച്ചതിനാണ് ഹരിദാസൻ കൊടിയ പീഡനങ്ങൾക്ക് ഇരയായത്. ദേഹമാസകലം പൊള്ളിപ്പിക്കുകയും, ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും, ഭക്ഷണവും, മരുന്നും നൽകാതെ കെട്ടി നിർത്തിയ നിലയിലുള്ള ഹരിദാസന്റെ ചിത്രങ്ങളും മറ്റും സുഹൃത്ത് നാട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് ഈ ക്രൂരത പുറംലോക അറിയുന്നത്. ഹരിപ്പാട് എംഎൽഎയും, പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് ഇന്ത്യൻ എംബസിയെയും കൊണ്ട് മലേഷ്യയെ ബന്ധപ്പെടുവിച്ച് ഹരിദാസനെ മോചിപ്പിച്ചത്. 

കഴിഞ്ഞ മൂന്ന് മാസമായി ഹരിദാസന്‌ വീട്ടുകാരുമായി ബന്ധപ്പെടാനുള്ള അവസരം പോലുമില്ലായിരുന്നു. ഒരാഴ്ചയോളം നിന്നുകൊണ്ട് ഉറങ്ങുകയായിരുന്നു ഇയാളെന്ന് ഭാര്യ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹരിദാസന്റെ പാസ്പോർട്ടും മറ്റ് രേഖകളും തൊഴിലുടമയുടെ കൈവശമായതിനാൽ ഇയാൾക്ക് തിരികെ വരാനുള്ള വഴികളും അടഞ്ഞിരുന്നു. നാല് വർഷം മുൻപാണ് ചെന്നൈയിലെ ഒരു ഏജൻസി വഴി ബാർബർ ജോലിയ്ക്കായി ഹരിദാസൻ മലേഷ്യക്ക് പോയത്.

 

By Arya MR